ഇന്തോ-അറബ് ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍പ്രവാസികളുടെ പങ്ക് നിസ്തുലം: സാദിഖലി തങ്ങള്‍
ഇന്തോ-അറബ് ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍പ്രവാസികളുടെ പങ്ക് നിസ്തുലം
അബുദാബി: ഇന്തോ-അറബ് ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിസുതലമാണെന്ന് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 2023-2024 വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നുഅദ്ദേഹം. രാജ്യാന്തര ബന്ധങ്ങളില്‍ പ്രവാസികളുടെ കഠിനാദ്ധ്വാനവും വിശ്വാസ്യതയും ഇന്ത്യയെക്കുറിച്ചുള്ള വിവിധ രാജ്യങ്ങളുടെ കാഴ്ചപ്പാടിന് കൂടുതല്‍ തിളക്കം ചാര്‍ത്തിയിട്ടുണ്ട്.
ഗള്‍ഫ് രാഷ്ട്രങ്ങളുടെ വികസനപ്രകൃയകളില്‍ പ്രധാന പങ്ക് വഹിച്ച പ്രവാസികളുടെ കഠിനാദ്ധ്വാനത്തെക്കുറിച്ചു പലപ്പോഴും ഗള്‍ഫ് ഭരണാധികാരികള്‍തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
തൊഴില്‍ - വാണിജ്യ മേഖലകളില്‍ പ്രവാസികളോട് ഭരണകൂടം വെച്ചുപുലര്‍ത്തുന്ന വിശ്വാസ്യതക്കും ആത്മാര്‍ത്ഥതക്കും ലഭിച്ച ഏറ്റവും വലിയ അംഗീകാരവും സാക്ഷ്യപത്രവുമാണ് ഇതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
പ്രവാസികള്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര തിരിച്ചത് രാജ്യങ്ങള്‍ കാണുന്നതിനോ ആസ്വാദനത്തിനോവേണ്ടിയല്ല, മറിച്ചു സ്വന്തം കുടുംബത്തെപോറ്റാനുള്ള വ്യഗ്രതയില്‍ സര്‍വ്വവും മറന്നു പ്രവാസത്തിന്റെ മുള്‍കിരീടം ചാര്‍ത്തിയവരാണ് പ്രവാസികള്‍. എന്നാല്‍ അതോടൊപ്പം രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്നതിലും രാജ്യാന്തര ബന്ധങ്ങളില്‍ സുപ്രധാന കണ്ണികളായിമാറുന്നതിലും പ്രവാസികള്‍ സുപ്രധാന പങ്കുവഹിച്ചു.
അറബ് ഭരണാധികാരികള്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രത്യേക വാത്സല്യവും സ്‌നേഹവും വെച്ചു പുലര്‍ത്തുന്നവരാണെന്നത് പതിറ്റാണ്ടുകളുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിയതാണ്. നൂറ്റാണ്ടുകളുടെ പൈതൃകവും പതിറ്റാണ്ടുകളുടെ പ്രവാസവും ഇഴ ചേര്‍ന്നപ്പോള്‍ രാജ്യാന്തര ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായിമാറി. ഒരുരാജ്യത്തിനും ഒറ്റയ്ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. ഐക്യരാഷ്ട്രസഭകള്‍ സ്‌നേഹത്തിന്റെ ഒത്തുകൂടല്‍ വേദിയാണ്. ലോകരാഷ്ട്രങ്ങളുടെ സഹകരണവും സാമ്പത്തിക-സാങ്കേതിക കൈമാറ്റങ്ങളും അനിവാര്യമായിമാറി. അതിനൂതന സാങ്കേതിക വിദ്യ മനുഷ്യ ചിന്താശേഷിക്കുമപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞു.
പ്രസിഡണ്ട് പി ബാവ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ യുഎഇ പ്രസിഡണ്ടിന്റെ മുന്‍മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷിമി, ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എംഎ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. സഫീര്‍ ദാരിമി ഖിറാഅത്ത് നടത്തി.
ഇന്ത്യന്‍ എംബസ്സി ഡപ്യൂട്ടി ചീഫ് മിഷ്യന്‍ എ അമൃതനാഥ്, യുഎഇ കെഎംസിസി ജനറല്‍ സെ്ക്രട്ടറി അന്‍വര്‍ നഹ, വര്‍ക്കിംഗ് പ്രസിഡണ്ട് യു.അബ്ദുല്ല ഫാറൂഖി, സെക്രട്ടറി എംപിഎം റഷീദ്, അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, സുന്നിസെന്റര്‍ പ്രസിഡണ്ട് കബീര്‍ ഹുദവി പ്രസംഗിച്ചു.
കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്, മോഹന്‍ ജാഷന്‍മാല്‍, സയ്യിദ് പൂകോയതങ്ങള്‍, സിംസാറുല്‍ഹഖ് ഹുദവി, മലയാളി സമാജം പ്രസിഡണ്ട് റഫീഖ്, അബ്ദുല്‍ റഊഫ് അഹ്‌സനി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് ബീരാന്‍കുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ട്രഷറര് എം ഹിദായത്തുല്ല നന്ദി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."