HOME
DETAILS

ജനതയെ കേള്‍ക്കാന്‍ പാതിരാവുകളെ പകലാക്കി ഓടി നടന്ന ഒരാള്‍

  
backup
July 18 2023 | 05:07 AM

oommen-chandy-mass-contact-program

ജനതയെ കേള്‍ക്കാന്‍ പാതിരാവുകളെ പകലാക്കി ഓടി നടന്ന ഒരാള്‍

ജനങ്ങളുടെ പ്രയാസങ്ങള്‍ തൊട്ടറിയാനായി ഓടി നടന്ന ഒരാള്‍. പാതിരാവുകളെ പകലാക്കി അവര്‍ക്കു മുന്നില്‍ ക്ഷമയോടെ കേള്‍വിക്കാരനായി ഇരുന്ന ഒരു പച്ചമനുഷ്യന്‍. മണിക്കൂറുകളോളം നിന്ന് അവരെ കേട്ട് ഒടുവില്‍ അവരുടെ തോളില്‍ സാന്ത്വനമായയാള്‍. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായ അവരിലൊരാള്‍. ഉമ്മന്‍ ചാണ്ടി എന്ന തികഞ്ഞ രാഷ്ട്രീയക്കാരനെ ജനപ്രിയ നേതാവാക്കി മാറ്റിയത് ഇതായിരുന്നു. അതിരുകളില്ലാതെ ജനങ്ങളിലേക്കിറങ്ങാനും അവരെ കേള്‍ക്കാനുമുള്ള അദ്ദേഹത്തിന്റെ സന്നദ്ധത. ജനങ്ങളുമായി ഇഴുകി ചേര്‍ന്ന കേരളീയ നേതാവ് എന്നാല്‍ മലയാളിയുടെ മനസ്സില്‍ ആദ്യം വരുന്ന ചിത്രം ഉമ്മന്‍ ചാണ്ടിയുടേതായിരിക്കുമെന്നതില്‍ സംശയമില്ല.

ജനക്കൂട്ടമെന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു വികാരമായിരുന്നു. അനുയായികളുമൊത്തുള്ള അദ്ദേഹത്തിന്റെ സഞ്ചാരങ്ങള്‍ എന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞുള്ള യാത്രകള്‍ കൂടിയായിരുന്നു. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു ജനസമ്പര്‍ക്ക പരിപാടികള്‍. 2004ല്‍ ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ജനസമ്പര്‍ക്കം എന്ന പേരില്‍ ഒരു ആശയം ഉമ്മന്‍ ചാണ്ടിയുടെ മനസിലുദിച്ചത്. ജനങ്ങള്‍ക്കിടയില്‍ വിശ്രമമില്ലാതെ പരാതികള്‍ കേട്ട് പരിഹാരമാര്‍ഗം കണ്ടെത്തുന്ന ജനസമ്പര്‍ക്ക പരിപാടി അതിവേഗം ജനങ്ങള്‍ ഏറ്റെടുത്തു.

ചെന്നെത്തുന്ന ഓരോ ഇടങ്ങളിലും തന്നെത്തേടിയെത്തുന്ന അവസാനത്തെ ആളേയും കേട്ട ശേഷം മാത്രം തിരിച്ചുപോവുന്ന മുഖ്യമന്ത്രി. അക്ഷരാര്‍ത്ഥതത്തില്‍ അതിശയം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സഹയാത്രികര്‍ക്കു പോലും അത്. പത്തൊമ്പത് മണിക്കൂര്‍ വരെ നീണ്ട് നിന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ഒറ്റ നില്‍പ്പില്‍ പങ്കെടുത്തിട്ടുണ്ട് ഉമ്മന്‍ചാണ്ടി. മണിക്കൂറുകള്‍ നീണ്ടു പോവുന്നത് അദ്ദേഹം അറിയാറില്ല. വിശപ്പോ ദാഹമോ ഈ അവസരങ്ങളില്‍ ഈ മനുഷ്യനെ അലട്ടാറില്ല. ഇടക്കിടെ കുടിക്കുന്ന ഒരോ ഗ്ലാസ് വെള്ളം..അതായിരുന്നു അദ്ദേഹത്തിന്റെ 'എനര്‍ജി ബൂസ്റ്റര്‍'. ഇതെല്ലാം അദ്ദേഹത്തെയെത്തിച്ചത് യു.എന്നിന്റെ ജനകീയ മുഖ്യമന്ത്രിയെന്ന ആദരത്തിലേക്ക് കൂടിയായിരുന്നു.

