'ഇത് കള്ളപ്പരാതി, പിണറായിയുടെ പണം വാങ്ങിയുള്ള മര്യാദകേട് ദൈവം ക്ഷമിക്കട്ടെ' പി.സി ജോര്‍ജ്
തിരുവനന്തപുരം:തനിക്കെതിരായ പീഡനക്കേസ് കള്ളപ്പരാതിയെന്ന് അറസ്റ്റിലായ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്. 'എന്നോടു മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയക്കാരന് പി.സി.ജോര്‍ജ് ആണെന്നു പരാതിക്കാരിതന്നെ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴത്തേതു കള്ളപ്പരാതിയാണ്. കേസിലെ വസ്തുത എന്താണെന്ന് താന്‍ തെളിയിക്കുമെന്നും സത്യം തെളിയിച്ച് പുറത്തിറങ്ങുമെന്നും പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഈയൊരു കാര്യം കൊണ്ടൊന്നും പിണറായി വിജയന് രക്ഷപ്പെടില്ല. ഇന്ന് ക്രൈംബ്രാഞ്ച് വേറൊരു കേസില്‍ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തി. ആ കേസില്‍ അവര്‍ മാന്യമായി സംസാരിച്ചു. പോലീസിനോട് കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് 11 മണിക്ക് പ്രത്യേകം ഒരു കേസ് ഇവിടെ എടുത്തിരിക്കുന്നത്.
ഞാന്‍ ഏതായാലും ഒരു സ്ത്രീയേയും പീഡിപ്പിക്കുകയില്ല. ഞാന്‍ പൊതുപ്രവര്‍ത്തകനാണ്. എന്റെയടുത്ത് വരുന്ന പെണ്‍കുട്ടികളെ മോളെ ചക്കരേ സ്വന്തമെന്നല്ലാതെ വിളിക്കുകയില്ല. ആ സ്നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണ് ഞാന്‍. ഈ പിണറായി വിജയന്റെ ചില്ലറയും വാങ്ങിച്ച് കാണിക്കുന്ന മര്യാദകേടിന് ദൈവം തമ്പുരാന് അവരോട് ക്ഷമിക്കട്ടെ. - പി.സി ജോര്‍ജ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ ഉള്ളവര്‍ പീഡിപ്പിച്ചെന്നു പറഞ്ഞ് മൊഴി കൊടുക്കണം, സാക്ഷി പറയണം എന്ന് എന്നോടാവശ്യപ്പെട്ടു. സോളര്‍ കേസിലെ പ്രതി ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കു പരാതി നല്കി. ഈ പരാതി സിബിഐക്കു കൈമാറി. ഈ കേസുമായി ബന്ധപ്പെട്ട് അവര്‍ സംസാരിച്ചിരുന്നു. ആദ്യം മുഖ്യമന്ത്രിയുടെ ഓഫിസില്‍ പീഡിപ്പിച്ചെന്നാണ് പറഞ്ഞത്. പിന്നീട് ക്ലിഫ് ഹൗസില്‍ പീഡിപ്പിച്ചെന്നു മാറ്റിപ്പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ കള്ളസാക്ഷി പറയാന്‍ പറ്റില്ലെന്നു ഞാന്‍ വ്യക്തമാക്കി. അതിന്റെ വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ പീഡനപ്പരാതിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."