ഷിന്‍ജിയാങ്ങിലെ തടങ്കല്‍ പാളയത്തിനുള്ളില്‍
മേഘ രാജഗോപാലന്‍
പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട കസാഖിസ്ഥാന്റെയും ചൈനയുടെയും അതിര്‍ത്തിയിലുള്ള മംഗോള്‍കുറേ എന്ന വിദൂര പ്രദേശത്തിന് പറയാന്‍ ഏറെ രഹസ്യങ്ങളുണ്ട്. ആയിരക്കണക്കിനുവരുന്ന മുസ്‌ലിം ന്യൂനപക്ഷജനതയെ തടങ്കലില്‍വയ്ക്കാന്‍ തക്കപ്രാപ്തിയുള്ള ഹൈടെക്കായ വലിയ തടങ്കല്‍പ്പാളയം അവിടെയാണ്. ചൈനയുടെ കീഴിലുള്ള മംഗോള്‍കുറേയില്‍ 2017 മുതല്‍ ഈ തടങ്കല്‍പ്പാളയം ഉയര്‍ന്നുവന്നു. ചുറ്റോടുചുറ്റും വലിയ പര്‍വതനിരകളാണ് മംഗോള്‍കുറേയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത. അതുകൊണ്ടുതന്നെ ലോകത്തിന്റെ ശ്രദ്ധയില്‍ നിന്നെല്ലാം ഒളിച്ചാണ് ചൈന ഈ നിര്‍മിതി നടത്തിക്കൊണ്ടിരുന്നത്. എന്തിനധികം പറയുന്നു, ചൈനയുടെ ബൈദു മാപ്പില്‍ വരുന്ന സാറ്റലൈറ്റ് ചിത്രങ്ങളില്‍ പോലും ഈ തടങ്കല്‍പ്പാളയം എഡിറ്റ് ചെയ്തു കളഞ്ഞിരിക്കുകയാണ്. തടങ്കല്‍ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഇരകളുടെ അനുഭവസാക്ഷ്യം മാത്രമാണ് ഭീകരമായ ആ കെട്ടിടത്തെയും അവിടെ അരങ്ങേറുന്ന ക്രൂരതയുടെയും നേര്‍ചിത്രം നമ്മളിലെത്തിക്കുന്നത്.
മംഗോള്‍കുറേയിലെ
സൂര്യാസ്തമയം
തന്റെ കര്‍ഷകരായ മാതാപിതാക്കളോടൊപ്പം മംഗോള്‍കുറേയിലാണ് ഉലന്‍ വളര്‍ന്നുവലുതായത്. നന്നായി ചൈനീസ് ഭാഷ സംസാരിക്കുന്ന ഉലന്റെ മാതൃഭാഷ കസാഖ് ആണ്. കൗമാരക്കാലത്ത് അമേരിക്കന്‍ ഹിപ്പ്‌ഹോപ്പ് ഗാനങ്ങളുടെ ആരാധകായിരുന്നു ഉലന്‍. തുപാക് ഷാകുറിന്റെ റാപ്പ് ഗാനങ്ങള്‍ മടുപ്പില്ലാതെ മണിക്കൂറുകള്‍ കേട്ടിരിക്കുമായിരുന്നു ഉലന്‍. ഹിപ്പ്‌ഹോപ്പ് ഗാനങ്ങളിലെ വരികളിലൂടെ താന്‍ സ്‌നേഹിച്ച അമേരിക്കയില്‍ പോയി പഠിക്കണമെന്നായിരുന്നു ഉലന്റെ ആഗ്രഹമെങ്കിലും നന്നായി കസാഖ് ഭാഷയും ആ നാടും ഉലന് സുപരിചിതമായിരുന്നതിനാല്‍ കസാഖിസ്ഥാനില്‍ തന്നെ ബിരുദം പൂര്‍ത്തിയാക്കുന്നതായിരുന്നു ഉലന് എളുപ്പം. തുടര്‍ന്നുള്ള പഠനത്തിന് അമേരിക്കയാവാമല്ലോയെന്നും ഉലന്‍ കരുതി. 2014ല്‍ ബിരുദ പഠനത്തിനായി ഉലന്‍ കസാഖിലെത്തി. 2017ല്‍ ജന്മസ്ഥലമായ മംഗോള്‍കുറേയിലേക്ക് തിരിച്ച ഉലന്‍ ഖോര്‍ഗോസിലെ കരയതിര്‍ത്തി കടക്കവേ, പാസ്‌പോര്‍ട്ട് ചൈനീസ് എമിഗ്രേഷന്‍ അധികൃതര്‍ക്ക് കൈമാറിയതോടെ ഞെട്ടിപ്പോയി. തന്റെ പാസ്‌പോര്‍ട്ട് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി ഉലന്‍ ആദ്യമായി അറിയുകയായിരുന്നു. ഉലന്‍ ഉടന്‍തന്നെ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കപ്പെട്ടു. വര്‍ഷങ്ങള്‍ നീണ്ട സമാനതകളില്ലാത്ത തടവ്. മംഗോള്‍കുറേയിലെ തടങ്കല്‍പാളയത്തിലേക്കാണ് ഉലന്‍ അയക്കപ്പെട്ടത്.
