ബാലവേദിയിലൂെട കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ യുവ നേതൃനിര
തിരുവനന്തപുരം: സംഘടനയെ ശക്തമാക്കാനും ചെറുപ്രായത്തില്‍ തന്നെ ഉത്തമ പാര്‍ട്ടിപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാനും ബാലസംഘടനയായ ബാലവേദിയെ മാറ്റാന്‍ കോണ്‍ഗ്രസിലെ യുവരക്തങ്ങള്‍ രംഗത്തിറങ്ങുന്നു. സി.പി.എമ്മിന്റെ ബാലസംഘടനയായ ബാലസംഘത്തിനും ബി.ജെ.പിയുടെ ബാലഗോകുലത്തിനും സമാനമായാണ് ബാലവേദിയും വളര്‍ത്തുന്നത്.
ഇന്ന് നടക്കുന്ന ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശോഭായാത്രകളിലെ കുട്ടികളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്. ഇതിനെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന്റെ ബാലസംഘടനയായ ബാലസംഘവും കുട്ടികളെ ഘോഷയാത്രയുമായി രംഗത്തിറക്കുന്നുണ്ട്.
കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും അനുഭാവികളുടെയും വീടുകളില്‍നിന്നുള്ള കുട്ടികള്‍പോലും ഇത്തരത്തില്‍ കൃഷ്ണനായും രാധയായും മറ്റും അണിഞ്ഞൊരുങ്ങി ശോഭായാത്രകളില്‍ പങ്കെടുക്കുകയും ബാലഗോകുലത്തിന്റെ വിവിധങ്ങളായ പഠനക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നത് പതിവാണ്. ഇതേ തുടര്‍ന്നാണ് ബാലവേദി ശക്തിപ്പെടുത്തി വിവിധങ്ങളായ റാലികളും പഠനക്ലാസുകളും സംഘടിപ്പിച്ച് മുന്നേറാന്‍ കോണ്‍ഗ്രസ് സംസ്ഥാനഘടകത്തെ പ്രേരിപ്പിച്ചത്.
സി.പി.എം നിയന്ത്രണത്തിലുള്ള ബാലസംഘം സംസ്ഥാനത്ത് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഇതിനോടകം വേരോട്ടം നടത്തിക്കഴിഞ്ഞു. വേനല്‍ അവധിക്കാലത്ത് എല്ലാ പ്രദേശങ്ങളിലും സംഘടിപ്പിക്കുന്ന വേനല്‍ത്തുമ്പികള്‍ എന്ന ക്യാംപും കലാജാഥയും കുട്ടികളെ ആകര്‍ഷിച്ചിട്ടുണ്ട്. ഇതിന്റെ രക്ഷാധികാരി സമിതി ഭാരവാഹികള്‍ സി.പി.എമ്മിലെ യുവ നേതൃനിരയാണ്.
കുട്ടികള്‍ വഴി തന്നെ കെ.എസ്.യുവിനെയും കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തുക എന്നതാണ് ബാലവേദിയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ചെങ്ങന്നൂരില്‍ പി.സി വിഷ്ണുനാഥ്, കായംകുളം എം.ലിജു, ചേര്‍ത്തല എസ്.ശരത്, കരുനാഗപ്പള്ളി സി.ആര്‍ മഹേഷ്, തൃശൂര്‍ പത്മജാവേണുഗോപാല്‍ തുടങ്ങിയവരെ ചെയര്‍മാന്‍മാരായി അതത് മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയോഗിച്ചുകഴിഞ്ഞു. ബാക്കി മണ്ഡലങ്ങളിലും ഉടന്‍ ബാലവേദി വിളിച്ച് ചെയര്‍മാന്‍മാരെ നിശ്ചയിച്ച് പ്രവര്‍ത്തനം ശക്തമാക്കുവാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."