മുഗളരെവെറുക്കുന്നവരുടെ പ്രത്യയശാസ്ത്രം
ഡോ.ടി.എസ്.ശ്യാം കുമാർ
മുഗൾ ഭരണത്തോടും മുഗൾ ഭരണാധികാരികളോടും മുസ്ലിംകളോടുമുള്ള വെറുപ്പ് പുതിയ പ്രതിഭാസമല്ല. മുഗളരെയും മുസ് ലിംകളെയും അപരവൽക്കരിക്കുന്ന 'സംസ്കാരം' ബ്രിട്ടിഷ് കൊളോണിയൽ അധിനിവേശത്തിന് ശേഷം ഉണ്ടായി വന്നതാണെന്ന് ചിലർ വാദിക്കുന്നുണ്ട്. ഹിന്ദു ഇന്ത്യ, മുഗൾ ഇന്ത്യ, ബ്രിട്ടിഷ് ഇന്ത്യ എന്നിങ്ങനെയുള്ള കൊളോണിയൽ ചരിത്രകാരന്മാരുടെ ചരിത്ര വിഭജനമാണ് മുഗൾ അപരവൽക്കരണത്തിന്റെ അടിസ്ഥാന ഹേതു എന്നും കരുതുന്നവരുണ്ട്. എന്നാൽ, മുഗളരോടും മുസ്ലിംകളോടുമുള്ള വെറുപ്പ് ബ്രിട്ടിഷ് അധിനിവേശത്തോടെ സൃഷ്ടിക്കപ്പെട്ട ഒന്നല്ലെന്നും അതിലും ആഴത്തിലാണ് അതിന്റെ ചരിത്രബന്ധമെന്നും ഇന്ത്യാ ചരിത്ര പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
മുഴുവൻ ഹിന്ദുക്കളാലും വെറുക്കപ്പെട്ട മുഗൾ ഭരണം നിലനിന്നിരുന്നുവെന്നാണ് ഹിന്ദുത്വർ ശക്തമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ, മുഗൾ ഭരണ കാലത്ത് ഇത്തരമൊരു ഹിന്ദുസ്വത്വം നിലനിന്നിരുന്നില്ല എന്നതാണ് ചരിത്ര വസ്തുത. ഇക്കാലത്തെ മത വ്യവസ്ഥയെ ബ്രാഹ്മണ മതം എന്ന് അടയാളപ്പെടുത്തുകയാണ് കൂടുതൽ ഉചിതം. ആയിരക്കണക്കിന് ജാതികളായി പരസ്പരം വെറുത്തും വിദ്വേഷിച്ചും കഴിഞ്ഞിരുന്ന ഇന്ത്യക്കാർക്കിടയിൽ ഹിന്ദു എന്ന 'ഐക്യ മത' ബോധം നിലനിന്നിരുന്നില്ല. ബ്രിട്ടിഷ് സെൻസസിന്റെ സവിശേഷ ഘട്ടത്തിലാണ് ഹിന്ദു എന്ന പൊതു മതം നിർമിക്കപ്പെട്ടത്. അതിനു മുൻപ് വ്യത്യസ്ത ജാതി വിഭാഗങ്ങൾക്കെല്ലാവർക്കും ഒരുപോലെ ബാധകമായ ഒരു ഹിന്ദുമതം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മുഴുവൻ ഹിന്ദുക്കളാൽ വെറുക്കപ്പെട്ട മുഗൾ മുസ്ലിം ഭരണം നിലനിന്നിരുന്നു എന്ന വാദം തന്നെ ചരിത്ര വിരുദ്ധമാണ്.