2006- 2010 കാലഘട്ടത്തില്‍ പണിതതായിരുന്നു ആ തടങ്കല്‍പ്പാളയം. ഉലന്‍ ഒരാള്‍ മാത്രമായിരുന്നില്ല ആ പടുകൂറ്റന്‍ തടങ്കല്‍ പാളയത്തിലെ ഇരകള്‍. 2016 അവസാനത്തോടെയാണ് ചൈന വലിയതോതില്‍ ജനങ്ങളെ തടങ്കലിലാക്കലും ബന്തവസ്സുമൊക്കെ കടുപ്പിച്ചത്. പ്രദേശത്തെ തീവ്രചിന്തകള്‍ ഇല്ലാതാക്കാനും തീവ്രവാദം പറിച്ചെറിയാനുമെന്നൊക്കെയാണ് ചൈനീസ് സര്‍ക്കാരിന്റെ വാദം. സിന്‍ജിയാങ്ങിലെ ദശലക്ഷക്കണക്കിന് വരുന്ന ഇസ്‌ലാം മതസ്ഥരായ ഉയ്ഗുറുകള്‍ക്ക് സ്വന്തമായ രാജ്യം വേണമെന്ന് വാദിക്കുന്ന ഛിദ്രശക്തികള്‍ ഉണ്ടെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനീസ് ഭരണകൂടം പറയുന്നത്. ഇവിടെ ഒരു കാര്യം വ്യക്തമാകുന്നത്, നിരവധി എത്‌നിക് സംസ്‌കാരങ്ങളെയും ഇസ്‌ലാം മതാചാരങ്ങളെയുമെല്ലാം ഇല്ലാതാക്കാനാണ് ചൈനീസ് ഭരണകൂടം ഇതെല്ലാം ചെയ്യുന്നത് എന്നാണ്. തട്ടമിടുന്നതും മത വിദ്യാഭ്യാസം നേടുന്നതും ചൈനയില്‍ ക്രിമിനല്‍ കുറ്റമാണ്.
