തൊഴിൽ പരസ്യങ്ങൾ; മുന്നറിയിപ്പുമായി റിയാദ് എയർ
റിയാദ്: വ്യാജ ജോബ് ഓഫറിനെതിരെ മുന്നറിയിപ്പുമായി റിയാദ് എയർ. പുതുതായി പറക്കാൻ തയ്യാറെടുക്കുന്ന റിയാദ് എയറിന്റെ പേരിൽ വ്യാജ ജോബ് ഓഫറുകൾ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി കമ്പനി രംഗത്തെത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളും ലിങ്കുകളും ഉപയോഗിക്കരുതെന്നും റിയാദ് എയറിന്റെ ടീമിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാ തൊഴിൽ അപേക്ഷകരും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയായിരിക്കണം ജോലിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നതെന്നും റിയാദ് എയർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്തമാക്കി.
റിയാദ് എയറിൽ ജോലി ഒഴിവുകൾ ഉണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വഞ്ചനാപരമായ പരസ്യങ്ങളിൽ തൊഴിലവസരങ്ങൾക്കായി ഫീസ് നൽകണമെന്നതടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ജോലിക്ക് അപേക്ഷിക്കുമ്പോൾ, പ്രീ-ഫീസോ സ്വകാര്യ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ റിയാദ് എയർ ആവശ്യപ്പെടില്ലെന്ന് കമ്പനി സ്ഥിരീകരിച്ചു. തൊഴിൽ അവസരങ്ങൾക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള എല്ലാവരോടും അവരുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ മാത്രം വിവരങ്ങൾ സമർപ്പിക്കാൻ എയർലൈൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ റിയാദ് എയർ ഈ വർഷം ഏപ്രിലിലാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിലുള്ള സഊദി അറേബ്യയുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പുതിയ ദേശീയ വിമാനക്കമ്പനി പ്രയോജനപ്പെടുത്തും. റിയാദിനെ ലോകത്തിലേക്കുള്ള ഒരു കവാടവും ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനമാക്കാനും പ്രാപ്തമാക്കുന്ന തരത്തിലാണ് റിയാദ് എയറിന്റെ രംഗപ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."