വ്യാജരേഖ കേസ്: കെ. വിദ്യ ഇപ്പോഴും ഒളിവിൽ തന്നെ; അഗളി പൊലിസ് ഇന്ന് കാസർഗോഡ്, വിദ്യയുടെ വീട്ടിൽ പരിശോധന നടത്തും
വ്യാജരേഖ കേസ്: കെ. വിദ്യ ഇപ്പോഴും ഒളിവിൽ തന്നെ; അഗളി പൊലിസ് ഇന്ന് കാസർഗോഡ്, വിദ്യയുടെ വീട്ടിൽ പരിശോധന നടത്തും
കൊച്ചി: മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയുടെ വ്യാജരേഖ കേസിൽ അഗളി പൊലിസ് ഇന്ന് കാസർഗോഡ് എത്തി തെളിവെടുക്കും. വിദ്യയുടെ ബന്ധുക്കളുടെ ഉൾപ്പെടെയുള്ളവരുടെ മൊഴി പൊലിസ് രേഖപ്പെടുത്തും. വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും. അതേസമയം, വിദ്യ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
അധ്യാപക ജോലി നേടാൻ കെ. വിദ്യ വ്യാജ രേഖ സമർപ്പിച്ച കേസിലെ അന്വേഷണത്തിനായി അഗളി പൊലിസാണ് ഇന്ന് കാസർഗോഡ് എത്തുക. അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും അന്വേഷണത്തിന് എത്തുക. സംഘം വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും.
കരിന്തളം ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലും പൊലിസ് സംഘം പരിശോധന നടത്തും. വ്യാജരേഖ സമർപ്പിച്ച് ഗസ്റ്റ് ലക്ചററായി വിദ്യ ഒരു വർഷം ജോലി ചെയ്തത് ഇവിടെയായിരുന്നു, കോളേജിലെത്തുന്ന പൊലിസ് സംഘം പ്രിൻസിപ്പൽ ഇൻ ചാർജ് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും.
ഇതിനിടെ, നീലേശ്വരം പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസിലും കരിന്തളം ഗവൺമെൻറ് കോളേജിലെ മുൻ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. മഹാരാജാസ് കോളേജ് അധികൃതരുടെ മൊഴിയും രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."