മംഗോള്‍കുറേ ഏറെക്കുറെ കൃഷിയോഗ്യമായ സ്ഥലമാണ്. പ്രധാന നഗരത്തില്‍ ബാങ്കും റസ്റ്റോറന്റുകളും പോസ്‌റ്റോഫിസും ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളുമൊക്കെയുണ്ട്. ഗോതമ്പും ഉരുളക്കിഴങ്ങുമൊക്കെയാണ് അവര്‍ കൃഷിചെയ്യുന്നത്. ആപ്പിള്‍കൃഷിക്ക് അനുയോജ്യമായ ഒരു കാലാവസ്ഥയല്ല മംഗോള്‍കുറേയിലേത്; അത്രയേറെ തണുപ്പാണ്. ആദ്യകാലത്തൊക്കെ കസാഖ് പേരുകളില്‍ അറിയപ്പെട്ടിരുന്ന സ്‌കൂളുകള്‍ക്ക് വരെ ചൈന അവരുടെ പേരുനല്‍കിയിരിക്കുന്നു. ഉലന്‍ ഒരിക്കലും കരുതിക്കാണില്ല താന്‍ കേട്ടു പ്രണയിച്ച ഗാനങ്ങളിലെ ഒരു ന്യൂനപക്ഷമായി താനും തന്റെ നാട്ടുകാരും മാറുമെന്ന്. പഠിച്ച സ്‌കൂളിലോ, വീടിനടുത്തുള്ള പൊലിസ് സ്റ്റേഷനിലോ, സര്‍ക്കാരുദ്യോഗസ്ഥരോ തങ്ങളോട് യാതൊരു വിവേചനവും കാണിച്ചിട്ടില്ല. കാരണം അവരില്‍ 90 ശതമാനവും കസാഖുകാരായിരുന്നു. 2008 മുതലാണ് ഹാന്‍ ചൈനീസ് കുടുംബങ്ങള്‍ മംഗോള്‍കുറേയിലേക്ക് താമസം മാറ്റിത്തുടങ്ങിയത്. പിന്നീടിങ്ങോട്ട് ഇവിടുത്തെ സംസ്‌കാരം തന്നെ മാറിപ്പോയി. ഇന്നിവിടെ നിരനിരയായി ചൈനീസ് റസ്‌റ്റോറന്റുകള്‍ ഉണ്ട്, ഹോട്ട് പോട്ടും ബീഫ് ന്യൂഡില്‍ സൂപ്പും ഒക്കെ കിട്ടുന്ന റസ്റ്റോറന്റുകള്‍.
ചൈനയുടെ 'പഠനകേന്ദ്രങ്ങള്‍'
പതിമൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള കെട്ടിടമാണ് മംഗോള്‍കുറേയിലെ തടങ്കല്‍പ്പാളയം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ന്യൂനപക്ഷങ്ങളെയും എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്താന്‍ നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ നിര്‍മിതിയാണ് ഇത്. ചൈനീസ് അധികൃതരുടെ ഭാഷ്യത്തില്‍ ഇത് തൊഴില്‍രഹിതരെ തൊഴില്‍ പഠിപ്പിക്കാനും അവര്‍ക്ക് പഠനത്തിനുമുള്ള കേന്ദ്രങ്ങള്‍. ആദ്യകാലത്ത് വെറും 300 പേരെ ഉള്‍ക്കൊള്ളാന്‍ മാത്രം കഴിഞ്ഞിരുന്ന കെട്ടിടത്തില്‍ ഇന്ന് 3,700 പേരെ പാര്‍പ്പിക്കാനാവും. ഉയ്ഗുര്‍ മുസ്‌ലിംകള്‍, ഖസാക്കുകള്‍, മറ്റുള്ളവര്‍ തുടങ്ങി പത്തുലക്ഷത്തോളം തടവുകാരെ ഷിന്‍ജിയാങ്ങില്‍ പരസ്യമായി തടങ്കലില്‍ വച്ചിരുന്ന ചൈന, അവരെ മോചിപ്പിച്ചു എന്നു പറയുന്നുണ്ടെങ്കിലും, ഇപ്പോഴും വിദൂരതയില്‍ ഒരു വലിയ തടങ്കല്‍ പാളയം തയ്യാറായിക്കൊണ്ടിരിക്കുകയാണ് എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇതുവരെ ഈ തടങ്കല്‍പ്പാളയത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പുറംലോകത്തിന് അറിയില്ലെന്ന് പറഞ്ഞില്ലേ, അതിന്റെ ഒരു കാരണം അധികൃതര്‍ ഇരകളില്‍ ചെലുത്തുന്ന ഭീകര സമ്മര്‍ദമാണ്.
