ഇങ്ങനെയോ ദലിത് - സ്ത്രീ സുരക്ഷ
ദലിത്-സ്ത്രീ സുരക്ഷയെന്നത് ഭരിക്കുന്നവരുടെ വായാടിത്തം മാത്രമാണെന്ന് ഒരിക്കൽകൂടി ഓർമിപ്പിക്കുന്നതാണ് തൃശൂരിലേയും ഇടുക്കിയിലേയും സംഭവങ്ങൾ. പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കഴിയുന്നതല്ല ഇതൊന്നും. എക്‌സൈസ് സംഘം വ്യാജ മയക്കുമരുന്നു കേസിൽ കുടുക്കിയാണ് ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ 72 ദിവസം തുറുങ്കിലടച്ചതെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ഇടുക്കി കട്ടപ്പനയിലെ ദലിത് യുവാവ് സരുൺ സജിയെ വ്യാജ കാട്ടിറച്ചി കേസിൽ പെടുത്തി എക്‌സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റു ചെയ്തത് അദ്ദേഹത്തിൻ്റെ സ്ഥാനക്കയറ്റത്തിനാണ് എന്നത് അവിശ്വസനീയമായി തോന്നിയേക്കാം. എന്നാൽ ഇവർ രണ്ടുപേരും സംസ്ഥാനത്തെ ഉദ്യോഗസ്ഥ ഭീകരതയുടെ നേർക്കുനേരെയുള്ള ഇരകളാണ്. എങ്ങോട്ടാണ് നമ്മുടെ ഉദ്യോഗസ്ഥവർഗം പോകുന്നത്.
സ്വന്തം ഉയർച്ചയ്ക്കും താൽപര്യസംരക്ഷണത്തിനുമായി എന്ത് ഹീന മാർഗവും സ്വീകരിക്കാമെന്ന് ചില ഉദ്യോഗസ്ഥരെങ്കിലും കരുതുന്നുണ്ടെങ്കിൽ ആരാണ് അതിന് ഉത്തരവാദികൾ? മന്ത്രിയോ സർക്കാരോ മാപ്പു പറഞ്ഞതുകൊണ്ടോ പശ്ചാത്തപിച്ചതുകൊണ്ടോ ഇരകളുടെ മാനസിക വ്യഥകൾക്ക് പരിഹാരമാകുമോ?
എക്‌സൈസ് സംഘം വ്യാജ മയക്കുമരുന്നു കേസിൽ കുടുക്കിയ ഷീല സണ്ണിക്കെതിരേ എടുത്ത കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഫോൺ കോളിന്റെ മാത്രം പിൻബലത്തിൽ എക്‌സ്‌സൈസ് സംഘം വ്യാജ മയക്കുമരുന്നു കേസിൽ അറസ്റ്റു ചെയ്ത ഷീല എന്ന വീട്ടമ്മ, രണ്ടര മാസമാണ് ജയിലിൽ കഴിഞ്ഞത്. പിടിച്ചെടുത്ത വസ്തുക്കൾ ലാബിൽ പരിശോധിച്ചപ്പോഴാണ് അത് ലഹരി വസ്തുക്കളല്ലെന്ന് വ്യക്തമായത്.
സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ഒരു ബീറ്റ് ഫോറസ്റ്റ് ഓഫിസറെക്കൂടി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഈ കേസിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി. അനിൽ കുമാർ ഉൾപ്പെടെയുള്ളവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്ന കെട്ടിച്ചമച്ച കേസിലാണ് എക്‌സൈസ് സംഘം സരുൺ സജിയെ അറസ്റ്റു ചെയ്തത്.
ഷീല സണ്ണിയിൽനിന്ന് മാരക ലഹരിമരുന്നായ എൽ.എസ്.ഡി സ്റ്റാംപ് പിടിച്ചെടുത്തു എന്നായിരുന്നു എക്‌സൈസ് അവകാശപ്പെട്ടിരുന്നത്. ഇതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27 നായിരുന്നു സംഭവം. ലഹരി വസ്തുക്കൾ കൈവശംവയ്ക്കുന്നത് ഗുരുതര കുറ്റമായതിനാൽ കീഴ്‌ക്കോടതികളിൽ നിന്നൊന്നും ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ജാമ്യത്തിലാണ് മെയ് 10ന് പുറത്തിറങ്ങിയത്. എക്‌സൈസ് പിടിച്ചത് എൽ.എസ്.ഡി സ്റ്റാംപ് അല്ല എന്ന രാസപരിശോധനാ റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ഷീലക്ക് നേരിടേണ്ടിവന്ന നീതിരാഹിത്യത്തിന്റെ ഞെട്ടിക്കുന്ന കഥ കേരളം ചർച്ച ചെയ്യുന്നത്.
