നവകേരള സൃഷ്ടിക്ക് ഗുണതാവിദ്യാഭ്യാസം
വി. ശിവൻകുട്ടി
കുട്ടികളുടെ വിദ്യാഭ്യാസത്തിന് എന്നും പ്രാധാന്യം നൽകിയ നാടാണ് കേരളം. അതുകൊണ്ടാണ് സ്കൂൾ പ്രായത്തിലുള്ള എല്ലാ കുട്ടികളും സ്കൂളിൽ ചേരുന്നതും പഠനത്തുടർച്ച ഉറപ്പാക്കുകയും ചെയ്യുന്നത്. ദേശീയതലത്തിൽ ഇതല്ല അവസ്ഥ. സ്കൂളുകളിൽ ഇനിയും എത്തിച്ചേരാത്ത ഒരുപാട് കുട്ടികളുണ്ട്. 2020ലെ ദേശീയ വിദ്യാഭ്യാസ നയരേഖയിൽ പറയുന്നത് 3 കോടി 22 ലക്ഷം കുട്ടികൾ സ്കൂളിന് പുറത്താണ് എന്നാണ്. ദേശീയതലത്തിലുള്ള കണക്കുകൾ തന്നെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അതുകൊണ്ട് ദേശീയ പദ്ധതികളെല്ലാം എങ്ങനെ കുട്ടികളെ സ്കൂളിൽ എത്തിക്കാമെന്നതിനാണ് സ്വാഭാവികമായും പ്രാധാന്യം നൽകുന്നത്. നമുക്ക് അത് പോരാ. നമ്മുടെ സംസ്ഥാനത്തെ കുഞ്ഞുങ്ങളെല്ലാം സ്കൂളിൽ എത്തുന്നുണ്ട്. സ്കൂൾ തലത്തിലെ നമ്മുടെ നേട്ടങ്ങളിൽ അഭിമാനിച്ചിരുന്നാൽ മാത്രം മതിയാകില്ല. കൂടുതൽ മുന്നേറാൻ കഴിയേണ്ടതുണ്ട്.
ദേശീയതലത്തിൽ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സ്കൂൾ പ്രാപ്യത, പഠനത്തുടർച്ച, തുടങ്ങിയ ഒന്നാം തലമുറ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടത്. എന്നാൽ നമുക്ക് രണ്ടാം തലമുറയോ മൂന്നാം തലമുറയോ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടത്. അത് സ്കൂൾ വിദ്യാഭ്യാസരംഗത്ത് തുല്യതയും ഗുണതയും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ്. അതുകൊണ്ടുതന്നെ ദേശീയാടിസ്ഥാനത്തിൽനിന്ന് വ്യത്യസ്തമായി സ്കൂൾ വിദ്യാഭ്യാസരംഗത്ത് അവസര സമത്വം ഉറപ്പാക്കി ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധ്യമാക്കുക എന്നതിനാണ് നാം ഊന്നൽ നൽകുന്നത്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണ് നമ്മുടെ നിലപാട്. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്കൂൾ കെട്ടിടങ്ങൾ അടക്കമുള്ള ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. സ്കൂൾ ഭൗതിക പരിസരത്തെ കുറിച്ച് മുൻകാലങ്ങളിലുള്ള സങ്കൽപമല്ല ഇപ്പോഴത്തെ സമൂഹത്തിനുള്ളത്. കെട്ടിടങ്ങളെ കുറിച്ച് നാട്ടിൽ ഉണ്ടായ പുതിയ ധാരണകളിൽ പൊതുവെ സ്വീകാര്യമായവ സ്വീകരിക്കാൻ നമുക്ക് കഴിയണം. ഈയൊരു നിലപാടാണ് ഭൗതിക സൗകര്യ വികസനവുമായി ബന്ധപ്പെടുത്തി നാം കൈക്കൊണ്ടത്. എന്നാൽ ഗുണതാവിദ്യാഭ്യാസത്തെ ഭൗതിക സൗകര്യ വികസനം മാത്രമായി പരിമിതപ്പെടുത്തിയാൽ മാത്രം പോരാ. നമ്മുടെ ഓരോ വിദ്യാലയവും ഗുണതാവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അതുപോലെ മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ ഉളവാകുന്ന ഇടങ്ങൾ കൂടിയായി മാറണം.
