വൈറസുകളില്ലെന്ന് പ്രചാരണം നടത്തിയ മോഹനന്‍ വൈദ്യരുടേത് കൊവിഡ് മരണമെന്ന് സ്ഥിരീകരിച്ചു 'കൊവിഡ് ലക്ഷണങ്ങളുണ്ടായെങ്കിലും ചികിത്സ തേടിയില്ല'
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വൈറസുകളില്ലെന്ന് പ്രചാരണം നടത്തി, ആരോഗ്യവകുപ്പിന്റെ കൊവിഡ്, നിപാ പ്രതിരോധ നടപടികളെ വെല്ലുവിളിച്ച് വിവാദങ്ങളില്‍പ്പെട്ട നാട്ടുവൈദ്യന്‍ കെ.മോഹനന്‍ നായരുടേത് (മോഹനന്‍ വൈദ്യര്‍-65) കൊവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച ചേര്‍ത്തലയില്‍ നിന്നും തിരുവനന്തപുരത്തെ ബന്ധുവീട്ടിലെത്തിയ മോഹനന്‍ വൈദ്യര്‍ക്ക് പനി, വയറിളക്കം, ശ്വാസംമുട്ടല്‍ തുടങ്ങിയ കൊവിഡ് ലക്ഷണങ്ങളുണ്ടായെങ്കിലും ചികിത്സതേടാന്‍ തയാറാകാതെ നാട്ടുമരുന്ന് കഴിച്ച് വീട്ടില്‍ തുടരുകയായിരുന്നു.
ശനിയാഴ്ച രാത്രിയോടെ കുഴഞ്ഞുവീണ് മരിച്ചു. കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വീട്ടിലുണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിനെയും പൊലിസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് അധികൃതരെത്തിയാണ് മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. സംസ്‌കാരം ഇന്ന് കൊവിഡ് പ്രാട്ടോക്കോള്‍ പ്രകാരം നടക്കും. ഭാര്യ:ശ്രീലത. ബിന്ദു, രാജീവ് എന്നിവര്‍ മക്കളാണ്. മരുമകന്‍: ഹരി.
കൊവിഡിനു ഫലപ്രദമായ ചികിത്സയുണ്ടെന്നു പ്രചരിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്തതിന് ഇദ്ദേഹത്തിനെതിരേ കേസെടുക്കുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു. വൈറസുകള്‍ ഇല്ല എന്നതായിരുന്നു നിലപാട്. സംസ്ഥാനത്ത് നിപാ പടര്‍ന്നുപിടിച്ചപ്പോഴും വിവാദ വാദങ്ങളുമായി രംഗത്തെത്തിയിരുന്നു. വവ്വാല്‍ ഭക്ഷിച്ചുപേക്ഷിച്ച പഴവര്‍ഗങ്ങള്‍ കഴിക്കരുതെന്നും വവ്വാലുകളില്‍ നിന്നാണ് നിപാ വൈറസ് പകരുന്നതെന്നുമുള്ള ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ വവ്വാല്‍ കടിച്ച മാങ്ങകഴിച്ചു കൊണ്ടായിരുന്നു മോഹനന്‍ വൈദ്യര്‍ വെല്ലുവിളിച്ചത്. വവ്വാലില്‍ നിന്നാണ് പനി വരുന്നതെങ്കില്‍ ആദ്യം വവ്വാലും എലിയില്‍ നിന്നാണ് പനി വരുന്നതെങ്കില്‍ ആദ്യം എലിയും ചാകണമെന്നായിരുന്നു അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്.
കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍ 25 വര്‍ഷമായി ചേര്‍ത്തല മതിലകത്താണ് താമസം. സംസ്ഥാനത്തിന് അകത്തും പുറത്തും ചികിത്സാലയങ്ങള്‍ നടത്തിയിരുന്നു. കാന്‍സറിന് ഉള്‍പ്പെടെ ചികിത്സ നടത്തിയിരുന്ന ഇദ്ദേഹത്തിനെതിരേ ചികിത്സാപിഴവുകള്‍ക്കും കേസുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."