അര്‍ഹരായവര്‍ക്കെല്ലാം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അര്‍ഹരായ സമുദായംഗങ്ങള്‍ക്കെല്ലാം അനുവദിച്ച് 80:20 അനുപാതം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ വിദഗ്ധ സമിതിയില്‍ പൊതുധാരണ.
വിഷയം പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ്, ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ചുമതലയുള്ള പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജ്കുമാര്‍ സിങ് എന്നിവരടങ്ങിയ സമിതിയാണ് പൊതുധാരണയിലെത്തിയത്.
സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് സമുദായങ്ങള്‍ക്കിടയിലുണ്ടായ അവ്യക്തത പരിഹരിക്കാനും സര്‍ക്കാരിനു പോറലേല്‍ക്കാതിരിക്കാനും ഇതുവഴി കഴിയുമെന്നാണ് വിലയിരുത്തല്‍. അതേസമയം ന്യൂനപക്ഷ സമുദായങ്ങളില്‍ അര്‍ഹരായവര്‍ക്കെല്ലാം സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള തീരുമാനം നടപ്പായാല്‍ മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പാലോളി കമ്മിറ്റി മുന്നോട്ടുവച്ച പദ്ധതികള്‍ക്ക് പ്രസക്തിയുണ്ടാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. മാത്രമല്ല, ഭാവിയില്‍ ഓരോ സമുദായത്തിന്റെയും സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ അവര്‍ക്കനുയോജ്യമായ പ്രത്യേകം പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് ഈ തീരുമാനം തടസ്സം സൃഷ്ടിക്കാനും സാധ്യതയുണ്ട്. പാലോളി കമ്മിറ്റി ശുപാര്‍ശയനുസരിച്ചുള്ള സ്‌കോളര്‍ഷിപ്പ് മുസ്‌ലിം സമുദായത്തിനു മാത്രമായി നല്‍കി മറ്റുള്ളവര്‍ക്ക് സമാന രീതിയില്‍ മറ്റു പദ്ധതികള്‍ നടപ്പാക്കാമെന്ന നിര്‍ദേശം സമിതി അംഗങ്ങളില്‍ ചിലര്‍ മുന്നോട്ടുവച്ചെങ്കിലും ഇത് നിയമപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നായിരുന്നു പൊതു അഭിപ്രായം. സമിതി അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും നിലവിലെ പൊതുധാരണ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."