തമ്പുകളുടെ നഗരിയായ മിന ഒരുങ്ങി, ഹാജിമാരെ സ്വീകരിക്കാൻ, ഇത്തവണ ഹാജിമാർക്ക് ഹൈടെക് സൗകര്യങ്ങൾ
മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഹാജിമാരെ സ്വീകരിക്കാൻ തമ്പുകളുടെ നഗരിയായ മിന ഒരുങ്ങി. ലക്ഷക്കണക്കിന് ഹാജിമാരെ സ്വീകരിക്കാനായി സർവ്വ സജ്ജമായ മിന നഗരിയിലെ ഓരോ തമ്പുകളിലും ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അഞ്ചു വിഭാഗങ്ങളായാണ് മിനായിലെ തമ്പുകള്‍ ഹജ്, ഉംറ മന്ത്രാലയം തരംതിരിച്ചിരിക്കുന്നത്.
ദുൽഹജ്ജ് ഏഴിന് രാത്രിയോടെ മിനായിലേക്ക് പുറപ്പെടുന്ന ഹാജിമാർ (ദുൽഹജ്ജ് ഒമ്പത് ഒഴികെ) 13-ാം തീയതി വരെയും ഇവിടെയാണ് പ്രാർഥനകളോടെ ചെലവഴിക്കുക. ജംറ കോംപ്ലക്‌സില്‍നിന്നുള്ള ദൂരത്തിനനുസരിച്ചാണ് തമ്പുകള്‍ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നത്. മിനായിലെ കെട്ടിട സമുച്ചയം, സാധാരണ തമ്പുകൾ, മക്ക മശാഇര്‍ റോയൽ കമീഷന് കീഴിലെ കിദാന കമ്പനി നിർമിച്ച നൂതന സാങ്കേതിക സൗകര്യങ്ങളോട് കൂടിയ പുതിയ തമ്പുകൾ എന്നിങ്ങനെയാണ് ഹാജിമാർക്ക് താമസസൗകര്യം ഒരുക്കുന്നത്. ഇതിൽ കിദാന കമ്പനി ഒരുക്കുന്ന തമ്പുകൾ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.
ആഡംബര ഹോട്ടലുകൾക്ക് സമാനമായ ഈ തമ്പുകളിൽ 21 തീർഥാടകർക്ക് വീതം താമസിക്കാൻ കഴിയുംവിധം വിശാലമാണ്. തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും അതിലുണ്ടാകും. ഓരോ തീർഥാടകനും പ്രത്യേകം പ്രകാശിപ്പിക്കാവുന്ന ലൈറ്റുകൾ, ഇലക്ട്രിക് സോക്കറ്റുകൾ എന്നിവയും മുമ്പത്തേതിൽനിന്നും വ്യത്യസ്തമായി തമ്പുകൾക്ക് ഷീറ്റിനു പകരം പെട്ടന്ന് തീപിടിക്കാത്ത വസ്തുക്കൾ കൊണ്ട് നിർമിച്ച ചുവരുകളും ഉള്ളതാണിത്.
മിനായിലെ ശക്തമായ ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ളതുമാണ് ഈ ഭിത്തികൾ. മിനായിലെ തമ്പ് വികസന പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത് ഈ വര്‍ഷത്തെ ഹജിന് പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതികളില്‍ ഒന്നാണ്. മക്ക റോയല്‍ കമ്മീഷനു കീഴിലെ കിദാന ഡെവലപ്‌മെന്റ് കമ്പനിയാണ് തമ്പ് വികസന പദ്ധതി നടപ്പാക്കിയത്. പഴയ തമ്പുകള്‍ക്കു പകരം ഹോട്ടല്‍ മുറികള്‍ക്ക് സമാനമായാണ് വികസിത തമ്പ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ആധുനികോത്തര സൗകര്യമൊരുക്കുന്ന പദ്ധതിയുടെ 20 ശതമാനമാണ് ഇത്തവണ ഹജ്ജ് വേളയിൽ തീർഥാടകർക്ക് ഉപയോഗപ്പെടുത്താൻ കഴിയുക.
വരുംവർഷങ്ങളിൽ കൂടുതൽ തീർഥാടകർക്ക് ഇത്തരം തമ്പുകൾ ഉണ്ടാകും. അറഫാത്തിൽ മുഴുവന്‍ പ്രദേശങ്ങളിലെയും തമ്പുകളില്‍ വൈദ്യുതി സേവനം ലഭ്യമാക്കിയതും ഇത്തവണത്തെ പുതിയ പദ്ധതിയാണ്. നേരത്തെ അറഫാത്തിലെ തമ്പുകളില്‍ വൈദ്യുതിക്ക് ജനറേറ്ററുകളാണ് ആശ്രയിച്ചിരുന്നത്. ഇത്തവണ ആഭ്യന്തര ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 170 കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മിനായില്‍ തമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്കായി 42 തമ്പ് സമുച്ചയങ്ങള്‍ മക്ക റോയല്‍ കമ്മീഷന്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ തമ്പുകളില്‍ 81,000 ലേറെ തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ലഭിക്കും. ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള 77 തമ്പ് സമുച്ചയങ്ങള്‍ വികസിപ്പിക്കാത്തതാണ്. ഇവിടങ്ങളില്‍ 59,000 ലേറെ തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."