ഏക സിവില്‍കോഡ്ആദിവാസി ജീവിതം അട്ടിമറിക്കും
എം. ഗീതാനന്ദൻ/ സുനി അൽഹാദി
? ഏക സിവില്‍കോഡ് എങ്ങനെയാണ് ആദിവാസി വിഭാഗങ്ങളെ ബാധിക്കുക
# ആദിവാസികളുടെ വ്യക്തിനിയമങ്ങള്‍ അവരുടെ സംസ്‌കാരവും സമുദായ ആചാരവുമൊക്കെയായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ആചാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ആദിവാസി ജീവിതം. അതുകൊണ്ടുതന്നെ, അവരുടെ മേഖലയില്‍ ഭരണരീതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏറെക്കുറെ സ്വയം ഭരണാധികാരം നല്‍കിയിട്ടുണ്ട്. ഒരര്‍ഥത്തില്‍ സ്റ്റേറ്റിനുള്ളില്‍ ഒരു സ്റ്റേറ്റ് എന്ന് പറയാം. വടക്കുകിഴക്കന്‍ മേഖലയില്‍ ആറാം പട്ടിക പ്രദേശങ്ങളും അതിനനുസരിച്ചുള്ള ഹില്‍ കൗണ്‍സില്‍ രീതികളുമാണ് നിലനില്‍ക്കുന്നത്. വടക്കു കിഴക്കന്‍ മേഖല ഒഴികെയുള്ള പ്രദേശങ്ങള്‍ അഞ്ചാം പട്ടിക പ്രദേശങ്ങളാണ്. ഇതിൽ കേരളം, കര്‍ണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവ ഒഴികെയുള്ള പ്രദേശങ്ങള്‍ വന്നുകഴിഞ്ഞു. 1976നുശേഷം കേരളം ഉള്‍പ്പെടെയുള്ള ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്തായാലും അഞ്ചും ആറും പട്ടിക പ്രകാരമുള്ള ഗോത്രവര്‍ഗക്കാരുടെ ആചാരാനുഷ്ഠാനക്രമം അവരുടെ ഗ്രാമസഭകളുടെ ഭരണക്രമത്തിലാണ്.
ഏകീകൃത സിവില്‍കോഡ് എന്നു പറയുന്നത് ആദിവാസികളുടെ ആചാര, അനുഷ്ഠാനങ്ങളില്‍ കൈകടത്തലായിരിക്കും. രാഷ്ട്രീയമായും സ്വയംഭരണത്തിന് എതിരായുമൊക്കെയുള്ള വെല്ലുവിളിയായിരിക്കും. കേവലം വ്യക്തിവ്യവഹാരങ്ങളുടെ മാത്രമല്ല, മുഴുവന്‍ ഗ്രാമസഭാ അധികാരത്തിനുമേലുമുള്ള കടന്നുകയറ്റമായാണ് ഇത് ഭവിക്കുക. അതുകൊണ്ടുതന്നെ, പൊതു സിവില്‍കോഡ് നടപ്പാക്കുന്നത് ആദിവാസി ഗോത്രവിഭാഗങ്ങളുടെ എതിര്‍പ്പിന് വിധേയമാകും. ഇതിനകം ദേശീയതലത്തില്‍ എതിര്‍പ്പ് ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
? കേന്ദ്രസർക്കാരിൻ്റെ ലക്ഷ്യമെന്ത്
#ഏക സിവില്‍കോഡുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന കാര്യം അവ്യക്തമാണ്. 21-ാം നിയമ കമ്മിഷന്‍ അതിലെടുത്തിരിക്കുന്ന നിലപാടും അവർ തയാറാക്കിയ സ്റ്റാറ്റസ് പേപ്പറുമാണ് മുന്നിലുള്ളത്. വ്യക്തിനിയമം ഏകീകരിക്കുന്നത് സംബന്ധിച്ച കരടുരേഖ ഇതുവരെ പുറത്തിറക്കിയിട്ടില്ല. കേന്ദ്രസര്‍ക്കാരാകട്ടെ ഇതിന്റെ വ്യവസ്ഥകളൊന്നും പ്രസിദ്ധീകരിച്ചിട്ടുമില്ല. മതേതര സര്‍ക്കാരിന്റെ പൊതുസ്വഭാവമോ സമീപന രീതിയോ അല്ലല്ലോ ബി.ജെ.പി സര്‍ക്കാര്‍ തുടരുന്നത്. അവര്‍ക്ക് ചില പ്രഖ്യാപിത ലക്ഷ്യങ്ങളുണ്ട്. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം അവര്‍ മറച്ചുവയ്ക്കുന്നുമില്ല. സ്വാഭാവികമായി ഒരു ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ചുവടുവയ്പ്പായി ഇൗ നീക്കത്തെ ആശങ്കയോടെ കാണേണ്ടിവരും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കവുമാകാം ഇത്. ഇത്തരത്തിലെല്ലാം അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഏതായാലും ഈ ശ്രമത്തെ ലഘൂകരിച്ച് കാണാന്‍ പാടില്ല എന്നതാണ് ഞങ്ങളുടെ അഭിപ്രായം.
? ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും
#അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പൊതുവികാരമുണ്ടാക്കി ഹിന്ദുവോട്ട് ഏകീകരിക്കുകയെന്ന ബി.ജെ.പി തന്ത്രം സിവിൽകോഡിന് പിന്നിലുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ സവര്‍ണ വിഭാഗങ്ങള്‍ക്ക് ഇത്രയേറെ മേല്‍ക്കൈ കിട്ടിയ കാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അതും ഈ നീക്കത്തിന് പിന്നിലെ വലിയ ഘടകമാണ്. ആ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ തെളിവായി കാണുന്നത് ജാതീയതയുടെ തുറന്ന പൊതുവായ മര്‍ദനരീതികളാണ്. ഉദാഹരണത്തിന് 1955- 56 കാലഘട്ടത്തില്‍ കുറഞ്ഞ നിയമനിര്‍മാണങ്ങളാണ് ഹിന്ദുമതത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടുള്ളത്. സമഗ്ര നവീകരണം ഡോ. അംബേദ്കര്‍ മുന്നോട്ടുവച്ചിരുന്നു, 1948ല്‍. ഹിന്ദുമതത്തിന് സമഗ്രമായ ഒരു സിവില്‍ കോഡ് ഇല്ലെന്നത് പരിഹരിക്കുകയായിരുന്നു ലക്ഷ്യം. മാത്രമല്ല, ഇന്ത്യന്‍ സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ ഹിന്ദുമതത്തിന്റെ നവീകരണം അനിവാര്യമാണെന്നും അദ്ദേഹം കരുതിയിരുന്നു. ഇൗ നീക്കത്തില്‍, പ്രധാനമായി ഊന്നിയിരിക്കുന്നത് സ്ത്രീ അവകാശ സംരക്ഷണം കൂടിയായിരുന്നു. ജാതിയുടെ മര്‍ദനത്തിൽ ഒന്നാമത്തേത് സ്ത്രീകളുടെ അവകാശം നിഷേധിക്കുക എന്നതാണ്. രണ്ടാമത്തേത്, കീഴാള വര്‍ഗങ്ങളുടെ അസമത്വവും. ഈ രണ്ടു വിഷയങ്ങളെയും മറികടക്കാന്‍ പറ്റുന്ന ഒരു ഹിന്ദു കോഡ് ബില്ലായിരുന്നു അദ്ദേഹം കൊണ്ടുവന്നത്. പക്ഷേ, അതിനെതിരേ ശക്തമായ വിമര്‍ശനമുണ്ടായി. ഹിന്ദു മഹാസഭയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമൊക്കെ എതിര്‍പ്പ് ഉയര്‍ന്നു. അതോടെ നവീകരണ നീക്കം ഉപേക്ഷിച്ചു. ഇൗ പശ്ചാത്തലത്തിലാണ് ഡോ. അംബേദ്കര്‍ പിന്നീട് രാജിവയ്ക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ അത്രയുംതന്നെ പ്രാധാന്യം ഇന്ത്യന്‍ സമൂഹത്തെ ജനാധിപത്യവല്‍കരിക്കുകയെന്ന ലക്ഷ്യത്തിനും നല്‍കിയിരുന്നു.
? രാജ്യത്ത് ഗോത്രവര്‍ഗ പ്രദേശങ്ങളിലെ ജനവിഭാഗങ്ങള്‍ ഏക സിവില്‍കോഡിനെതിരേ രംഗത്തുവന്നിട്ടുണ്ട്, കേരളത്തില്‍ എങ്ങനെയായിരിക്കും ആദിവാസികളുടെ പ്രതിഷേധം
#ഇന്ത്യയിലെമ്പാടും ഗോത്രവര്‍ഗ പ്രദേശങ്ങളിലെ ജനങ്ങള്‍ ഏക സിവില്‍കോഡിനെതിരേ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ഭരണഘടനയുടെ അഞ്ച്, ആറ് പട്ടികകളുടെ സംരക്ഷണമുള്ള ഗോത്രവര്‍ഗങ്ങള്‍ വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങളും സംസ്‌കാരവും പിന്തുടരുന്നവരാണ്. പൊതുസമൂഹത്തിന്റെ വ്യക്തിനിയമങ്ങളുമായി ഇവര്‍ക്ക് ഒരു ബന്ധവുമില്ല. അടുത്ത സെന്‍സസില്‍ പ്രത്യേക മതവിഭാഗമെന്ന പരിഗണന വേണമെന്നാണ് ഗോത്രവര്‍ഗമേഖലയില്‍ നിന്ന് ഉയരുന്ന ആവശ്യം. സിവില്‍കോഡില്‍ നിന്ന് ഗോത്രവര്‍ഗക്കാരെ ഒഴിവാക്കണമെന്ന ആവശ്യം ബി.ജെ.പിയില്‍നിന്നുതന്നെ ഉയര്‍ന്നുവന്നിട്ടുമുണ്ട്. ഏക സിവില്‍ കോഡിനെതിരേ ലോക ആദിവാസിദിനമായ ഒാഗസ്റ്റ് 9ന് കൊച്ചിയില്‍ ആദിവാസി - ദലിത് വിഭാഗങ്ങളുടെ സിവില്‍ അവകാശ പ്രഖ്യാപന റാലിയും സമ്മേളനവും നടത്തുന്നുണ്ട്. വിവിധ ആദിവാസി-ദലിത് സംഘടനകളുടെ നേതൃത്വത്തിലായിരിക്കും പരിപാടി. ഹിന്ദുരാഷ്ട്രവാദം പ്രഖ്യാപിത ലക്ഷ്യമായി മുന്നോട്ടുപോകുന്ന ബി.ജെ.പി സര്‍ക്കാരിന്റെ സിവില്‍കോഡ് വാദം ആശങ്കയുളവാക്കുന്നതാണ്. ഭരണഘടന രൂപീകരണ കാലഘട്ടത്തില്‍ ദേശീയ നേതാക്കള്‍ ആഗ്രഹിച്ചതും ഭരണഘടനയുടെ നിര്‍ദേശകതത്വത്തില്‍ പ്രഖ്യാപിച്ചതുമായ ലക്ഷ്യമാണോ ബി.ജെ.പി സര്‍ക്കാരിനുള്ളതെന്നതും സംശയാസ്പദമാണ്. രാജ്യമെമ്പാടും അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ദലിത് - ആദിവാസി വിരുദ്ധ അതിക്രമങ്ങളുടെയും പൗരത്വനിയമം, സവര്‍ണ സംവരണ നിയമം, ന്യൂനപക്ഷവിരുദ്ധ നയങ്ങള്‍, മണിപ്പൂരിലെ വംശീയസംഘര്‍ഷങ്ങള്‍ തുടങ്ങിയവയുടെയും പശ്ചാത്തലത്തില്‍ സവര്‍ണ ഹിന്ദുമേധാവിത്വഭരണം സ്ഥാപിക്കുകയാണ് ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യം.
? സിവിൽകോഡ് ചര്‍ച്ചകള്‍ എപ്രകാരമായിരിക്കണം
#ഇന്ത്യന്‍ ദേശീയ നേതൃത്വങ്ങള്‍ക്ക് പറ്റിയ ഗുരുതരമായ വീഴ്ചയുടെ ഫലമാണ് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സവര്‍ണ ഹിന്ദുമേധാവിത്വവും ഹിന്ദുരാഷ്ട്രവാദവും. ഭരണഘടന വിഭാവനം ചെയ്യുന്ന ഏക സിവില്‍കോഡ് എന്ന പ്രഖ്യാപനത്തിലെത്താന്‍ ഡോ. അംബേദ്കര്‍ മുന്നോട്ടുവച്ച ഹിന്ദുകോഡ് ബില്‍ വീണ്ടും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പരിഷ്‌കരണം നടക്കേണ്ടത് ഭൂരിപക്ഷ സമുദായമായ ഹിന്ദുമതത്തിനുള്ളിലാണ്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഈ വസ്തുത മറച്ചുവയ്ക്കാനും ന്യൂനപക്ഷവിരുദ്ധ വികാരം ആളിക്കത്തിക്കാനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."