പൊതു സ്ഥലത്തേക്ക് വീഴുന്ന മടലിന് പിഴ; വിചിത്ര ഉത്തരവിനെതിരേ പ്രതിഷേധവുമായി ലക്ഷദ്വീപ് നിവാസികള്‍, ഓലമടല്‍ സമരം നടത്തി
കവരത്തി: തെങ്ങില്‍ നിന്നും പൊതുസ്ഥലത്തക്ക് വീഴുന്ന മടലിന് പിഴ ചുമത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിനെതിരേ പ്രതിഷേധവുമായി ലക്ഷദ്വീപ് ജനത. ഭരണകൂടത്തിന്റെ ജനദ്രോഹ നടപടിക്കെതിരെ ഓലമടല്‍ സമരം നടത്തി. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണിക്കൂര്‍ നീണ്ട സമരത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കാളികളായി. 'ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് സ്വന്തം, ചവറ് സംസ്‌കരണത്തിന് സംവിധാനമൊരുക്കുക, പിഴ നിര്‍ത്തലാക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു സമരം.
'ലക്ഷദ്വീപ് ഖരമാലിന്യസംസ്‌കരണ നിയമം 2018'ന്റെ ചുവടുപിടിച്ചാണ് ഭരണനേതൃത്വം ഉത്തരവിറക്കിയത്. മാലിന്യ സംസ്‌കരണത്തിനായി ശാസ്ത്രീയസംവിധാനമൊന്നും ഒരുക്കാതെയാണ് ഉത്തരവ്. ഓലമടലുകള്‍ കത്തിക്കരുതെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. മടല്‍ കത്തിച്ചാല്‍ പരിസരം മലിനമാക്കിയതിന് നടപടി എടുക്കും. മടല്‍ ഉള്‍പ്പെടെയുള്ളവ പ്രകൃതിക്ക് കോട്ടംവരാതെ ഭൂ ഉടമതന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നാണ് ഉത്തരവ്. തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാല്‍ 200 രൂപയാണ് പിഴ ചുമത്തുക. ഈ നിയമത്തിനെതിരെയാണ് സമരം.
അതിനിടെ തീരത്തോട് ചേര്‍ന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കവരത്തിയിലേതുള്‍പ്പെടെയുള്ള ദ്വീപുകളിലെ ഭൂവുടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."