എം.ടി @90; നവതിയുടെ നിറവില്‍ കഥകളുടെ തമ്പുരാന്‍
എം.ടി @90; നവതിയുടെ നിറവില്‍ കഥകളുടെ തമ്പുരാന്‍
കോഴിക്കോട്: സാഹിത്യ കുലപതി എം.ടിക്ക് ഇന്നു നവതി. ചെറുകഥകളായും നോവലുകളായും തിരക്കഥയായും മലയാളിയുടെ ഇടംനെഞ്ചില്‍ ഇടംനേടിയ എം.ടി കഥാപാത്രങ്ങളെ കണ്ടെത്തിയത് തന്റെ ചുറ്റുവട്ടത്തുനിന്നാണ്. ഭ്രാന്തന്‍ വേലായുധനും ലീലയുമെല്ലാം വായനക്കാരുടെ ഹൃദയങ്ങളില്‍ നൊമ്പരമായി ഇന്നും ജീവിക്കുന്നു.
ആദ്യ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ആദ്യ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വര്‍ണപ്പതക്കവും നേടിയ മറ്റൊരു എഴുത്തുകാരനില്ല. ജ്ഞാനപീഠം, പത്മഭൂഷണ്‍ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. പുന്നയൂര്‍ക്കുളത്തെ ടി. നാരായണന്‍ നായരുടെയും കൂടല്ലൂര്‍ സ്വദേശി അമ്മാളുവമ്മയുടെയും മകനായിട്ടാണ് ജനനം. തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം. മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌കൂളിലും പാലക്കാട് വിക്‌ടോറിയ കോളജിലുമായിരുന്നു വിദ്യാഭ്യാസം. വിക്‌ടോറിയയില്‍നിന്ന് കെമിസ്ട്രിയില്‍ ബി.എസ്‌സി ബിരുദം നേടിയ ശേഷം പട്ടാമ്പി, ചാവക്കാട് ഹൈസ്‌കൂളുകളിലും പാലക്കാട്ടെ എം.ബി ട്യൂട്ടോറിയലിലും അധ്യാപകവൃത്തി. അധ്യാപികയായിരുന്ന പ്രമീളയാണ് ആദ്യ ഭാര്യ.
1956ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സബ് എഡിറ്റര്‍ ട്രെയിനിയായി. മുഖ്യ പത്രാധിപരായിരുന്ന എന്‍.വി കൃഷ്ണവാര്യര്‍ 1968ല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ മുഖ്യപത്രാധിപരായി. 1989ല്‍ മാതൃഭൂമി പീരിയോഡിക്കല്‍സിന്റെ എഡിറ്ററായി. 1999ല്‍ അവിടെനിന്ന് പിരിഞ്ഞു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോട്ടായിരുന്നു. പ്രസിദ്ധ നര്‍ത്തകി കലാമണ്ഡലം സരസ്വതിയാണ് എം.ടിയുടെ രണ്ടാം ഭാര്യ. മൂത്തമകള്‍ സിതാര ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ ബിസിനസ് എക്‌സിക്യൂട്ടീവാണ്. രണ്ടാമത്തെ മകള്‍ അശ്വതി നര്‍ത്തകിയാണ്. കോഴിക്കോട് നടക്കാവിലെ രാരിച്ചന്‍ റോഡിലെ 'സിതാര'യിലാണ് എം.ടി ഇപ്പോള്‍ താമസം.
സിതാര സാധാരണപോലെ…
കോഴിക്കോട്: നവതിയായെന്ന് മാധ്യമങ്ങളില്‍ നിറയുമ്പോഴും എം.ടിയുടെ കോഴിക്കോട് രാരിച്ചന്‍ റോഡിലെ സിതാരയില്‍ ആഘോഷങ്ങളൊന്നുമില്ല. കര്‍ക്കടകത്തിലെ ഉത്രട്ടാതിയാണ് പിറന്ന നാളായി എം.ടി കാണുന്നത്. അന്നും പ്രത്യേക ആഘോഷമൊന്നും ഉണ്ടാവില്ല. ബന്ധുക്കള്‍ മാത്രം ഒത്തുചേരും എം.ടിയുടെ നിഴലായ ബന്ധു വെങ്കിടാചലം പറയുന്നു. അതിനാല്‍ തന്നെ ഇന്ന് വീട്ടില്‍ നവതിയാഘോഷമോ പ്രത്യേക ചടങ്ങോ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ എം.ടി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. അത്യാവശ്യത്തിനു മാത്രമേ വീടിന് പുറത്തിറങ്ങാറുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."