സി.പി.എം രാഷ്ട്രീയത്തിൻ്റെ വിചിത്രമുഖം
മാധ്യമവേട്ടയ്‌ക്കൊപ്പം പ്രതിപക്ഷ വേട്ടയും കൂടിയായതോടെ കേന്ദ്രത്തിലെ മോദി സർക്കാരിന്റെ കാർബൺ കോപ്പിയായി മാറുകയാണോ കേരളത്തിലെ പിണറായി സർക്കാരെന്നു തോന്നിപ്പോകും വിധമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില സംഭവങ്ങൾ. വിദേശ വേദികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഊറ്റംകൊള്ളുമ്പോഴാണ് ഇവിടെ, കേരളത്തിൽ പ്രതിപക്ഷ നേതാക്കളെ ഓരോ ദിവസവും പുതിയ കേസുകളിൽ കുരുക്കാനുള്ള ശ്രമം നടക്കുന്നത്.
വർഷങ്ങൾക്ക് മുമ്പുള്ള ചില പരാതികൾ പൊടിതട്ടിയെടുത്താണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നോർക്കുമ്പോഴാണ് സംശയം ബലപ്പെടുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനെതിരേയും കേസെടുത്തിരിക്കുന്നത്. അടുത്തിടെ പ്രതിപക്ഷം സർക്കാരിനെതിരേ കുറേയധികം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിലൊന്നും അന്വേഷണമില്ലെന്നു മാത്രമല്ല, ഇതിനൊക്കെയുള്ള തിരിച്ചടിയും ഭീഷണിയുമാണോ കോൺഗ്രസിലെ പ്രധാന നേതാക്കൾക്കെതിരേ ചുമത്തുന്ന കേസുകൾ എന്ന സംശയമുയരുക സ്വാഭാവികമാണ്.
കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാൽ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലാകരുത് കുറ്റം ചുമത്തലും വിചാരണയും. ഇക്കാര്യം ഉറപ്പുവരുത്താൻ ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മിന് ബാധ്യതയുണ്ട്. സർക്കാരും പൊലിസും എടുക്കുന്ന ഏത് ജനവിരുദ്ധ നടപടികളെയും കണ്ണടച്ച് അംഗീകരിക്കാനും വെള്ളപൂശാനുമുള്ള ശ്രമം സി.പി.എമ്മും സംസ്ഥാന നേതൃത്വവും കാലങ്ങളായി തുടരുന്നുവെന്നത് ദൗർഭാഗ്യകരമാണ്.
സർക്കാരിനെതിരേ ഭരണപാർട്ടിയുടെ നേതാക്കളിൽ നിന്നോ പോഷക സംഘടനളിൽനിന്നോ പ്രതിഷേധമോ എതിർശബ്ദമോ ഉയരാത്തത് ഭരണാധികാരികൾ ഏകാധിപത്യ സ്വഭാവത്തിലേക്ക് വഴുതിപ്പോകാനുള്ള സാധ്യതകളാണ് തുറക്കുന്നത്. കേരളവും ഈ വഴിക്കാണോ ചലിക്കുന്നതെന്നത് ഗൗരവതരമാണ്. മോൺസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ വഞ്ചനക്കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ രണ്ടാംപ്രതിയാക്കിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തു ഹാജരാകാൻ സുധാകരന് നിർദേശവും നൽകിയിരിക്കുന്നു. സുധാകരനെ അറസ്റ്റുചെയ്യാനുള്ള നിയമോപദേശം വരെ പൊലിസ് തേടിയിരുന്നുവെന്നാണ് പുറത്തുവന്ന വാർത്തകൾ. രണ്ടുവർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് കേസെടുത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേയുള്ള കേസ് 2018ലെ പ്രളയകാലത്തുള്ള വിദേശ പണസമാഹരണവുമായി ബന്ധപ്പെട്ട പരാതിയിലുമാണ്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെയൊക്കെയും ക്രമരഹിത ഇടപാടുകൾ അന്വേഷണ പരിധിയിൽ കൊണ്ടുവരേണ്ടതാണ്. അതിന് ഭരണപക്ഷം പ്രതിപക്ഷം എന്ന വേർതിരിവുണ്ടാകുമ്പോഴാണ് വിമർശനമുയരുന്നത്.
