വളർത്തുമൃഗങ്ങളെ ചൂടുള്ള സമയത്ത് പുറത്തുവിടരുത്; കഷ്ടപ്പെടുത്തിയാൽ കടുത്ത നടപടിയെന്ന് സഊദി
വളർത്തുമൃഗങ്ങളെ ചൂടുള്ള സമയത്ത് പുറത്തുവിടരുത്; കഷ്ടപ്പെടുത്തിയാൽ കടുത്ത നടപടിയെന്ന് സഊദി
ജിദ്ദ: കടുത്ത ചൂടിൽ വലയുന്നതിനിടെ മൃഗങ്ങൾക്കും കരുതലൊരുക്കി സഊദി ഭരണകൂടം. വളർത്തുമൃഗങ്ങളെ പൊള്ളുന്ന വെയിലത്ത് വിട്ട് ഉപദ്രവിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്‌താൽ ശക്തമായ നടപടിയെടുക്കുമെന്ന് പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൃഗങ്ങളെ ഉപദ്രവിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് മൃഗ ഉടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
വളർത്തുമൃഗങ്ങളുടെ ഉടമകൾക്കും പരിപാലകർക്കുമാണ് വേനൽ കടുത്തതോടെ സൂര്യന് താഴെ വിട്ട് മൃഗങ്ങളെ ഉപദ്രവിക്കുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വേനൽക്കാലത്ത് മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാനപ്പെട്ട ആരോഗ്യ മാർഗനിർദേശങ്ങൾ മന്ത്രാലയം ട്വീറ്റ് ചെയ്തു.
പ്രധാനപ്പെട്ട ആരോഗ്യ മാർഗനിർദേശങ്ങൾ
- ഗൾഫ് സഹകരണ കൗൺസിലിന്റെ മൃഗക്ഷേമ നിയമം അനുസരിച്ച് മൃഗങ്ങളെ പരിപാലിക്കണം.
- വേനൽക്കാലത്ത് ഉയർന്ന താപനിലയുള്ളതിനാൽ മൃഗങ്ങളെ കഠിനമായ ചൂടിൽനിന്ന് സംരക്ഷിക്കാൻ പ്രത്യേക നടപടികൾ കൈക്കൊള്ളണം.
- സ്ഥിരമായി ഭക്ഷണവും വെള്ളവും നൽകണം.
- ചൂടിൽനിന്ന് സംരക്ഷിക്കാൻ കളപ്പുരകളും പാർപ്പിടങ്ങളും ഒരുക്കണം.
- മൃഗക്ഷേമത്തിനായുള്ള മുഴുവൻ മാനദണ്ഡങ്ങളും പാലിക്കണം.
- പ്രതിരോധ കുത്തിവെയ്പുകളും നടത്തണം.
- ദിവസത്തിൽ ഒരിക്കലെങ്കിലും മൃഗങ്ങളുടെ സ്ഥിതി പരിശോധിക്കണം.
- മനുഷ്യനെ ആശ്രയിച്ചുകഴിയുന്ന മൃഗങ്ങളെ ഉപേക്ഷിച്ചുകളയാൻ പാടില്ല. അങ്ങനെ ചെയ്യേണ്ടതുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളെ ബന്ധപ്പെട്ട് അനുമതി വാങ്ങണം.
മൃഗസംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നതായി തെളിഞ്ഞാൽ ശിക്ഷാനടപടികളുണ്ടാകും. നിയമലംഘനവും മൃഗങ്ങളോടുള്ള ക്രൂരതയും കണ്ടെത്താനായി വിവിധ കേന്ദ്രങ്ങൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."