ഷീലയുടെ ബാഗിൽ നിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന 12 ലഹരി വസ്തുക്കളും എൽ.എസ്.ഡി സ്റ്റാംപ് അല്ലെന്നാണ് മൂന്നു തവണ നടത്തിയ പരിശോധനയിലും വ്യക്തമായത്. മെയ് 12 നാണ് കാക്കനാട് റീജ്യനൽ ലാബിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് പുറത്തുവരുന്നത്. ഈ റിപ്പോർട്ട് അന്നുതന്നെ ലാബിൽനിന്ന് ചാലക്കുടി എക്‌സ്‌സൈസ് റേഞ്ച് ഓഫിസർക്കും സർക്കിൾ ഓഫിസർക്കും അയച്ചിരുന്നതാണ്. രണ്ടു ദിവസത്തിനകം രണ്ട് ഓഫിസുകളിലും ഇത് ലഭിക്കുകയും ചെയ്തു. എന്നാൽ വിവരം ഷീലയെ അറിയിക്കാൻ എക്‌സൈസ് തയാറായതുമില്ല. ഷീല സണ്ണി ഇതിനകം ജയിൽവാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയിരുന്നു.
ഷീലയിൽനിന്ന് എക്‌സൈസ് പിടിച്ചെടുത്തത് ലഹരി വസ്തുവല്ല എന്ന കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി ഡിപ്പാർട്‌മെന്റിന്റെ പരിശോധനാഫലം നേരത്തെ പുറത്തുവന്നിട്ടും അധികൃതർ നാടകം തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് അവർ ഹൈക്കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഷീല സണ്ണിക്കെതിരായ കേസ് റദ്ദാക്കിയത്.
സരുൺ സജിയെ വ്യാജ കേസിൽപ്പെടുത്തിയത് അവാർഡും സ്ഥാനക്കയറ്റവും ലഭിക്കാനാണെന്നാണ് പൊലിസ് നൽകുന്ന വിവരം. ഈ ഉദ്യോഗസ്ഥന് മൂന്നുതവണ മുഖ്യമന്ത്രിയുടെ ഗുഡ് സർവിസ് എൻട്രിയും ലഭിച്ചിട്ടുണ്ട്. ഇതടക്കം 1800 കേസുകൾ ഇയാൾ പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. ഇതിലേറെ നിരപരാധികളാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഈ കേസുകളിലെല്ലാം ഇനി സമഗ്ര അന്വേഷണം നടത്തണം. ഓട്ടോറിക്ഷാ ഡ്രൈവറായ സരുണിനെ വനംവകുപ്പ് സംഘം 2022 സെപ്റ്റംബർ 20ന് വിളിച്ചുവരുത്തി വാഹനത്തിൽ കാട്ടിറച്ചിവച്ചാണ് പിടികൂടിയത്. യുവാവിനെ വനംവകുപ്പ് സംഘം ക്രൂരമായി മർദിക്കുകയും 10 ദിവസം ജയിലിൽ അടയ്ക്കുകയും ചെയ്തു. സംഭവത്തിൽ കണ്ണംപടി ആദിവാസി സംരക്ഷണ സമിതി പ്രതിഷേധം സംഘടിപ്പിക്കുകയും ബന്ധുക്കൾ നിരാഹാരം കിടക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് കോട്ടയം വനംവകുപ്പ് ഇന്റലിജൻസ് ആൻഡ് ഇവാലുവേഷൻ സി.സി.എഫ് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കേസാണെന്ന് തെളിഞ്ഞത്. ഗോത്രവർഗ കമ്മിഷന്റെ ഇടപെടലോടെ കേസെടുത്തു. ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ 13 പേർക്കെതിരേയാണ് കേസെടുത്തത്. അതിനിടെ വന്ന ലാബ് പരിശോധനാ ഫലത്തിൽ വാഹനത്തിലുണ്ടായിരുന്നത് പശുവിറച്ചിയാണെന്ന് തെളിഞ്ഞതോടെ വനംമന്ത്രി നേരിട്ടിടപെട്ട് കേസ് റദ്ദാക്കി. കേസെടുത്ത ജീവനക്കാരെ വീണ്ടും സർവിസിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് സരുൺ വനംവകുപ്പ് ഓഫിസിന് മുമ്പിലെ മരത്തിൽ കയറി ആത്മഹത്യാശ്രമം നടത്തിയതെല്ലാം വാർത്തയായിരുന്നു.
ഇത്രയും നീതിരാഹിത്യം ഒരു ദലിത് യുവാവിനോട് കാട്ടിയിട്ടും നിഷ്പക്ഷ അന്വേഷണം നടത്താതിരുന്നതും പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നതുമെല്ലാം ആശങ്കയുണർത്തുന്നതു തന്നെയാണ്. ഇനിയെങ്കിലും തെറ്റു തിരുത്താനും കുറ്റക്കാർക്കെതിരേ മുഖംനോക്കാതെ നടപടി സ്വീകരിക്കാനും സർക്കാർ തയാറാകണം. ഉദ്യോഗസ്ഥരിൽ കുറച്ചുപേർ മാത്രമേ ഇത്തരം അധമമനസിന് അടിമകളായുള്ളൂ. കുറ്റക്കാരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടിയെടുത്തതുകൊണ്ട് നീതി പുലരുമെന്ന് വിശ്വസിക്കാനാവില്ല. ഇത്തരം പുഴുക്കുത്തുകൾ ഇനിയുമുണ്ടെങ്കിൽ അവരെ കണ്ടെത്തി കർശന നടപടിയെടുക്കുകതന്നെ വേണം.
Content Highlights:editorial about dalits in india
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."