രാജ്യദ്രോഹക്കേസില്‍ ആയിഷക്ക് മുന്‍കൂര്‍ ജാമ്യം, ആശ്വാസമെന്ന് ആയിഷ, കേസിനു പിന്നില്‍ നടന്നത് വലിയ ഗൂഢാലോചന
കൊച്ചി: രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇനി കവരത്തി പോലിസിന്റെ നടപടികളെ ആയിഷക്ക് ഭയക്കേണ്ടതില്ല. അതേ സമയം ജാമ്യവ്യവസ്ഥയുടെ വിശദവിവരങ്ങള്‍ അറിവായിട്ടില്ല.
അതേ സമയം ജാമ്യം ലഭിച്ചത് വലിയ ആശ്വാസമാണെന്നും ഈ കേസ് വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും ആയിഷ സുല്‍ത്താന പ്രതികരിച്ചു.
ബി.ജെ.പി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയിലാണ് ആയിശക്കെതിരേ രാജ്യദ്രോഹ കേസെടുത്തത്. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ ആയിശ പറഞതാണ് കേസിനാസ്പദമായ സംഭവം.
കവരത്തി പൊലിസിന്റെ ചോദ്യം ചെയ്യലിലൊന്നും പ്രശ്‌നം തോന്നിയില്ല. അവരവരുടെ ഡ്യൂട്ടിയാണ് ചെയ്തത്. എന്നാല്‍ ഈ കേസിലൂടെ എന്നെയും ഭരണകൂടത്തിനെതിരേയും ഉയര്‍ന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയായിരുന്നു എന്നു വ്യക്തമാണ്. ഇത്തരം നടപടി കൊണ്ടൊന്നും പ്രതിഷേധം അടങ്ങില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും ക്വാറന്റൈനില്‍ കഴിയുന്ന ആയിഷ പ്രതികരിച്ചു.
ആയിശ ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ ഹരജി നല്‍കിയതും സാമ്പത്തിക ഇടപാടുകളും ഫോണ്‍ കോള്‍ വിവരങ്ങളും പൊലിസ് പരിശോധിക്കുന്നതുമെല്ലാം എങ്ങനെയും അവരെ കുരുക്കണമെന്ന ഉദ്ദേശത്തില്‍ തന്നെയാണെന്നാണ് ആയിശയും വ്യക്തമാക്കുന്നത്.
ബന്ധുക്കള്‍ ആശുപത്രിയിലായതിനാല്‍ കൊച്ചിയിലേക്ക് മടങ്ങിപോകണമെന്ന് ആയിശ സുല്‍ത്താന പൊലിസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ചോദ്യം ചെയ്തശേഷം കവരത്തി പോലിസ് അറസ്റ്റ് രേഖപ്പെടുത്താതെ അവരെ വിട്ടയച്ചത്. കൊച്ചിയിലേക്ക് മടങ്ങാമെന്നും പൊലിസ് ആയിശയെ അറിയിച്ചിട്ടുണ്ട്. മൂന്ന് തവണ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയക്കുന്നത്.
എന്നാല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ആയിശ പാലിച്ചില്ല. കോടതി നല്‍കിയ ഇളവുകള്‍ ദുരുപയോഗം ചെയ്‌തെന്നും ദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."