അറഫ ഖുതുബ നിർവ്വഹിക്കുക ശൈഖ് യൂസുഫ് ബിൻ മുഹമ്മദ്
മക്ക: പ്രമുഖ സഊദി ഇസ്‌ലാമിക പണ്ഡിതനും ഉന്നത പണ്ഡിത സഭ അംഗവുമായ ശൈഖ് യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അറഫ സംഗമത്തിൽ ഖുതുബ നിർവ്വഹിക്കും. വിശുദ്ധ ഹറം പള്ളി ഇമാമും പ്രഭാഷകനുമായ ശൈഖ് മാഹിർ ബിൻ ഹമദ് അൽ മുഐകിലി റിസർവ് ഇമാമായിരിക്കും. ഇത് സംബന്ധിച്ച് സൗദിയിലെ ഉന്നത അധികാരികൾ ഉത്തരവിറക്കി.
ശൈഖ് ബിൻ സഈദ് മക്കയിലെ ഹറം മസ്ജിദിലും മദീനയിലെ പ്രവാചകപള്ളിയിലും മറ്റ് നിരവധി പള്ളികളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 20 വർഷത്തിലേറെയായി നിരവധി മസ്ജിദുകളിലും ഈദ് പ്രാർത്ഥനാ സംഗമങ്ങളിലും പ്രബോധകനായും പ്രവർത്തിച്ചു. നേരത്തെ നാല് വർഷത്തേക്ക് ഇസ്‌ലാമിക് അഫയേഴ്‌സ് ഡെപ്യൂട്ടി മന്ത്രിയായി അദ്ദേഹത്തെ നിയമിച്ചിരുന്നു. ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ വിവിധ അക്കാദമിക് തസ്തികകൾക്ക് പുറമെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ, ടീച്ചിംഗ് അസിസ്റ്റന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ സൈബർ സെക്യൂരിറ്റി കമ്മിറ്റി അധ്യക്ഷൻ, വിശുദ്ധ ഖുർആൻ മത്സര സമിതി തലവൻ, ഹജ്ജ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ പദവികളിലും കിംഗ് ഫഹദ് ഖുർആൻ പ്രിന്റിംഗ് കോംപ്ലക്സിലെ ഖുർആൻ പരിഭാഷാ കമ്മിറ്റിയുടെ തലവൻ തുടങ്ങി നിരവധി പദവികളിലും ശൈഖ് ബിൻ സയീദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിയാദിലെ കോളജ് ഓഫ് ഫണ്ടമെന്റൽസ് ഓഫ് റിലീജിയനിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും നേടിയ ശൈഖ് ബിൻ സഈദ്, 30 ലധികം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."