ജനസമ്പര്‍ക്ക പരിപാടിയില്‍ അദ്ദേഹത്തോടൊപ്പമുള്ള അനുഭവം പല നേതാക്കളും പങ്കുവെച്ചിട്ടുണ്ട്. പി.സി വിഷ്ണുനാഥ് പങ്കുവെക്കുന്ന അനുഭവം ഇങ്ങനെ. 'ആലപ്പുഴ ജില്ലയിലെ ബഹുജന സമ്പര്‍ക്ക പരിപാടിയാണ്. രാവിലെ 9.30ന് തുടങ്ങേണ്ട പരിപാടിക്ക് 8.30 ന് തന്നെ അദ്ദേഹം ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തി ഉദ്യോഗസ്ഥന്മാരരുമായും ജനപ്രതിനിധികളുമായും ചെറിയൊരു കൂടിക്കാഴ്ച നടത്തി. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തില്‍ ക്രമീകരണങ്ങളെല്ലാം നടന്നുവോ എന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു. കൃത്യം ഒമ്പതിന് ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന വേദിയിലെത്തി, ആളുകളില്‍ നിന്നും പരാതികളും നിവേദനങ്ങളും സ്വീകരിക്കാന്‍ തുടങ്ങി. ആലപ്പുഴയില്‍ നിന്നുള്ള യു ഡി എഫിന്റെ എം.എല്‍.എമാരായ രമേശ് ചെന്നിത്തലയും ചെങ്ങന്നൂര്‍ എം.എല്‍.എ എന്ന നിലയില്‍ ഞാനും അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്നു. എല്‍.ഡി.എഫിന്റെ എം.എല്‍.എമാര്‍ ബഹിഷ്‌ക്കരിച്ച പരിപാടി ആയിരുന്നു അത്.

ഞങ്ങള്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം പരാതികള്‍ സ്വീകരിക്കുന്നതിന് സാക്ഷിയായി നിന്നു. മണിക്കൂറുകള്‍ കഴിഞ്ഞും അദ്ദേഹം ഒരേനില്‍പ്പില്‍ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദ്ദേശിക്കുകയായിരുന്നു. വൈകിയിട്ടും അതങ്ങനെ തുടര്‍ന്നു. രാത്രി 12 മണിയായപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ഇനിയുള്ള ആളുകളില്‍ നിന്ന് ഒരുമിച്ച് പരാതികള്‍ സ്വീകരിച്ച്, പരിശോധിച്ച് അതിന്റെ വിവരം അവരെ അറിയിച്ചാല്‍ പോരേ? അര്‍ധരാത്രിയായി, ഉച്ചഭക്ഷണം പോലും കഴിച്ചിട്ടില്ല, ഇടയ്ക്ക് കുടിക്കുന്ന വെള്ളം മാത്രം. നിന്നുകൊണ്ടു തന്നെയാണ് മിക്ക സമയവും പരാതികള്‍ സ്വീകരിക്കുന്നത്. ഇടയ്ക്ക് എപ്പോഴെങ്കിലും ഒന്ന് ഇരുന്നാലായി. അതിനാലാണ് അത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ല. തന്നെ കാണാനെത്തിയ അവസാനത്തെ ആളെയും കണ്ടിട്ടേ മടങ്ങൂ എന്ന ദൃഢനിശ്ചയമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്.