തടങ്കല്‍പ്പാളയത്തില്‍നിന്നു മോചിതരായ ഇരകള്‍ ഏറെപ്പേരുടെയും കുടുംബം ഇന്നും സിന്‍ജിയാങ്ങിലാണ് താമസം, അതും ഭരണകൂടത്തിന്റെ കനത്ത നിരീക്ഷണത്തില്‍. വീണ്ടും തടവിലാക്കപ്പെട്ടേക്കാം എന്ന ഭയവും ഇവരെ സദാ അലട്ടുന്നു. തങ്ങള്‍ക്കു ചുറ്റുമുള്ള മുസ്‌ലിം കുടുംബങ്ങളോട് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത് കാണുന്നവര്‍ പ്രത്യേകിച്ചും ഭയചകിതരാണ്. തടങ്കലില്‍ കഴിഞ്ഞിരുന്നവര്‍ക്ക് തങ്ങള്‍ എവിടെയാണ് കഴിഞ്ഞിരുന്നത് എന്നു പോലും അറിയില്ല. കണ്ണുകെട്ടി ഒരു കെട്ടിടത്തില്‍ നിന്നു മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റപ്പെടുമ്പോള്‍ എങ്ങനെ സ്ഥലകാലബോധം ഉണ്ടാവാനാണ്.
മുന്‍കാല തടവുകാരായിരുന്ന മൂന്നു കസാഖുകള്‍ രാജ്യം വിട്ടതോടെയാണ് മംഗോള്‍കുറേയിലെ തടങ്കല്‍ പാളയത്തെക്കുറിച്ച് കൂടുതല്‍ വിവരം ലേകത്തിന് കിട്ടിത്തുടങ്ങിയത്. സ്വന്തം പേരുപോലും വെളിപ്പെടുത്താതെയാണ് തങ്ങള്‍ അനുഭവിച്ച ക്രൂരതകള്‍ അവര്‍ വെളിപ്പെടുത്തിയത്. മാതൃഭാഷയായ കസാഖ് സംസാരിച്ചതിനുപോലും ക്രൂരമായ മര്‍ദനമാണ് മൂവരും സഹിച്ചത്. ഓരോ സെല്ലുകളും ഹാളുകളും ക്ലാസ് മുറികളും എല്ലാം മൈക്രോഫോണുകളും കാമറകളുംകൊണ്ട് ബന്ധിതമാണ്. ഓരോ ചലനങ്ങളും സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. തടവുകാര്‍ നിവര്‍ന്ന് തലകുമ്പിട്ടിരിക്കണം, ഭക്ഷണം കഴിക്കാനോ വായിക്കാനോ ആണെങ്കിലും ഉദ്യോഗസ്ഥന്റെ മുന്നിലായാലും അങ്ങനെത്തന്നെ. നിലത്ത് വരച്ച വരയിലൂടെയല്ലാതെ ഒരു തടവുകാരനും ഹാള്‍ വിട്ടുപോകാനാവില്ല. ജനലിലൂടെ പുറത്ത് ആകാശം നോക്കാന്‍ പാടില്ല, നോക്കിപ്പോയാല്‍ ക്യാമറയിലൂടെ അത് നിരീക്ഷിച്ച് പിന്നെ ക്രൂരമര്‍ദനമാണ്. ഒരു കാന്റീന്‍ ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും അത് അവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കുള്ളതാണ്. തടവുകാര്‍ക്ക് ലഭിക്കുന്ന ഭക്ഷണം അവര്‍ കഴിച്ചുള്ളതിന്റെ ബാക്കി ചൂടാക്കിയതാണ്. ഒട്ടും ശുദ്ധ വായുവില്ല, തടവുമാത്രമെന്ന് മൂവരും നെടുവീര്‍പ്പിടുന്നു.