രാഷ്ട്രീയ എതിരാളികളെ നേരിടാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്രരീതി കേരളത്തിൽ സി.പി.എം പിന്തുടരുകയാണെന്നാണ് ആക്ഷേപം. അശ്ലീലം എഴുതിക്കൂട്ടിയ ഒരു കമ്മിഷൻ റിപ്പോർട്ടിന്റെ പേരിൽ സോളാർ പരാതിക്കാരിയുടെ മൊഴി പരിഗണിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേയുള്ള ലൈംഗിക ആരോപണങ്ങൾ സി.ബി.ഐക്ക് വിട്ട ഒന്നാം പിണറായി സർക്കാരിന് ഏറ്റ തിരിച്ചടി കേരളം കണ്ടതാണ്. അന്വേഷണം നടത്തിയ സി.ബി.ഐ, ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റാണ് നൽകിയത്. ഈ കേസിൽ എൽ.ഡി.എഫ് സർക്കാർ എടുത്ത നടപടികളും ദുരൂഹത നിറഞ്ഞതും രാഷ്ട്രീയ ധാർമികതയ്ക്ക് നിരക്കാത്തതുമായിരുന്നു. വർഷങ്ങളായി ആഭ്യന്തര വകുപ്പിന്റെ ഫയലിൽ ഉറങ്ങിയ എഫ്.ഐ.ആർ പൊടിതട്ടിയെടുത്ത് വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉമ്മൻ ചാണ്ടിക്കെതിരേ ആദ്യ കേസെടുത്തു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു അടൂർ പ്രകാശ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവെയാണ് കേസിലെ ലൈംഗികാരോപണങ്ങൾ മാത്രം അന്വേഷിക്കാൻ സി.ബി.ഐയെ ഏൽപിച്ചത്. ഇതെല്ലാം വ്യക്തമാക്കുന്നത് കേസുകൾകൊണ്ട് രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാമെന്നു കരുതുന്നവർ ഇടതുപാർട്ടിയുടെ ഉന്നത ശ്രേണിയിലുമുണ്ടെന്നാണ്.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോദി സർക്കാർ പ്രതിപക്ഷത്തെ അടിച്ചമർത്താൻ നടത്തുന്ന നീക്കങ്ങൾക്കെതിരേയുള്ള പ്രതിഷേധ സമരത്തിൽ സി.പി.എമ്മുമുണ്ട്. പിണറായിക്കെതിരേയുള്ള സ്വർണക്കടത്ത് കേസിലുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെതിരേയും സി.പി.എം നടത്തിയിരുന്നു പ്രക്ഷോഭങ്ങളും സമരങ്ങളും. എന്നാൽ ഇതേ സി.പി.എം തന്നെ ഇപ്പോൾ പ്രതിയോഗികളെ അധികാരമുപയോഗിച്ച് നേരിടുന്നത് വിരോധാഭാസവും രാഷ്ട്രീയ ധാർമികതയ്ക്ക് നിരക്കാത്തതുമാണ്.
വി.എസ്-പിണറായി പോരിനുശേഷം ഏറെക്കാലം വ്യക്തികേന്ദ്രീകൃതമായ സി.പി.എമ്മിന്റെ സംസ്ഥാന അമരത്തേക്ക് എം.വി ഗോവിന്ദൻ എത്തിയപ്പോൾ തിരുത്തൽ ശക്തിയാകുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ താത്വികാചാര്യ പരിവേഷത്തിനപ്പുറം എം.വി ഗോവിന്ദനു കടക്കാൻ കഴിയുന്നില്ല എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രശ്‌നം. വാർത്ത റിപ്പോർട്ട് ചെയ്തതിനു സ്വകാര്യ ചാനൽ ലേഖികയ്‌ക്കെതിരേ പൊലിസ് ചുമത്തിയ ഗൂഢാലോചനക്കുറ്റത്തെ പരസ്യമായി ന്യായീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് ഇതിന് ഉദാഹരണമാണ്.
കേന്ദ്രം മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി ജയിലിലടയ്ക്കുകയാണ് എന്നാണ് ഇന്നലെയും സി.പി.എം ജനറൽ സെക്രട്ടറി സീതാറം യച്ചൂരി പറഞ്ഞത്. എന്നാൽ സർക്കാരിനേയും എസ്.എഫ്.ഐയേയും അപകീർത്തിപ്പെടുത്തിയാൽ ഇനിയും മാധ്യമപ്രവർത്തകർക്കെതിരേ കേസെടുക്കുമെന്നാണ് സംസ്ഥാന സെക്രട്ടറി ആവർത്തിക്കുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുവേണ്ടി ശബ്ദമുയർത്തുന്ന പാർട്ടിയുടെ നേതാവാണ് ഈ വൈരുദ്ധ്യനിലപാടിന്റെ വക്താവുമാകുന്നത്. ഇതൊക്കെ നിരീക്ഷിക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ വയിച്ചെടുക്കാവുന്ന പാഠമാണ്, കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒരു നാണയത്തിൻ്റെ ഇരുപുറങ്ങളാണ് എന്നത്. അതി വിചിത്രമാണ് ഇൗ രാഷ്ട്രീയ രീതി എന്നു പറയാതെവയ്യ
Content Highlights:Editorial About C.P.M
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."