ജ്ഞാനസമൂഹ സൃഷ്ടിക്കും പ്രാദേശിക സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനും ആധുനിക സാങ്കേതിക വിദ്യകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് കഴിയുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്നതും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി മാറണം. കഴിഞ്ഞ പാഠ്യപദ്ധതി പരിഷ്കരണത്തിനു ശേഷം അറിവിന്റെ മേഖലയിലും ബോധനശാസ്ത്രരംഗത്തും വിപ്ലവകരമായ പരിവർത്തനങ്ങൾ വന്നിട്ടുണ്ട്. അതെല്ലാം പാഠ്യപദ്ധതിയിൽ ഉൾച്ചേർക്കാൻ കഴിയണം.
പ്രാദേശിക സമ്പദ്ഘടന ശക്തിപ്പെടുത്തണമെന്നത് വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത കാര്യമാണ്. നമ്മുടെ പ്രകൃതിവിഭവങ്ങളെ പാരിസ്ഥിതിക അവബോധത്തോടെ സമൂഹ ആവശ്യങ്ങളുമായി ബന്ധപ്പെടുത്തി ഉൽപ്പന്നങ്ങളാക്കി മാറ്റിയെടുക്കാനുള്ള അറിവും കഴിവും നൈപുണിയും സ്കൂൾ ഘട്ടത്തിൽ തന്നെ കുട്ടികളിൽ വളർത്തിയെടുക്കണം. ഗുണതയുള്ള തൊഴിൽ ശക്തി നവകേരള സൃഷ്ടിക്ക് അനിവാര്യമാണ്. തൊഴിൽ ചെയ്യാനുള്ള നൈപുണി വികാസത്തോടൊപ്പം തന്നെ പ്രധാനമാണ് തൊഴിലിനോടുള്ള അനുകൂല മനോഭാവം വികസിപ്പിക്കുക എന്നത്. ഇത്തരം കാര്യങ്ങൾ എല്ലാം പാഠ്യപദ്ധതി വികസിപ്പിക്കുന്ന ഘട്ടത്തിൽ ഗൗരവമായി പരിഗണിക്കപ്പെടും. നാട്ടിലെ എല്ലാവിധ തൊഴിലിടങ്ങളുമായി സ്കൂളുകൾക്ക് ജൈവബന്ധം ഉണ്ടാകണം. അതോടൊപ്പം പ്രാദേശിക വൈദഗ്ധ്യത്തെ കൃത്യമായ ആസൂത്രണത്തോടെ പ്രയോജനപ്പെടുത്താനും സ്കൂൾ സംവിധാനത്തിന് കഴിയണം.
പുതിയ അക്കാദമിക വർഷം ആരംഭിക്കുകയാണ്. സ്കൂൾ യൂണിഫോമും പാഠപുസ്തകങ്ങളും സ്കൂൾ തുറക്കുന്നതിനു മുമ്പ് തന്നെ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. കൃത്യമായ അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളുടെ പ്രവർത്തനം മുന്നോട്ടു പോകും. നമ്മുടെ കുട്ടികളുടെ എല്ലാവിധമുള്ള വികാസമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നിൽ കാണുന്നത്. ലഹരി പദാർഥങ്ങളുടെ ഉപയോഗം പോലുള്ള സാമൂഹ്യതിന്മകൾക്കെതിരേ ഒരുമിച്ച് പോരാടേണ്ടതുണ്ട്. ഏറ്റവും സജീവമായ അക്കാദമിക വർഷമാകും ഇത്തവണത്തേത് എന്ന ഉറപ്പ് നൽകുകയാണ്. പൊതുവിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് ഒറ്റക്കെട്ടായി കൈകോർക്കാം. പ്രിയപ്പെട്ട കുട്ടികൾക്ക് വിദ്യാലയങ്ങളിലേയ്ക്ക് സ്വാഗതം.
(പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രിയാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."