സർവോപരി ഇക്കാലത്ത് മുഗൾ സഭയിൽ ധാരാളം ബ്രാഹ്മണർ അംഗങ്ങളുമായിരുന്നു. ഭൂമിയും ധനവും സ്വർണവും ബ്രാഹ്മണർ മുഗൾ രാജാക്കന്മാരിൽ നിന്ന് ദാനമായി സ്വീകരിച്ചിരുന്നു. പ്രസിദ്ധ സംസ്കൃത സാഹിത്യ പണ്ഡിതനായ ജഗന്നാഥ പണ്ഡിതർ മുഗൾ രാജസദസിൽ അംഗമായിരുന്നു. ജഗന്നാഥർ മുഗൾ ഭരണത്തെ തന്റെ കൃതികളിൽ മനോഹരമായ കാലമായാണ് ചിത്രീകരിച്ചിട്ടുള്ളത്. മുഗൾ ഭരണ കാലത്ത് ഭൂമിയുടെ അധികാരം ഭൂരിഭാഗവും കൈക്കലാക്കിയിരുന്നത് സവർണ ജന്മികൾ തന്നെയായിരുന്നു. ഇങ്ങനെ പല വിതാനങ്ങളിൽ സവർണ ബ്രാഹ്മണ വിഭാഗങ്ങൾക്ക് തീർത്തും സുവർണമായിരുന്ന ഒരു കാലത്തെയാണ് ഇന്ന് സവർണ ഹിന്ദുത്വർ ഇരുണ്ട കാലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്.
മുഗൾ മുസ്ലിം വിഭാഗത്തെ ഹീനരായി അടയാളപ്പെടുത്തുന്നതിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് വർണ ധർമ ബോധമായിരുന്നു എന്ന് ചരിത്രത്തെളിവുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇന്ത്യൻ സവർണർ ബ്രാഹ്മണ ത്രൈവർണിക വിഭാഗങ്ങൾ ഒഴികെയുള്ള മുഴുവൻ ജനവിഭാഗങ്ങളെയും അപരരായും അസ്പൃശ്യരായുമാണ് സ്ഥാനപ്പെടുത്തിയത്. മുസ്ലിംകളെയും മുഗളരെയും സൂചിപ്പിക്കാൻ സംസ്കൃതത്തിൽ ചണ്ഡാളർ, മ്ലേച്ഛർ, പുളിന്ദർ, പാഷണ്ഡർ തുടങ്ങിയ പദങ്ങളാണ് പ്രയോഗിച്ചിരുന്നത്. മനുസ്മൃതി ഉൾപ്പെടെയുള്ള ധർമശാസ്ത്രങ്ങൾ അസ്പൃശ്യരിൽ തന്നെ ഏറ്റവും ഹീനരായാണ് ചണ്ഡാളരെ കണ്ടിരുന്നത്. 'മ്ലേച്ഛ' എന്ന പ്രയോഗം അർഥമാക്കുന്നത് 'അവ്യക്തമായി സംസാരിക്കുക' എന്നാണ്. പുളിന്ദർ ഗോത്രവർഗത്തെയാണ് കുറിക്കുന്നത്.
വൈഷ്ണവ ധർമ ശാസ്ത്രം മ്ലേച്ഛദേശം എന്നതുകൊണ്ട് അർഥമാക്കുന്നത് വർണവ്യവസ്ഥക്ക് പുറത്തുള്ളവർ ജീവിക്കുന്ന പ്രദേശമെന്നാണ്. കൂടാതെ വർണവ്യവസ്ഥയുടെ ശത്രുക്കളെയും ഗോത്രവിഭാഗങ്ങളെയും കുറിക്കാനാണ് മ്ലേച്ഛർ എന്ന പദം ഉപയോഗിച്ചിരുന്നത്. ഇങ്ങനെ നോക്കുമ്പോൾ മുസ്ലിംകളെയും മുഗൾ ഭരണാധികാരികളെയും വെറുപ്പോടെ കാണാൻ സവർണരെ പ്രേരിപ്പിച്ചത് വർണ ധർമത്തിന്റെ പ്രത്യയ ബോധമാണെന്ന് ദർശിക്കാം. ഹീനമായ ജാതി വ്യവസ്ഥയുടെ ശ്രേണീകൃത അസമത്വ ബോധമാണ് അയിത്തക്കാരായി മുസ്ലിംകളെയും മുഗളരെയും പരിഗണിക്കാൻ സവർണ ബ്രാഹ്മണ്യത്തെ പ്രേരിപ്പിച്ചത്.
