ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനില്ല: ചാണ്ടി ഉമ്മൻ പാർട്ടി തീരുമാനമാണ് എൻ്റേത്
ചാണ്ടി ഉമ്മൻ/ജലീൽ അരൂക്കുറ്റി
ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്റെ ജനകീയത ലോകം നേര്‍ക്കുനേര്‍ ദര്‍ശിച്ച ദിനരാത്രികളാണ് കഴിഞ്ഞുപോയത്. ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയവെ മരണം സ്ഥിരീകരിച്ചത് മുതല്‍ നിത്യനിദ്രവരെ അപ്പനൊപ്പം നിലകൊണ്ട മകന്‍ ചാണ്ടി ഉമ്മനും കുടുംബത്തിനും അപ്പായുടെ വേര്‍പാട് താങ്ങാന്‍ കഴിഞ്ഞിട്ടില്ല. താനും കുടുംബവും എത്രത്തോളം അപ്പായെ സ്‌നേഹിച്ചിരുന്നുവോ അതിലേറെ നൂറ് ഇരട്ടി സ്‌നേഹവുമായി നില്‍ക്കുന്ന ഒരു ജനതയുണ്ടെന്ന് ബോധ്യപ്പെടുന്നതായിരുന്നു ഉമ്മന്‍ ചണ്ടിയുടെ വിപാലയാത്രയും സംസ്‌കാര ചടങ്ങുകളും. ഇനി പുതുപ്പള്ളിയില്‍ ആരെന്ന ചോദ്യം ഉയരുകയാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം. അപ്പന്റെ അന്ത്യനാളുകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും സുപ്രഭാതം പ്രതിനിധിയുമായി പങ്കുവയ്ക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട് സോഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ മകന്‍ ചാണ്ടി ഉമ്മന്‍
?അപ്പായുടെ വേര്‍പാടിനെയും തുടര്‍ന്നുള്ള അനുഭവങ്ങളെയും എങ്ങനെ കാണുന്നു
പത്തുമാസമായി രോഗം പ്രയാസപ്പെടുത്തുന്ന രൂപത്തിലേക്ക് മാറിയിരുന്നു. അപ്പായ്ക്ക് 2019ൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹത്തെ ചികിത്സയിലൂടെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു. അത് 2023ലും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതൊരു ദുസ്വപ്‌നമായിട്ടാണ് ഇപ്പോള്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ നാല് മാസക്കാലമാണ് കൂടുതല്‍ അവശമായ നിലയിലേക്ക് നീങ്ങിയത്. അതുവരെ എല്ലാവരുമായി സംസാരിച്ചിരുന്നു. അത്ര വലിയ ആരോഗ്യ പ്രശ്‌നം ഉണ്ടായിരുന്നില്ല. മാര്‍ച്ച് മുതലാണ് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലായത്. അത് ഞങ്ങളെ ഏറെ വേദനിപ്പിച്ചു. നൂറിലധികം കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റ് ചികിത്സയിലൂടെ ശബ്ദം നല്‍കിയ അപ്പായ്ക്ക് ശബ്ദം നഷ്ടമായത് വളരെ ബുദ്ധിമുട്ടിലാക്കി. എങ്കിലും അദ്ദേഹം എല്ലാ കാര്യങ്ങളുമായി മുന്നോട്ട് പോയിരുന്നു. എഴുത്തിലൂടെയാണ് കാര്യങ്ങള്‍ അറിയിച്ചിരുന്നത്. പത്രങ്ങള്‍ മുടങ്ങാതെ വായിക്കുമായിരുന്നു. പ്രത്യേകം വല്ലതും ശ്രദ്ധിക്കേണ്ടതുണ്ടെങ്കില്‍ അത് എഴുതി നല്‍കുമായിരുന്നു.
