ജെ.ആര്.പിക്ക് പണം നല്‍കിയത് ആര്.എസ്.എസ് അറിവോടെ; സുരേന്ദ്രനും പ്രസീതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്, കൂടുതല്‍ ബി.ജെ.പി നേതാക്കളും കുടുങ്ങും
കോഴിക്കോട്: ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രതിയായ കോഴക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍. സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. പണം നല്‍കിയത് ആര്.എസ്.എസ് അറിവോടെയാണെന്ന് തെളിയിക്കുന്നതാണ് ഫോണ്‍ സംഭാഷണം. ആര്.എസ്.എസ് ഓര്‍ഗനൈസിങ് സെക്രട്ടറി എം.ഗണേഷാണ് പണം ഏര്പാട് ചെയ്തതെന്നാണ് കെ.സുരേന്ദ്രന് പറയുന്നത്. ജെ.ആര്.പിക്കുള്ള 25 ലക്ഷമാണ് കൈമാറുന്നതെന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്.
അതിനിടെ കേസില്‍ കെ സുരേന്ദ്രന് പുറമെ മറ്റ് ബി.ജെ.പി നേതാക്കളെ കൂടി പ്രതിചേര്‍ക്കും. കെ സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാവും മറ്റ് നേതാക്കളെ പ്രതിചേര്‍ക്കുക. അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് ലഭിച്ചതായാണ് സൂചന. കാസര്‍കോട് അട്കത്ത് ബയലിലെ കെ സുരേന്ദ്രന് താമസിച്ച സ്വകാര്യ ഹോട്ടലിലും ജോഡ്കല്ലിലുള്ള തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലും പൊലിസ് നടത്തിയ പരിശോധനയിലാണ് നിര്‍ണായക തെളിവ്. കെ സുന്ദരയുടെ മൊഴിയെ ബലപ്പെടുത്തുന്ന ഡിജിറ്റല്‍ തെളിവുകളടക്കം ഇവിടെ നിന്നും ലഭിച്ചതായാണ് വിവരം.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ രേഖകള്‍ ശരിയാക്കിയത് കെ സുരേന്ദ്രന് താമസിച്ച ഹോട്ടലില്‍ വെച്ചാണെന്ന് കെ.സുന്ദര മൊഴി നല്‍കിയിരുന്നു. ഇതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ജോഡ്കല്ലിലെ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലും അന്വേഷണ സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കെ സുന്ദരയെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസായി പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിപ്പിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ഈ മാസം 29നും 30നും സുന്ദരയുടെയും അമ്മ ഉള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കളുടെയും രഹസ്യമൊഴി കോടതി രേഖപ്പെടുത്തും. ഇതിന് ശേഷം കേസില്‍ മറ്റ് ബിജെപി നേതാക്കളെ കൂടി പ്രതിചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."