കൂടെ നിന്ന എല്ലാവരും ക്ഷീണിച്ചിരുന്നു. ആ പന്തലില്‍ തന്നെ രണ്ട് ബെഞ്ച് അടുപ്പിച്ചിട്ട് അരമണിക്കൂറോളം ഞാന്‍ അവിടെ കിടന്നുറങ്ങി. ഉണര്‍ന്ന് എഴുന്നേറ്റപ്പോഴും അദ്ദേഹം പരാതി കേള്‍ക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിക്കാണ് ജനസമ്പര്‍ക്ക പരിപാടി അവസാനിച്ചത്!
പുലര്‍ച്ചെ അദ്ദേഹത്തോടൊപ്പം ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തി. രണ്ടാം ദിവസമെത്തിയപ്പോഴാണ് ആദ്യമായി ഭക്ഷണം കഴിക്കാന്‍ ഇരുന്നത് എന്നോര്‍ക്കണം. കുറച്ച് കഞ്ഞിയും പയറും കഴിച്ചു. ഞങ്ങള്‍ പറഞ്ഞു. ഇനി സാറ് ഒരല്‍പം വിശ്രമിച്ചോളൂ. ഞങ്ങള്‍ കാത്തുനില്‍ക്കാം എന്ന് നിര്‍ദ്ദേശിച്ചു. ആര് കേള്‍ക്കാന്‍.അദ്ദേഹം അപ്പോള്‍ തന്നെ ബാത്ത് റൂമിലേക്ക് കയറി ഒന്ന് ഫ്രഷായി വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങി. എറണാകുളത്ത് രാവിലെ പരിപാടിയുണ്ട,് എട്ട് മണിക്ക്. കിടന്നാല്‍ വൈകും. നേരെ തൃപ്പൂണിത്തുറയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനുണ്ട്. അതിനായി തിരിച്ചു!'

നടത്തത്തിലും അതിവേഗക്കാരനായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ നിന്ന് സെന്‍ട്രല്‍ സ്റ്റേഡയിത്തിലേക്ക് നടന്ന് വരുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം കൂടെയുള്ളവര്‍ പാടുപെടുന്നതൊക്കെ മറക്കാനാവാത്ത കാഴ്ചയാണ്. ആ പരിപാടി ഉപരോധിക്കാന്‍ പ്രതിപക്ഷം സര്‍വ സന്നാഹത്തോടെ ഒത്തുകൂടിയിരുന്നു. പ്രതിഷേധങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ ജില്ലയിലെ പതിനയ്യായിരത്തോളം പേരുടെ പ്രശ്‌നങ്ങളാണ് മുഖ്യമന്ത്രിയുടെ മുന്നിലേക്കെത്തിയത്.

കിടപ്പിലായവര്‍, കാലുകള്‍ക്ക് ചലന ശേഷി ഇല്ലാത്തവര്‍, കാഴ്ചയും കേള്‍വിയും ഇല്ലാത്തവര്‍, കിടപ്പാടമില്ലാത്തവര്‍, വിധവകള്‍… അങ്ങനെ അങ്ങനെ ഓരോ നാടിന്റേയും സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞു ഉമ്മന്‍ചാണ്ടി. പലര്‍ക്കുമുള്ള സഹായങ്ങള്‍ വേദിയില്‍ വച്ച് തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇടനിലക്കാരില്ലാതെ ഭരണാധികാരിക്ക് അറിയാനുള്ള അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ജനസമ്പര്‍ക്ക പരിപാടി മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.

