ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അബ്ദുല്‍ കലാമിന്റേയും വാജ്‌പേയിയുടേയും പേരില്‍ സ്‌കോളര്‍ഷിപ്പ് ? വാസ്തവം ഇങ്ങനെ
അബ്ദുല്‍ കലാമിന്റേയും വാജ്‌പേയിയുടേയും പേരില്‍ സ്‌കോളര്‍ഷിപ്പ് ? വാസ്തവം ഇങ്ങനെ
പരീക്ഷാഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട മെസേജുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വ്യാപകമായിരിക്കുകയാണ്. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡോ. അബ്ദുള്‍ കലാമിന്റെയും വാജ്‌പേയിയുടെയും പേരില്‍ പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചതായാണ് പ്രധാനമായും പ്രചരിക്കുന്നത്.
75% മാര്‍ക്കോടെ പത്താം ക്ലാസും, 85% മാര്‍ക്കോടെ 12ാം ക്ലാസും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും, മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെയും പേരിലുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുകയെന്നാണ് സന്ദേശത്തിലെ അവകാശവാദം. ഇതിനുള്ള അപേക്ഷ മുന്‍സിപ്പല്‍ ഓഫീസുകളില്‍നിന്നു ലഭിക്കുമെന്നും സന്ദേശത്തിലുണ്ട്. WP (MD) NO.20559 / 2015 എന്നൊരു ഹൈക്കോടതി ഉത്തരവിന്റെ നമ്പരും ഇതോടൊപ്പം നല്‍കിയതായി കാണാം.
എന്നാല്‍ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. 10,12 ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഇത്തരത്തിലുള്ള സ്‌കോളര്‍ഷിപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍ രാജ്യത്ത് നിരവധി സ്‌കോളര്‍ഷിപ്പുകള്‍ നിലവിലുണ്ട്. ഇതില്‍ സര്‍ക്കാര്‍ തലത്തിലുള്ളത് കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ്. സംസ്ഥാനത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍നിന്ന് സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പ്.
കൂടാതെ 'അടല്‍ ബിഹാരി വാജ്‌പേയി ജനറല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീം' എന്നൊരു സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്.എന്നാലിത് ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കല്ലെന്ന് മാത്രം. കേന്ദ്ര വിദേശകാര്യ വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ബിരുദ പിഎച്ച്.ഡി പഠനങ്ങള്‍ക്കായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കാണിത് ലഭിക്കുക.
അതായത് 10, 12 ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിക്കള്‍ക്ക് ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെയും വാജ്‌പേയിയുടെയും പേരില്‍ പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു എന്ന പ്രചാരണം വ്യാജമാണ്. അതുപോലെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രേരണ എന്‍.ജി.ഒ. ഉപരിപഠന സഹായം നല്‍കുന്നു എന്ന പ്രചാരണവും വ്യാജമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."