ഇന്ന് വ്യാഖ്യാനിക്കപ്പെടുന്ന വിധത്തിൽ ഒരു 'പൊതു മുസ്ലിം' മുഗൾ ഭരണ കാലത്ത് നിലനിന്നിരുന്നില്ല. മുസ്ലിംകളെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച 'യവന' എന്ന പ്രയോഗം തന്നെ ഇതിന്റെ തെളിവാണ്. മുസ്ലിം ജന വിഭാഗങ്ങളെ സൂചിപ്പിക്കാൻ 'തുരുഷ്ക' എന്ന പ്രയോഗവും സംസ്കൃതത്തിൽ കാണാം. കൂടാതെ, ചണ്ഡാളർ, ഹമ്മീരർ, മൗസലർ, മ്ലേച്ഛർ, മുദ്ഗലർ, പുളിന്ദർ, ശാഹി, ശക, ശകേന്ദ്ര, സുരത്രാണ, താജിക, താമ്ര തുടങ്ങിയ പേരുകളിൽ മുസ്ലിംകളെയും മുഗൾ ഭരണാധികാരികളെയും അടയാളപ്പെടുത്തിയിരുന്നു.
മുസ്ലിംകളെ സൂചിപ്പിക്കുന്ന 'തുരുഷ്ക' എന്ന പ്രയോഗത്തിന്റെ ആദ്യ സൂചന പൊതുവർഷം ( CE) ഏഴ്, എട്ട് നൂറ്റാണ്ടുകളിലെ രേഖകളിൽ കാണാം (Navasari Plate CE 738, Chinchani Rashtrakuta Grant CE 928 ). പൊതുവർഷം 1200ന് മുൻപുള്ള സംസ്കൃത ഉപാദാനങ്ങളിൽ മുസ്ലിംകളെ സൂചിപ്പിക്കാൻ ചണ്ഡാളർ എന്ന പദമാണ് ഉപയോഗിച്ചിരുന്നത്. ദേവലസ്മൃതി (C. 800-1000 CE) യിൽ മുസ്ലിംകളെ ചണ്ഡാളർ എന്നാണ് അടയാളപ്പെടുത്തുന്നത്. മുസ്ലിംകൾ കടന്നു വന്നതു നിമിത്തം സവർണർ അശുദ്ധരായിത്തീർന്നതായും ദേവലസ്മൃതി പ്രസ്താവിക്കുന്നു. കാലചക്ര തന്ത്രം എന്ന ബൗദ്ധ തന്ത്ര ഗ്രന്ഥം മുസ്ലിംകളെ തായിൻ, താജിക എന്നൊക്കെയാണ് വിളിക്കുന്നത്. പൊതുവെ മുസ്ലിംകളെ മ്ലേച്ഛർ എന്നാണ് കാലചക്ര തന്ത്രം അടയാളപ്പെടുത്തുന്നത്. കൽഹണൻ രാജതരംഗിണിയിൽ മുസ്ലിംകളെ മ്ലേച്ഛർ എന്നാണ് സ്ഥാനപ്പെടുത്തുന്നത്. ജനംഗമർ, അസുരർ, രാക്ഷസർ, അധമർ, പാപികൾ എന്നിങ്ങനെയുള്ള മുദ്രകളിലും മുസ്ലിംകളെ അടയാളപ്പെടുത്തിയിരുന്നു.
മുഹമ്മദ് ഗസ്നിയുടെ കടന്നു കയറ്റങ്ങളെ പറ്റി വർണിക്കുമ്പോൾ കൽഹണന്റെ രാജതരംഗിണി തുരുഷ്കർ (7.51, 56, 7.70), ചണ്ഡാളർ (7.63), മ്ലേച്ഛർ (8.28. 43) തുടങ്ങിയ പ്രയോഗങ്ങളാണ് മുസ്ലിംകളെ മുൻ നിർത്തി പ്രയോഗിച്ചിട്ടുള്ളത്. ജയാനകന്റെ പൃത്ഥ്വിരാജ വിജയ (CE 1191- 1200) ത്തിൽ മുസ്ലിംകളെ, നശിപ്പിക്കുന്ന മ്ലേച്ഛ വധകാരിയായ രാമനായാണ് പൃത്ഥ്വി രാജനെ ജയാനകൻ അവതരിപ്പിക്കുന്നത്. ബ്രാഹ്മണ ദൈവങ്ങളുടെ ആവാസ സ്ഥാനത്തെയും ബ്രാഹ്മണ്യ അനുഷ്ഠാനങ്ങളെയും സംരക്ഷിക്കുന്ന വ്യക്തിയായാണ് പൃത്ഥ്വിരാജനെ ജയാനകൻ അവതരിപ്പിക്കുന്നത്. രാക്ഷസന്മാരായ മുസ്ലിംകളെ നശിപ്പിക്കാൻ ജനിച്ച വിഷ്ണുവിന്റെ അവതാരമായ രാമനായാണ് പൃത്ഥ്വിരാജനെ ജയാനകൻ ചിത്രീകരിച്ചിട്ടുള്ളത്. ഗംഗാദേവിയുടെ മധുരാ വിജയ (C. 1380) ത്തിൽ ഗംഗാ ദേവി കമ്പനെ രാമനായും മധുരാ സുൽത്താനെ രാവണനായുമാണ് ചിത്രീകരിക്കുന്നത്.