?ആരോഗ്യസ്ഥിതി മോശമായിരുന്നപ്പോഴും കര്‍മനിരതനായി തന്നെ കാണപ്പെട്ടു അല്ലേ
എപ്പോഴും കര്‍മനിരതനായി ഇരിക്കാന്‍ ആഗ്രഹിച്ചിരുന്ന അപ്പായ്ക്ക് ആള്‍ക്കൂട്ടവും എല്ലാവരോടും സംസാരിക്കുന്നതുമായിരുന്നു ഊര്‍ജം. ആശുപത്രിയില്‍ സംസാരിക്കാന്‍ കഴിയാത്തസാഹചര്യത്തിലേക്ക് നീങ്ങിയപ്പോഴും ഇത്തരം വിചാരങ്ങൾ ഉണ്ടായിരുന്നു. കുറേ കത്തുകളും കടലാസുകളും കോട്ടയത്ത് നിന്ന് ഞാന്‍ ബംഗളൂരുവില്‍ എത്തിച്ചിരുന്നു. എല്ലാം വായിച്ച് തിരുത്താനുള്ളത് തിരുത്തിയിട്ട് മാത്രമാണ് ഒപ്പിട്ടത്. സംസാരിക്കാന്‍ കഴിയുന്നില്ലെന്നതല്ലാതെ വേറെ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. ഭക്ഷണം കഴിക്കാതെ കുടല്‍ ലോപിച്ചിരുന്നു. പക്ഷെ അതൊന്നും കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നില്ല.
?അദ്ദേഹത്തിന്റെ വിലാപയാത്രയിലെ അനുഭവങ്ങള്‍ ഇപ്പോൾ എങ്ങനെ ഒാർക്കുന്നു
അത് വിലാപയാത്രയായിരുന്നില്ല. ഒരു വിശുദ്ധന്റെ സ്നേഹയാത്രയായിരുന്നു. അപ്പാ ജനങ്ങള്‍ക്ക് നല്‍കിയ സ്‌നേഹം ഇരട്ടിയായി ജനം തിരിച്ചു തരുകയായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ മുതല്‍ സാധാരണക്കാരായ നാട്ടുകാര്‍ വരെ ആശുപത്രിയിലായിരുന്നപ്പോൾ ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. മരണപ്പെട്ടുവന്ന് അറിയിച്ചപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസപ്പെടുന്നവരെയാണ് ഞാന്‍ കണ്ടത്. തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളി വരെ എത്തിയ സ്‌നേഹയാത്രയില്‍ കണ്ടത് അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ. ഒരു മാസ്‌ക് ധരിച്ച യുവാവിനോട് വണ്ടി നിര്‍ത്തി കാണിക്കാമെന്ന് പറഞ്ഞിട്ടും അദ്ദേഹം വണ്ടിയില്‍ കയറാതെ വാഹനത്തിനൊപ്പം ഓടികൊണ്ടിരിക്കുകയായിരുന്നു. ഒരു നേര്‍ച്ച പോലെ. അംഗപരിമിതിയുള്ളവരെ അവരുടെ വീല്‍ചെയര്‍ ഉയര്‍ത്തി അപ്പായെ കാണാന്‍ ശ്രമിച്ചതും വേണ്ട വിധം കാണാന്‍ കഴിയാതെ പോകുന്നവരുടെ മുഖത്തെ നിരാശയുമെല്ലാം ഇപ്പോഴും മനസില്‍ ഉയര്‍ന്നുവരികയാണ്.
?അപ്പായുടെ ജനകീയത ഇത്രത്തോളമുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നോ
തീര്‍ച്ചയായും. 20 വര്‍ഷമായി പുതുപ്പള്ളിയിലെ ഓരോ വീട്ടിലും കയറി ഇറങ്ങുന്നയാളാണ് ഞാന്‍. എന്നെ എല്ലാവരും കുഞ്ഞൂഞ്ഞിന്റെ മകന്‍ എന്ന നിലയിലാണ് കണ്ടിരുന്നത്. എന്നെ മാത്രമല്ല സാഹോദരിമാരെയും കസിന്‍സിനെയുമെല്ലാം ആ നിലയില്‍ തന്നെയാണ് നാട്ടുകാര്‍ കാണുന്നത്. അപ്പനോടുള്ള അവരുടെ സ്‌നേഹം വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലും അനുഭവപ്പെട്ടിരുന്നു. അത് വേര്‍പാടിന് ശേഷം ഇരിട്ടിയായി. കോണ്‍ഗ്രസ് നേതൃത്വവും അത് അറിഞ്ഞ് തന്നെയാണ് പെരുമാറിയിരുന്നത്. അപ്പായുടെ ചികിത്സയ്ക്കായി ജര്‍മനിയില്‍ കൊണ്ടുപോകാന്‍ താല്‍പര്യമെടുത്തത് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളുമാണ്. അവരാണ് അതിനുള്ള പണം നല്‍കിയത്. കൂടാതെ മരണപ്പെട്ട ശേഷമുള്ള എല്ലാ ക്രമീകരണങ്ങളും പാര്‍ട്ടിയും നേതാക്കളുമാണ് നിര്‍വഹിച്ചത്. ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായിരുന്ന എന്നെ നിര്‍ബന്ധപൂര്‍വം അപ്പായുമായി ജര്‍മനിയിലേക്ക് പോകാന്‍ അനുവദിച്ചത് രാഹുല്‍ ഗാന്ധിയാണ്. ഉമ്മന്‍ ചാണ്ടിയെന്ന നേതാവിന് പാര്‍ട്ടി വലിയ സ്വീകാര്യതയും ആദരവുമാണ് നല്‍കിയത്. സംസ്‌കാര ശിശ്രൂഷകളില്‍ അവസാനം വരെ എനിക്കും കുടുംബത്തിനും ആശ്വാസമായി പാര്‍ട്ടി നേതാക്കളും പുരോഹിതരും ജനങ്ങളും ഒപ്പമുണ്ടായിരുന്നു. അതെല്ലാം ഞങ്ങള്‍ക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു.
?അപ്പയ്ക്ക് എതിരേ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയവരെപ്പറ്റി
സോളാര്‍ വിധി വന്ന ദിവസം വാര്‍ത്തകളിലെ വരികളില്‍ അദ്ദേഹം വിരല്‍ചൂണ്ടി പുഞ്ചിരിച്ചു. താന്‍ പറഞ്ഞത് സത്യമാണെന്ന് കാലവും നീതിപീഠവും സാക്ഷ്യം വഹിക്കുമെന്ന് അപ്പ വിശ്വസിച്ചിരുന്നു. അത് സത്യമായതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു. അദ്ദേഹം ആരെയും ഉപദ്രവിച്ചിട്ടില്ല. ആരോടും പരിഭവിച്ചിട്ടില്ല. എല്ലാവരോടും പരിഗണനയും സ്‌നേഹവുമായിരുന്നു പ്രകടിപ്പിച്ചത്. സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതി സംബന്ധിച്ച് അറിയിച്ചപ്പോള്‍ സാധാരണക്കാരനായി ജനിച്ചു ജീവിച്ച എനിക്ക് സാധാരണക്കാരനായി തന്നെ വിടവാങ്ങിയാല്‍ മതിയെന്ന ആഗ്രഹം നടപ്പിലാക്കാനാണ് കുടുംബം ആഗ്രഹിച്ചത്. അത് സര്‍ക്കാരും പാര്‍ട്ടിയും അംഗീകരിച്ചു. രാഹുല്‍ ഗാന്ധി വീണ്ടും അപ്പായെ അവസാനമായി കാണാന്‍ എത്തിയതും വലിയ അംഗീകാരമായിട്ടാണ് കാണുന്നത്.
?പുതുപ്പള്ളിയില്‍ പിന്‍ഗാമി ആരെന്ന ചര്‍ച്ച തുടങ്ങിയല്ലോ
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പിന്‍ഗാമിയോ പകരക്കാരനോ ഇല്ല. ഉമ്മന്‍ ചാണ്ടിക്ക് പകരം ഉമ്മന്‍ ചാണ്ടി മാത്രമാണ്. പിന്നെ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ ആര് മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി ഏത് ചുമതല ഏല്‍പിച്ചാലും താന്‍ അത് നിര്‍വഹിക്കും. യൂത്ത് കോണ്‍ഗ്രസിന്റെ ഔട്ട് റീച്ച് ചുമതല ദേശീയതലത്തില്‍ നല്ലതുപോലെ കൊണ്ടുപോകുന്നുണ്ട്. പാര്‍ട്ടിയാണ് ഏറ്റവും വലുതെന്നതായിരുന്നു അപ്പായുടെ നയം. എന്റെ പാര്‍ട്ടിക്ക് വേണ്ടിയാണ് പിതാവ് മുഴുസമയവും ജീവിച്ചത്. പാര്‍ട്ടിയുടെ വളര്‍ച്ചയാണ് മരണം വരെ അദ്ദേഹം ആഗ്രഹിച്ചതും. അത് തന്നെയാണ് എന്റെയും നയം. എന്തെങ്കിലും സ്ഥാനം വഹിക്കണമോ എന്ന് ഞാനല്ല തീരുമാനിക്കുന്നത്. പാര്‍ട്ടിയാണ്.
Content Highlights: chandy oommen interview
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."