സിംഹാസനം
അദ്‌നാന്‍ സായഗ്
വിവ: ഡോ. അബ്ദുല്‍ ഗഫൂര്‍ പി.ടി
തന്റെ സൈന്യം ശത്രുസേനയാല്‍ വളയപ്പെട്ടിരിക്കുന്നു.
കനത്ത പീരങ്കികളുടെ പ്രഹരത്താല്‍
കൊട്ടാരച്ചുമരുകള്‍ പ്രകമ്പനം കൊള്ളുന്നു.
എല്ലാംകണ്ട് ഭയചകിതനായ രാജാവ് അലറി:
എവിടെ എന്റെ പടക്കുതിരകള്‍?
അവ ചത്തുപോയി പ്രഭോ!
എവിടെ എന്റെ മന്ത്രിവര്യന്‍?
യുദ്ധം തുടങ്ങിയപ്പോഴേക്കും
അങ്ങയുടെ ഭാര്യയുമൊത്ത് ഓടിപ്പോയി പ്രഭോ!
തന്റെ സുവര്‍ണകിരീടം ശിരസിലുണ്ടെന്നുറപ്പുവരുത്തി
തൊണ്ടയില്‍ കുരുങ്ങിയ ശബ്ദം വീണ്ടെടുത്ത്
ചുണ്ടുകളില്‍ ചെറുചിരിപതിപ്പിച്ച് വീണ്ടും പറഞ്ഞു:
എന്റെ നല്ലവരായ പ്രജകളെവിടെ?
വര്‍ഷങ്ങളായി അവര്‍ ഒന്നും മിണ്ടുന്നില്ലല്ലോ?!
സിംഹാസനത്തിനിരുവശവും നില്‍ക്കുന്നവര്‍ക്ക്
ചിരിയടക്കാനായില്ല:
ഞങ്ങളെ ഓര്‍ക്കാന്‍ അങ്ങ് ഒരുപാട് വൈകി പ്രഭോ!
പുതിയ രാജാവിനായി കൈയ്യടിക്കുകയല്ലാതെ
ഞങ്ങളിനി എന്തുചെയ്യാന്‍?!
അദ്‌നാന്‍ സായഗ്
1955ല്‍ കൂഫയില്‍ ജനിച്ച അദ്‌നാന്‍ സായഗ് എണ്‍പതുകളിലെ ഇറാഖി കവിതാപ്രസ്ഥാനത്തിന്റെ ഏറ്റവും ശ്രദ്ധേയവും ശക്തവുമായ ശബ്ദമായിമാറി. സ്‌നേഹം, സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ മാനുഷിക മൂല്യങ്ങളോടുള്ള തീവ്രമായ അഭിനിവേശം തന്റെ എഴുത്തിന്റെ മുഖമുദ്രയാക്കി. നിലയ്ക്കാത്ത യുദ്ധത്തിന്റെ കെടുതികളും മാറിവരുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ഭീകരതയും മൂര്‍ച്ചയുള്ള വാക്കുകളാല്‍ തന്റെ കവിതകളില്‍ തുറന്നുകാട്ടിയതിനാല്‍ പലപ്പോഴും 'പലായനങ്ങളുടെ തോഴനായി' മാറേണ്ടിവന്നു. 1993ല്‍ ജന്മനാട് വിട്ട് അമ്മാനിലേക്കും ശേഷം ബൈറൂത്തിലേക്കും താമസം മാറ്റിയ കവി 1996ല്‍ സ്വീഡനില്‍ അഭയം തേടി.
'സ്വീഡിഷ് റൈറ്റേഴ്‌സ് യൂണിയന്‍', 'എക്‌സൈല്‍ഡ് റൈറ്റേഴ്‌സ് ഇങ്ക്' തുടങ്ങി വിവിധ അന്താരാഷ്ട്ര കൂട്ടായ്മകളില്‍ അംഗമാവുകയും 'റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ കവിതാ അവാര്‍ഡ്' (1997), 'സ്വീഡിഷ് റൈറ്റേഴ്‌സ് അസോസിയേഷന്‍ അവാര്‍ഡ്' (2005) തുടങ്ങി നിരവധി അന്തര്‍ദേശീയ അവാര്‍ഡുകള്‍ക്ക് അര്‍ഹനാവുകയും ചെയ്ത കവി 2004 മുതല്‍ ലണ്ടനില്‍ പ്രവാസജീവിതം നയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."