സുൽത്താനേറ്റിലുള്ളവരെ യവനർ, തുലുഷ്കർ എന്നൊക്കെയാണ് ഗംഗാ ദേവി അടയാളപ്പെടുത്തുന്നത്. സുൽത്താനേറ്റിലുള്ളവർ പശുവിനെ കൊല്ലുന്നവരാണെന്നും താമ്രപർണിയിലെ വെള്ളം പശുക്കളുടെ രക്തത്താൽ ചുവന്നു എന്നും ഗംഗാ ദേവി എഴുതുന്നു. യാഗങ്ങളിലും യജ്ഞങ്ങളിലും പൂജകളിലും യാതൊരു കരുണയുമില്ലാതെ മൃഗബലി ചെയ്തവരാണ് മുസ്ലിംകളെ പശുഘാതകരായി ചിത്രീകരിച്ച് അഹിംസാലുക്കളായി വേഷം കെട്ടുന്നത്. പേർഷ്യക്കാരുടെ സംഭാഷണം മൃഗങ്ങളുടെയും പക്ഷികളുടെയും പോലെയാണ് എന്ന് പറയുന്ന ജയാനകനും ഗംഗാ ദേവിയും (മധുരാ വിജയം, 8. 12, പൃത്ഥ്വിരാജ വിജയം, 10.45 ) മുസ്ലിം ജനവിഭാഗത്തെ മൃഗവൽക്കരിക്കുകയാണ് ചെയ്യുന്നത്.
നയചന്ദ്ര സൂരിയുടെ രംഭാമഞ്ചരിയിൽ ജൈത്ര ചന്ദ്രൻ എന്ന രാജാവിനെ രാമന്റെ അവതാരമായും മുസ്ലിംകളെ നശിപ്പിക്കുന്നവനായും ചിത്രീകരിച്ചിരിക്കുന്നു. ഇതിൽ നിന്നൊക്കെ തെളിയുന്നത് മുസ്ലിംകളെയും മുഗൾ ഭരണാധികാരികളെയും രാക്ഷസാരായും ചണ്ഡാളരായും ചിത്രീകരിക്കുന്ന പ്രവണത അടുത്തിടെ രൂപപ്പെട്ട ഒന്നല്ലെന്നും ഇന്ത്യയുടെ സാംസ്കാരിക അബോധത്തിൽ നിലീനമായി കിടക്കുന്ന ഒന്നാണ് മുസ്ലിം വെറുപ്പ് എന്നുമാണ്. മുസ്ലിം ജന വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് രാമനും രാമനവമിയും ഹനുമാനും ഉപകരണമായിത്തീരുന്നത് യാദൃശ്ചികമല്ലെന്നും ഇതിൽ നിന്നും അറിയാം.
മുസ്ലിംകളെ നശിപ്പിക്കുന്ന രാമനായി സവർണ രാജാക്കന്മാരെ സ്ഥാനപ്പെടുത്തുന്നത് ഇതിന്റെ കൃത്യമായ തെളിവാണ്. അതുകൊണ്ട് തന്നെ എത്ര മതേതരമായി വ്യാഖ്യാനിച്ചാലും രാമൻ മുസ്ലിംകൾക്ക് ഹിതകാരിയായി ഭവിക്കുകയില്ല. ചാതുർവർണ്യത്തിന്റെ സംരക്ഷകനായ രാമനിൽ നിന്നും മുസ്ലിംകൾക്കും ബഹുജനങ്ങൾക്കും എങ്ങനെ നീതി ലഭിക്കും.