ആഴ്ചകളുടെ ഇടവേളയില്‍ ഒരിക്കല്‍ വ്യായാമം ചെയ്യാന്‍ കൊണ്ടുപോകും. ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ മര്‍ദനമാണ്. ആഴ്ചയില്‍ ഒരിക്കല്‍ ചോദ്യം ചെയ്യലാണ്. ഒരേ ചോദ്യം വീണ്ടും വീണ്ടും ചോദിക്കും. എന്തിനാണ് കസാഖില്‍ പോയത്, അവിടെ ആരെയെല്ലാം അറിയാം, അവരുടെ വ്യക്തിപരവും മതപരവുമായ വിശ്വാസങ്ങള്‍ എന്തൊക്കെയാണ് എന്നു തുടങ്ങിയ ചോദ്യങ്ങള്‍. കമ്യൂണിസ്റ്റ് കൂറ് തെളിയിക്കാന്‍ നിരന്തരം പ്രതിജ്ഞയെടുപ്പിക്കുക എന്നിവക്ക് പുറമെ, നന്നായി മാന്‍ഡറിന്‍ ചൈനീസ് അറിയുന്നവരെ പോലും ആ ഭാഷ അടിച്ചേല്‍പ്പിച്ചുപഠിപ്പിക്കല്‍ തുടങ്ങി നിരവധി പീഡനങ്ങള്‍. ഇരകളുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ തീവ്രതയനുസരിച്ച് യൂനിഫോം ഉണ്ട്. മൂന്നോ നാലോ പേരോ താമസിക്കേണ്ടിടത്ത് നിരവധി പേരെ ഉള്‍ക്കൊള്ളിച്ച് ക്ലസ്‌ട്രോഫോബിയ ഉണ്ടാക്കല്‍, മുറിയില്‍ ദേശീയ ഗാനത്തിന്റെ വരികള്‍ എഴുതിയൊട്ടിക്കല്‍, ദേശീയ പതാക തൂക്കിയിടല്‍.... ഇങ്ങനെ പോകുന്നു. അതായത് തടവുകാരെല്ലാം നിരന്തരം തങ്ങളുടെ പാര്‍ട്ടിക്കൂറും ദേശസ്‌നേഹവും തെളിയിച്ചുകെണ്ടേയിരിക്കേണ്ട അവസ്ഥ. രോഗികളെ ചികിത്സിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഉണ്ടങ്കിലും രോഗം ഗുരുതരമായി ചോരതുപ്പി മരിക്കാന്‍ ആവുന്നതുവരെ ആരെയും ഡോക്ടറുടെ അടുത്ത് കൊണ്ടുപോവുകയില്ല. ഒരിക്കല്‍ പോലും തങ്ങള്‍ പുറംലോകം കാണില്ലെന്ന് ഓരോ തടവുകാരനും ഭയത്തോടെ ഓര്‍ക്കും.
പാര്‍ട്ടി അനുഭാവം ഇല്ലാത്തവര്‍ മാത്രമല്ല, മുസ്‌ലിംകളും രാജ്യത്തിന് വലിയ ഭീഷണിയാണെന്നാണ് ചൈനയുടെ പക്ഷം. അതുകൊണ്ടാണ് അവരെ നിരന്തരം നിരീക്ഷിക്കുന്നതും തടവിലിടുന്നതും. തടവില്‍ നിന്നു പുറത്തുവന്ന ആ മൂന്നു ചെറുപ്പക്കാര്‍ മംഗോള്‍കുറേ വിട്ട് കസാഖിലെത്തിയപ്പോഴാണ് തങ്ങള്‍ ഒരേ കാലത്ത് തടങ്കല്‍പ്പാളയത്തില്‍ കഴിഞ്ഞവരാണെന്ന് തിരിച്ചറിഞ്ഞത്. അവരാണ് ഇത്രയെങ്കിലും വിവരം പുറംലോകമറിയാന്‍ ഇടയാക്കിയത്. തടവുകാരനായിരുന്ന ഉലന്റെ മാതാപിതാക്കള്‍ ഇന്നും ഷിന്‍ജിയാങ്ങിലാണ്. ഇപ്പോഴും ഭരണകൂടം അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇവരുടെ പാസ്‌പോര്‍ട്ട് ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. മംഗോള്‍കുറേയില്‍ നിന്നു പുറത്ത് എവിടെപ്പോയാലും ഇവരെ ചൈനീസ് അധികൃതര്‍ തടഞ്ഞുവയ്ക്കും. ഭരണകൂട തടങ്കലില്‍ നിന്ന് ഒരിക്കലും മോചനമില്ലാത്ത ജീവിതങ്ങള്‍.
സ്വതന്ത്ര മൊഴിമാറ്റം:
സരിത മാഹിന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."