സ്വകാര്യത നഷ്ടപ്പെട്ട വ്യക്തിവിവരങ്ങൾ
വ്യക്തിഗത വിവര ചോർച്ചയിൽ ആധിപൂണ്ടിരിക്കുകയാണ് രാജ്യം വീണ്ടും. എല്ലാം സുരക്ഷിതമെന്ന് ആവർത്തിച്ച് അവകാശപ്പെടുന്ന ഭരണകൂടത്തിന്റെ കൺമുന്നിലാണ് രാജ്യത്തെ പൗരന്റെ വ്യക്തിവിവരങ്ങൾ പൊതുഇടത്തിൽ ലഭ്യമാകുന്ന അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷം, കൊവിൻ ആപ്പിലെ ഡാറ്റാ ചോർച്ചയിലൂടെ സംഭവിച്ചിരിക്കുന്നത്. സമ്പൂർണ ഡിജിറ്റൽ യുഗത്തിലേക്ക്, അഭിമാനത്തോടെ നടന്നടുക്കുന്നതിനിടയിലും നമ്മൾ അറിയാതെ നമ്മുടെ വിവരങ്ങൾ ഡിജിറ്റൽ സ്‌പേസിൽ ലഭ്യമാകുന്ന വിധത്തിലുള്ള വിവര ചോർച്ച ഒട്ടും ചെറിയ കാര്യമല്ല.
രാജ്യത്തെ പൗരൻമാർ കൊവിഡ് മഹാമാരി കാലത്ത് വാക്‌സിൻ എടുക്കുന്നതിന് കൊവിൻ ആപ്പിൽ നൽകിയ പേര്, ആധാർ വിവരങ്ങൾ, പാസ്‌പോർട്ട്, പാൻ കാർഡ് വിവരങ്ങൾ, ജനന വർഷം, വാക്‌സിനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് ചോർന്നത്. ഹാക്ക് ഫോർ ലോൺ എന്ന ടെലഗ്രാം ബോട്ടിലൂടെയാണ് വിവരങ്ങൾ പുറത്തായത്. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ആധാർ വിവരങ്ങളടക്കമുള്ള രേഖകളാണ്, ചോർന്നുകിട്ടിയതെന്ന് അവകാശപ്പെട്ട് ടെലഗ്രാം ബോട്ട് പുറത്തുവിട്ടത്. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ഫോൺ നമ്പറും ഒ.ടി.പിയും കൊവിൻ ആപ്പിൽ നൽകിയാൽ മാത്രം ലഭ്യമാകുന്ന വിവരങ്ങൾ എങ്ങനെയാണ് ടെലഗ്രാം ബോട്ടിലെത്തിയതെന്ന ഗൗരവമേറിയ ചോദ്യത്തിന് പക്ഷേ, കേന്ദ്ര ആരോഗ്യ-ഐ.ടി മന്ത്രാലയങ്ങൾക്ക് മറുപടിയില്ല. പൗരൻമാരുടെ വ്യക്തിവിവരങ്ങൾ പരസ്യമാക്കപ്പെട്ട് ഇരുപത്തിനാല് മണിക്കൂർ തികഞ്ഞ ശേഷമാണ് കേന്ദ്രസർക്കാരിൽനിന്ന് ഭാഗികമായ വിശദീകരണം പുറത്തുവന്നത്. കൊവിൻ ആപ്പിൽനിന്ന് പൗരന്റെ വ്യക്തിവിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും വിവരങ്ങൾ ഇപ്പോഴും സുരക്ഷിതമാണെന്നും കേന്ദ്ര ഐ.ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞെങ്കിലും പുറത്തുവന്ന വിവരങ്ങൾ ചോദ്യചിഹ്നമായി ബാക്കിനിൽക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര അന്വേഷണത്തിന് ഐ.ടി മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
ഫോൺ നമ്പറോ ആധാർ നമ്പറോ നൽകിയാൽ കൊവിൻ ആപ്പിലെ ഡാറ്റ മുഴുവനായി ടെലഗ്രാമിൽ ലഭ്യമാകുന്ന സ്ഥിതി അതീവ സുരക്ഷാവീഴ്ച തന്നെയാണ്. അതിർത്തിയില്ലാത്ത ഡിജിറ്റൽ ലോകത്ത്, സെർച്ച് എൻജിനുകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വ്യക്തിവിവരങ്ങളുടെ ശേഖരം ലോകത്തെവിടെ നിന്നും ആർക്കു വേണമെങ്കിലും ചോർത്താനാകുന്ന സ്ഥിതി നമ്മുടെ ഡിജിറ്റൽ മേഖലയുടെ പരിമിതിയോ ദൗർബല്യമോ ആണ്. വ്യക്തിവിവരം ചോരുക വഴി വ്യക്തിക്കും സമൂഹത്തിനുമുണ്ടായേക്കാവുന്ന ആഘാതത്തിന്റെ പരിധി വിവരിക്കാവുന്നതിനുമപ്പുറമാണ്.