ഔറംഗസേബിനോടുള്ള അനിഷ്ടം വലിയ വെറുപ്പായി രൂപം മാറുന്നതിന് കാരണവും മറ്റൊന്നല്ല. തന്റെ രാജ്യാധികാരത്തിന് കീഴിലുള്ള ക്ഷേത്രങ്ങൾക്കും നാഥ് മഠത്തിനും സംഭാവനകൾ നൽകിയ ഔറംഗസേബിന്റെ ഇതര ക്ഷേത്രാക്രമണങ്ങളുടെ പ്രേരണ തികച്ചും രാഷ്ട്രീയമായിരുന്നു. അല്ലാതെ ഹിന്ദു വിദ്വേഷമോ ബ്രാഹ്മണ വൈരമോ ആയിരുന്നില്ല. ഹിന്ദു വിരോധിയായി ചിത്രീകരിക്കുന്ന ടിപ്പു ശൃംഗേരിയിലെ ശങ്കരാചാര്യ സ്വാമികൾക്കയച്ച കത്തിൽ ബഹുമാന പുരസ്സരം 'ജഗദ്ഗുരു' എന്നാണ് വിശേഷിപ്പിച്ചത്.
ടിപ്പു രംഗനാഥ ക്ഷേത്രത്തിലുൾപ്പെടെ നടത്തിയ ദാനങ്ങളും പരിഗണിക്കേണ്ടതുണ്ട്. ബ്രിട്ടിഷ് കൊളോണിയൽ ശക്തികൾ ഇന്ത്യയെ സാമ്പത്തികമായി അപഹരിച്ചപ്പോൾ മുഗൾ ഭരണാദികാരികൾ ഇന്ത്യൻ സമൂഹത്തിന്റെ അവിഭാജ്യ ഭാഗമായി മാറിത്തീർന്നു. CE 1059 ലെ ഒരു സംസ്കൃത ഉപാദാനത്തിൽ മുസ്ലിംകളെ ഇന്ത്യൻ സമൂഹത്തിലെ അവിഭാജ്യ ഘടകമാണെന്ന് രേഖപ്പെടുത്തിയത് യാദൃശ്ചികമല്ല. ഇന്ന് കാണുന്ന ഡൽഹിയെ മനോഹരമായ നഗരമായി പരിവർത്തിപ്പിച്ചതിലുള്ള മുഗൾ സംഭാവനകളെ പേരുകൾ മായ്ച്ചു കൊണ്ടു മാത്രം തകർക്കാനാവില്ല.
ചുരുക്കത്തിൽ ഔറംഗസേബിനോടും ടിപ്പുവിനോടും മുഗൾ ഭരണത്തോടുമുളള വെറുപ്പിന്റെ ആധാരം ഇന്ത്യൻ വർണ ധർമ വ്യവസ്ഥയിലാണ് നിലീനമായിരിക്കുന്നത്. ഇന്ത്യയുടെ മഹത്തായ സഹിഷ്ണുതയുടെ ചരിത്രം സവർണ ചരിത്രകാരന്മാർ ആഖ്യാനം ചെയ്യാറുണ്ടെങ്കിലും ജാതി വരേണ്യതയുടെ കാഴ്ച്ചാക്കോണുകളാണ് മുഗളരെ വെറുപ്പോടെ വീക്ഷിക്കാനും സ്ഥാനപ്പെടുത്താനും പ്രേരിപ്പിച്ചത്. ജാതിവർണ ധർമം സൃഷ്ടിച്ച ബ്രാഹ്മണ്യത്തിന്റെ അസമത്വ ബോധത്തെ നിർവീര്യമാക്കിയും ചരിത്രത്തെ സൂക്ഷ്മ പാരായണം ചെയ്തും മാത്രമേ ഹിന്ദുത്വത്തിന്റെ ഹിംസാത്മക വരേണ്യതയെ മറികടക്കാൻ കഴിയൂ.
മനുഷ്യ സമുദായത്തെ ഉയർത്തുന്ന നീതി ബോധമായി മതത്തെ ദീൻ ഇലാഹിയായി പരിവർത്തനപ്പെടുത്തിയ മഹാനായ അക്ബറിന്റെയും ഉപനിഷത് പഠനത്തിനായി ജീവൻ തന്നെ സമർപ്പിച്ച ദാരാ ഷിക്കോയുടെയും സൗവർണമായ സാഹോദര്യ രാഷ്ട്രീയമാണ് ഭാവി ഇന്ത്യക്കായി ചരിത്രത്തിൽ നിന്നും ഉൽഖനനം ചെയ്യേണ്ടത്.
Content Highlights:Today's Article About Mugal
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."