പ്രവാസികൾക്കും കുടുംബത്തിനും ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുമായി കെഎംസിസി
റിയാദ്: പ്രവാസം കനത്ത ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് ആരോഗ്യ പരിരക്ഷ പദ്ധതിയുമായി കെഎംസിസി. സഊദിയിലെ കോഴിക്കോട് ജില്ലാ കെഎംസിസി പ്രവർത്തകരുടെ കൂട്ടായ്‌മയാണ് സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് തണലാകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി രംഗത്തുള്ളത്. പ്രത്യേകിച്ച് കൊവിഡ് മഹാമാരിയുടെ കാലത്ത് ജോലിയും കൂലിയുമില്ലാതെ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി കഴിയുന്ന ഘട്ടത്തിൽ ഭീമമായ ചികിത്സാ ചെലവുകൾ വഹിക്കാൻ സാധിക്കാതെ തളരുന്ന പ്രവാസികൾക്ക് കൈത്താങ്ങാവുകയാണ് ഈ പദ്ധതിയെന്ന് സഊദി കെഎംസിസി. കോഴിക്കോട് ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദ്യ ഘട്ടമെന്നോണം കോഴിക്കോട് ജില്ലയിലെ കെഎംസിസി പ്രവർത്തകർക്കും കുടുംബത്തിനും ഉപയോഗപെടുന്ന വിധത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ഇന്ത്യയിലും വിദേശത്തും പ്രശസ്തമായ മാക്സ് ബൂപ ഇൻഷുറൻസ് കമ്പനിയാണ് പ്രവാസികൾക്കുള്ള ഈ ആരോഗ്യപദ്ധതി നടപ്പിലാക്കുന്നത്. മാക്സ് ബൂപ ഇൻഷുറൻസ് കമ്പനിയുടെ ചട്ടങ്ങൾക്കനുസരിച്ചായിരിക്കും ഈ സ്‌കീമെന്നും നേതാക്കൾ വ്യക്തമാക്കി. പ്രവാസിയടക്കം ആറംഗ കുടുംബത്തിന്ന് പ്രതിവർഷം ഏറ്റവും കുറഞ്ഞ തുക പ്രീമിയമായി നൽകി പതിനേഴ് ലക്ഷം രൂപയുടെ പരിരക്ഷയാണ് ഇൻഷുറൻസ് കമ്പനി ഉറപ്പ് നൽകുന്നത്. കമ്പനിയുടെ ചട്ടപ്രകാരമുള്ള വിവിധ രോഗങ്ങൾക്ക് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്ത് ചികിത്സ തേടുന്ന ഘട്ടത്തിലാണ് ഇൻഷുറൻസ് ലഭ്യമാവുക. പതിനെട്ട് മുതൽ അമ്പത് വയസ്സ് വരെയുള്ളരുടെ ആറംഗ കുടുംബത്തിന് പന്ത്രണ്ടായിരം രൂപയിൽ താഴെയാണ് പ്രതിവർഷ പ്രീമിയം. വ്യക്തിഗതമായി മൂവായിരത്തി അഞ്ഞൂറിൽ താഴെ രൂപയാണ് ഒരു വർഷത്തേക്കുള്ള പ്രീമിയം. അമ്പത് വയസ്സ് പിന്നിട്ടവർക്ക് ചെറിയ പ്രീമിയം വ്യത്യാസത്തിൽ സ്കീമുകൾ കമ്പനി ഉറപ്പാക്കും. ക്രമേണ മറ്റ് പ്രവാസികൾക്കും ഉപകാരപ്പെടുന്ന വിധം ഈ സംവിധാനം വിപുലീകരിക്കും. പദ്ധതിയുടെ തുടക്കം കോഴിക്കോട് വെച്ച് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നിർവ്വഹിക്കും. മുസ്‌ലിം ലീഗിന്റെയും കെഎംസിസിയുടെയും പ്രമുഖ നേതാക്കൾ പങ്കെടുക്കും. സഊദിയിലും വിവിധ ഭാഗങ്ങളിൽ ഈ പദ്ധതി പരിചയപ്പെടുത്തി കെഎംസിസി കാംപയിൻ നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
കൊവിഡ് മൂലം ആഗോളതലത്തിൽ രൂക്ഷമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോൾ ഏറ്റവുമധികം ഭീഷണി നേരിടുന്ന ഒരു വിഭാഗമായി പ്രവാസികൾ മാറിക്കഴിഞ്ഞിരിക്കുന്നു. സഊദിയിൽ നിന്നും ഒട്ടേറെ പേർ ഇതിനകം നാട്ടിലെത്തി കഴിഞ്ഞു. നിലവിൽ പ്രവാസലോകത്തുള്ള പലരുടെയും ജോലി ഭീഷണിയിലാണ്. ചെറുകിട തലത്തിൽ ബിസിനസ് നടത്തി വന്ന വലിയൊരു ശതമാനം പേർ കൊവിഡ് മൂലം മാത്രമല്ല നിയമപരമായ വിഷയങ്ങൾ മൂലവും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പിടിച്ചു നിൽക്കാനാവാതെ തൊഴിൽ നഷ്ടവരും ബിസിനസ് തകർന്നവരുമായി ഒട്ടേറെ പേർ നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ്. പതിറ്റാണ്ടുകൾ പ്രവാസ ഭൂമിയിൽ ചെലവഴിച്ചെങ്കിലും വെറും കയ്യോടെയാണ് ഭൂരിഭാഗം പേരുടെയും മടക്കം. തന്റെയും കുടുംബത്തിന്റെയും ദൈനം ദിന ജീവിതം തള്ളിനീക്കാൻ പോലും പ്രയാസപ്പെടുന്ന അവസ്ഥയാണുള്ളത്. ഈ ഘട്ടത്തിലാണ് കെഎംസിസി സാധാരണക്കാരായ പ്രവാസികളെ ലക്ഷ്യം വെച്ച് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി രംഗത്ത് വന്നത്.
വാർത്താ സമ്മേളനത്തിൽ അഹമ്മദ് പാളയാട്ട്, അഷ്‌റഫ് വേങ്ങാട്ട്, സമദ് പട്ടനിൽ, മാമുനിസാർ കോടമ്പുഴ, ജലീൽ നഹാസ് മദീന, റഷീദ് പേരാമ്പ്ര, കെ പി മുഹമ്മദ്, മൊയ്‌തീൻകോയ കല്ലമ്പാറ, സക്കീർ അഹമ്മദ് കൈപ്പക്കിൽ എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."