ചില ജില്ലകളില്‍ 20 മണിക്കൂര്‍ വരെ തുടര്‍ച്ചയായി പരാതി കേട്ടു. അഞ്ചര ലക്ഷത്തിലേറെ പരാതികള്‍ മുഖ്യമന്ത്രിക്ക് നേരിട്ടു ലഭിച്ചു. അതില്‍ മൂന്ന് ലക്ഷത്തോളം പരാതികള്‍ക്ക് പരിഹാരങ്ങള്‍ ഉണ്ടാവുകയും ചെയ്തുവെന്നതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ ആദ്യ ഘട്ടത്തെ ശ്രദ്ധേയമാക്കിയത്.

യു.എന്‍ വരെയെത്തിയ ജനകീയ ഇടപെടല്‍
വലിയൊരു ജന വിഭാഗത്തിന്റെ കാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി തന്നെ താഴെ തട്ടിലേക്ക് ഇറങ്ങിയപ്പോള്‍ അതൊരു പുതിയ മാതൃകയായി. ഇതായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് യു എന്‍ അംഗീകാരം വരെ നേടിക്കൊടുക്കാന്‍ ഇടയായതും. സര്‍ക്കാറിന്റെ ഭരണസംവിധാനത്തില്‍ നിന്നും നീതി ലഭിക്കുന്നതിന് ജനങ്ങള്‍ക്ക് ഒരുപാട് തടസ്സങ്ങളുണ്ട്. ചിലപ്പോള്‍ സര്‍ക്കാര്‍ ശ്രമിച്ചാലും നടക്കാതെ വരുന്ന കാര്യങ്ങളുണ്ട്. ഗവണ്‍മെന്റും ജനങ്ങളും തമ്മിലുള്ള ഈ തടസ്സങ്ങള്‍ എന്താണെന്ന് ജനങ്ങളില്‍ നിന്ന് നേരിട്ട് മനസ്സിലാക്കാനാണ് ഉമ്മന്‍ചാണ്ടി 14 ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി നടത്തിയത്. 14 ജില്ലയിലെയും ജനസമ്പര്‍ക്ക പരിപാടി പൂര്‍ത്തിയായ ശേഷം, ഇത്തരത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിലെ ചുവപ്പ് നാട പരിഹരിക്കാനുള്ള 44 ഉത്തരവുകളാണ് അദ്ദേഹം പുറത്തിറക്കിയത്. അതായിരുന്നു യഥാര്‍ഥത്തില്‍ ബഹുജന സമ്പര്‍ക്ക പരിപാടിയുടെ ഉദ്ദേശവും ലക്ഷ്യവും. പരാതികളില്‍ സര്‍ക്കാര്‍ അതിവേഗത്തില്‍ പ്രവര്‍ത്തിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി ഉത്തരവുകള്‍
പുറപ്പെടുവിച്ചു. അങ്ങനെ ഇരുള്‍ വീണ ഒരുപാട് പേരുടെ ജീവിത വഴികളിലെ പ്രകാശരമായി ജനസമ്പര്‍ക്ക പരിപാടി.

1959-60 കാലയളവില്‍ പുതുപ്പള്ളി ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ട ഉമ്മന്‍ചാണ്ടി പിന്നീട് അതിവേഗം ബഹുദൂരം ഗമിക്കുകയായിരുന്നു. സി.എം.എസ് കോളജില്‍ പ്രീഡിഗ്രിക്ക് പടിക്കുമ്പോള്‍ കെ.എസ്.യു. ജില്ലാ സെക്രട്ടറിയായി.
എസ്.ബി.കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായി. എ.കെ.ആന്റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായപ്പോള്‍ ഉമ്മന്‍ചാണ്ടി വൈസ് പ്രസിഡന്റായി. ആന്റണി കെ.പി.സി.സി. മെമ്പറായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് ആക്ടിംഗ് പ്രസിഡന്റായി. ഇരുപത്തിയേഴാം വയസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി മത്സര ഗോദയിലിറങ്ങുന്നത്. തുടര്‍ച്ചയായി 11 തവണ ഉമ്മന്‍ചാണ്ടി വിജയ യാത്ര തുടര്‍ന്നു

oommen-chandy-mass-contact-program



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago