രാജസേനന്‍, ഭീമന്‍ രഘു, അലി അക്ബര്‍, ബി.ജെ.പിയില്‍ നിന്നു പുറത്തേക്കിനി ആര്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം
രാജസേനന്‍, ഭീമന്‍ രഘു, അലി അക്ബര്‍, ബി.ജെ.പിയില്‍ നിന്നു പുറത്തേക്കിനി ആര്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം
കൊച്ചി: രാജസേനന്‍, ഭീമന്‍ രഘു, അലി അക്ബറെന്ന രാമസിംഹന്‍. അടുത്തത് ആരാകും ബി.ജെ.പിയില്‍ നിന്ന് കൊഴിഞ്ഞുപോകുക. രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. ബി.ജെ.പിയില്‍ നിന്നുള്ള പ്രമുഖരുടെ കൊഴിഞ്ഞുപോക്കില്‍ കേരള നേതൃത്വവും ആശങ്കയിലാണ്. കടുത്ത നിരാശയില്‍ നിന്നാണ് എല്ലാവരും കൊഴിഞ്ഞുപോകുന്നത്. കലാകാരന്‍മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയ സംഘടനയല്ല ബി.ജെ.പി എന്നാണ് പോയവരൊക്കെ പറയുന്നത്.
കടുത്ത അവഗണനയാണ് തനിക്ക് ബി.ജെ.പിയില്‍ നിന്നുണ്ടായതെന്നും അത് താങ്ങാന്‍ കഴിയാത്തതാണെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന രാജസേനന്‍ പാര്‍ട്ടി വിടുമ്പോള്‍ പ്രതികരിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ കൈയില്‍നിന്ന് പണമെടുത്താണ് ചെലവാക്കിയത്. പണം തിരിച്ചു നല്‍കിയില്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു. ബി.ജെ.പിയില്‍ പോയതോടെ സിനിമയിലെ സുഹൃത്തുക്കള്‍ തന്നില്‍നിന്ന് അകന്നതായും രാജസേനന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ബി.ജെ.പി അവസരം തന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെയാണ് കടന്നുപോകേണ്ടിവന്നതെന്നും തനിക്ക് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ലെന്നുമായിരുന്നു ഭീമന്‍ രഘുവിന്റെ പ്രതികരണം. രാഷ്ട്രീയപ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളായിട്ടും ഞാന്‍ പ്രതീക്ഷിച്ചതല്ല ബിജെപിയില്‍ അംഗത്വമെടുത്ത ശേഷം സംഭവിച്ചതെന്നും കടുത്ത നിരാശയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ച വിവരം ഫേസ്ബുക്കിലൂടെയാണ് വീണ്ടും വ്യക്തമാക്കിയത്. പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചു. താന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും എല്ലാത്തില്‍ നിന്നും മോചിതനായി തികച്ചും സ്വതന്ത്രനായെന്നും അദ്ദേഹം കുറിച്ചു.
പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. രാജിക്കത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കൈമാറുകയായിരുന്നു.
അതേ സമയം സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തെത്തി. സംവിധായകന്‍ അലി അക്ബര്‍ നേരത്തെ തന്നെ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന അലി അക്ബര്‍ സ്ഥാനം ഒഴിയുന്നതായി ഏഴുമാസം മുമ്പാണ് അറിയിച്ചത്. വീണ്ടും അദ്ദേഹം രാജിവെക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഓരോ വ്യക്തിയും രാജിവെച്ചു പോകുന്നത് നിര്‍ഭാഗ്യകരമാണെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
ഓരോ വ്യക്തിയും പോകുന്നത് നിര്‍ഭാഗ്യകരമാണ്. ബി.ജെ.പിയില്‍ നിന്ന് ആരെങ്കിലും വിട്ടുപോകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പരിശോധിക്കും. ഓരോരുത്തരും അവരവരുടെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് പോകുന്നത്. കലാകാരന്മാര്‍ക്ക് പാര്‍ട്ടി നല്ല പരിഗണന നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."