രാജ്യത്ത് പെട്രോള്‍ വണ്ടികള്‍ക്കും വില കൂടുന്നു? പണി വരുന്നത് ഹരിത നികുതിയുടെ രൂപത്തിലെന്ന് സൂചന
രാജ്യത്ത് പെട്രോള്‍ വണ്ടികള്‍ക്കും വില കൂടുന്നു? പണി വരുന്നത് ഹരിത നികുതിയുടെ രൂപത്തിലെന്ന് സൂചന
ഇന്ത്യയില്‍ പെട്രോള്‍ വാഹനങ്ങളുടെ വിലയും കൂടിയേക്കും. ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടമെന്ന വാര്‍ത്തക്കു പിന്നാലെയാണ് പുതിയ നീക്കവുമെത്തുന്നത്. ഇന്ത്യയില്‍ ജൂണ്‍ ഒന്ന് മുതല്‍ ഇലക്ട്രിക് ടൂവീലറുകള്‍ക്കുള്ള സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. തല്‍ഫലമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില കൂടുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഹരിത നികുതിയുടെ രൂപത്തിലാണ് ഇപ്പോള്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്കു പണി കിട്ടുന്നത്. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി (Green Tax) ഏര്‍പ്പെടുത്തണമെന്ന് രാജ്യത്തെ ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് മാനുഫാക്‌ചേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (SMEV) കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് സംഘടന ഈ ആവശ്യം മുന്നോട്ടു വെച്ചത്.
നമ്മുടെ രാജ്യത്ത് വില്‍ക്കുന്ന പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തണമെന്നും അതുകൊണ്ട് ലഭിക്കുന്ന പണം ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കണമെന്നുമാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ഇലക്ട്രിക് ടൂവീലറുകള്‍ക്കുള്ള ഫെയിം II സബ്‌സിഡി കുറച്ചതിനാല്‍ അവയുടെ വില വര്‍ധിക്കാനും അതുവഴി ഇപ്പോഴുള്ള ട്രെന്‍ഡിന് മാറ്റം വരാനും സാധ്യതയുണ്ടെന്നാണ് അസോസിയേഷന്‍ പറയുന്നത്. അതേസമയം, ഇന്ത്യയില്‍ വില്‍ക്കുന്ന പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് ഹരിത നികുതി ചുമത്തുക വഴി ഫെയിം സബ്‌സിഡിക്ക് പുതുജീവനേകുമെന്ന് കരുതുന്നതായി SMEV കത്തില്‍ പറയുന്നു. ഹരിത നികുതിയിലൂടെ ലഭിക്കുന്ന വരുമാനം ഇലക്ട്രിക് ടൂവീലറുകള്‍ക്കുള്ള സബ്‌സിഡിയാക്കി നല്‍കാമെന്നാണ് അവര്‍ പറയുന്നത്. പെട്രോള്‍ ടൂവീലറുകള്‍ പുറംതള്ളുന്ന മലിനീകരണത്തിന്റെ തോത് ഉയര്‍ത്തിക്കാണിച്ചാണ് സംഘടന ഇവികള്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്.
ലോകമെമ്പാടും പരിസ്ഥിതി അവബോധം വളര്‍ന്നു വരികയാണല്ലോ. വരുന്ന തലമുറകള്‍ക്ക് വേണ്ടി പ്രകൃതി നിലനിര്‍ത്താന്‍ ആഗോളതാപനം തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിവിധ ലോക രാജ്യങ്ങള്‍ ഒരുമിച്ച് മുന്നോട്ട് വരികയാണ്. ഇതിനായി അവര്‍ കണ്ട ഒരു പോംവഴിയാണ് ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഉപയോഗം കുറക്കുകയെന്നത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറച്ച് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യയിലെ പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ ഓരോ കിലോമീറ്ററും സഞ്ചരിക്കുമ്പോള്‍ 300 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 1,58,62,087 വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ഓരോ വാഹനവും പ്രതിദിനം ശരാശരി 20 കിലോമീറ്റര്‍ ഓടുന്നു എന്ന് കണക്കാക്കിയാല്‍ ഒരു വര്‍ഷം ഏകദേശം 100 ദശലക്ഷം കിലോ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."