അതുകൊണ്ടുതന്നെ, വിവര ചോർച്ച ഏതെങ്കിലും വ്യക്തിക്കോ സമുദായത്തിനോ പാർട്ടിക്കോ മാത്രമല്ല, സമൂഹത്തെ മൊത്തം ബാധിക്കുന്ന ഒന്നാണ്. എന്നാൽ ഇൗ ഗുരുതരമായ വീഴ്ച ഉൾക്കൊണ്ട സമീപനം കൊവിൻ ആപ്പിന്റെ നടത്തിപ്പുകാർക്കോ മേൽനോട്ടക്കാർക്കോ ഉണ്ടായില്ല എന്നത് അതിശയകരംതന്നെ. കൊവിൻ ആപ്പിൽ വിവര ചോർച്ചയുണ്ടാകുന്നത് ഇതാദ്യമല്ല. 2021 ജൂണിലും 2022ലും സമാനമായ പരാതി ഉയർന്നതാണ്. 2021ൽ ഡാർക്ക് ലീക്ക് മാർക്കറ്റ് എന്ന ഹാക്കർമാർ പറഞ്ഞത്, 15 കോടി ഇന്ത്യക്കാരുടെ കൊവിൻ ആപ്പ് വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നാണ്. ഇത് സാധൂകരിക്കുന്ന തെളിവുകളും അവർ പുറത്തുവിട്ടിരുന്നു. എന്നാൽ അന്നും വിവര ചോർച്ചയുണ്ടാകില്ലെന്ന പ്രതിരോധമാണ് കേന്ദ്രം ഉയർത്തിയത്.
കൊവിൻ ആപ്പ് പുറത്തിറക്കിയ സമയത്ത് പ്രധാനമന്ത്രി ഉൾപ്പെടെ അവകാശപ്പെട്ടിരുന്നത്, ഒരു കാരണവശാലും പോർട്ടലിലെ വ്യക്തിഗത വിവരങ്ങൾ പുറത്തുപോവില്ലെന്നും തീർത്തും സുരക്ഷിതമാണ് അതെന്നുമാണ്. എന്നാൽ, വാക്‌സിനെടുത്ത പലരുടെയും വ്യക്തിഗത വിവരങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ സമൂഹമാധ്യങ്ങൾ വഴി പുറത്തുവന്നതോടെ കേന്ദ്രം നിലപാട് മാറ്റി. കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്നില്ലെന്നും വ്യാജമായി സൃഷ്ടിച്ചെടുത്ത ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊവിൻ പോർട്ടലിലെ വിവര ചോർച്ച ആരോപിക്കുന്നതെന്നുമുള്ള ആദ്യ പ്രസ്താവന തിരുത്തി കൊവിൻ ഇതര ഡാറ്റാ ബേസുകളിൽ നിന്ന് മുൻപ് ചേർന്ന വിവരങ്ങളാണ് ടെലഗ്രാം വഴി പുറത്തുവിട്ടതെന്നാണ് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
എന്നാൽ, ഇൗ വാദവും കൂടുതൽ സംശയത്തിനിടയാക്കുന്നതാണ്. ഏത് ഡാറ്റാ ബേസിലെ വിവരമാണ് നേരത്തെ ചോർന്നതെന്ന് കേന്ദ്രം ഇതുവരെയും വ്യക്തമാക്കിയിട്ടില്ലതാനും. ആധാർ വിവരങ്ങളടക്കം പുറത്തായ രേഖകൾ കൊവിൻ ആപ്പിൽ നിന്നല്ലെങ്കിൽ മറ്റെവിടുന്ന് എന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നു. കൊവിൻ ആപ്പിൽ നിന്നല്ല വിവര ചോർച്ചയുണ്ടായതെങ്കിൽ സമാനമായ വിവിധോദ്ദേശ്യ ആപ്പുകൾ നിരവധിയുണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ. എല്ലാ ആപ്പിലും വിവരങ്ങൾ താഴിട്ടു പൂട്ടും(എൻക്രിപ്ഷൻ) എന്ന ഉറപ്പോടെയാണ് ഗുണഭേക്താക്കൾ തങ്ങളുടെ വ്യക്തിവിവരങ്ങൾ നൽകിയിട്ടുള്ളത്. അത്തരം വിവരങ്ങളാണ് തടസമേതുമില്ലാതെ ടെലഗ്രാം പോലുള്ള പോർട്ടലുകൾ വഴി പുറത്തുവരുന്നത് എന്നത് നമ്മുടെ ഡിജിറ്റൽ സുരക്ഷ പോലും സംശയിക്കപ്പെടുന്ന വിധത്തിലാണെന്ന സന്ദേശമാണ് നൽകുന്നത്.
ഹാക്കിങ് ഉൾപ്പെടെയുള്ള കടന്നുകയറ്റങ്ങളെ ചെറുക്കാനുള്ള അതീവ സുരക്ഷയിലാണ് കൊവിൻ ആപ്പുൾപ്പെടെ ഡാറ്റ സൂക്ഷിച്ചിരിക്കുന്നത്. ഇങ്ങനെ സൂക്ഷിക്കപ്പെട്ട ഡാറ്റകളുടെ സ്റ്റോറേജിലേക്ക് ഒരുതരത്തിലും കടന്നുകയറാനോ വിവരം ചോർത്താനോ സാധിക്കില്ലെന്ന് പലകുറി പാർലമെന്റിലടക്കം കേന്ദ്ര സർക്കാർ പ്രസ്താവിച്ചതുമാണ്. എന്നിട്ടും, ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി, രാജ്യസഭാ എം.പിമാരായ കെ.സി വേണുഗോപാൽ, ഡെറിക് ഒബ്രിയാൻ, മുൻ കേന്ദ്രമന്ത്രി പി. ചിദംബംരം തുടങ്ങിയവർ കൊവിൻ ആപ്പിൽ നൽകിയ വ്യക്തി വിവരങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തു പാറി നടക്കുന്നു! ഇതെങ്ങനെ സംഭവിച്ചു എന്ന് വ്യക്തമാക്കേണ്ടത് കേന്ദ്രസർക്കാരാണ്. ദുരൂഹതകൾ വ്യാപിച്ച ഇൗ സാഹചര്യത്തിൽ കൊവിൻ ആപ്പിലെ വിവരചോർച്ചയിൽ സമഗ്ര അന്വേഷണമാണ് കരണീയമായുള്ളത്. കാരണം രാജ്യത്തെ ശതകോടി ജനങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണിത്.
Content Highlights: editorial about privacy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."