വീണ്ടും പണി; 87,599 കാറുകള്‍ തിരികെവിളിച്ച് മാരുതി; രണ്ട് മോഡലുകളില്‍ തകരാര്‍ കണ്ടെത്തി
വീണ്ടും പണി; 87,599 കാറുകള്‍ തിരികെവിളിച്ച് മാരുതി; രണ്ട് മോഡലുകളില്‍ തകരാര്‍ കണ്ടെത്തി
ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുകി. ഓട്ടോ മൊബൈല്‍ മേഖലയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന കമ്പനി ഇന്ത്യക്കാരെ സംബന്ധിച്ച് വിശ്വാസത്തിന്റെ അടയാളമായാണ് കണക്കാക്കുന്നത്. കുറഞ്ഞ മെയിന്റനന്‍സും, കിടിലന്‍ മൈലേജും, താങ്ങാവുന്ന വിലയും, റീസൈല്‍ വാല്യൂവും മാരുതിയെ സാധാരണക്കാരന്റെ ജിവിതത്തിന്റെ ഭാഗമാക്കി മാറ്റിയെന്നതാണ് സത്യം. ഉപഭോക്താക്കളുടെ പള്‍സറിഞ്ഞ് ഇറക്കിയ മിക്ക വാഹനങ്ങളും വിപണി കീഴടക്കിയതോടെ മാരുതിയുടെ പേരും പെരുമയും അതിര്‍ത്തി കടന്നും വ്യാപിച്ചു.
എങ്കിലും മാരുതി ഉപഭോക്താക്കളെ സംബന്ധിച്ച് അത്ര ശുഭകരമായ വാര്‍ത്തയല്ല ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സ്റ്റിയറിങ് ടൈ റോഡില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തങ്ങളുടെ രണ്ട് മോഡലുകള്‍ വിപണിയില്‍ നിന്ന് തിരികെ വിളിക്കാനൊരുങ്ങുകയാണ്. എസ്പ്രസോ, ഈക്കോ മോഡലുകളിലുള്ള 87599 കാറുകളാണ് കമ്പനി തിരികെ വിളിക്കുന്നത്. സ്റ്റിയറിങ് റോഡില്‍ വീല്‍ സജ്ജീകരണത്തിലെ തകരാറാണ് കാറുകള്‍ തിരികെ വിളിക്കാന്‍ മാരുതിയെ നിര്‍ബന്ധിപ്പിച്ചത്.
2021 ജൂലൈ അഞ്ചിനും 2023 ഫെബ്രുവരി 15നും ഇടയില്‍ മാര്‍ക്കറ്റിലിറങ്ങിയ കാറുകളിലാണ് തകരാര്‍ കണ്ടെത്തിയത്. തിരികെ വിളിച്ചെങ്കിലും തങ്ങളുടെ തെറ്റിന്റെ പേരില്‍ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാന്‍ മാരുതി തയ്യാറല്ല. വാഹനങ്ങളുടെ ഉടമകള്‍ക്ക് കമ്പനിയുടെ അംഗീകൃത ഡീലര്‍ വര്‍ക്ക് ഷോപ്പുകളില്‍ നിന്ന് നേരിട്ട് അറിയിപ്പ് നല്‍കിയ ശേഷം സൗജന്യമായി തകരാര്‍ പരിഹരിച്ച് നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
സമീപകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ ഏറ്റവും വലിയ തിരിച്ച് വിളികളിലൊന്നാണിത്. രണ്ട് വര്‍ഷം മുമ്പ് മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റിന്റെ തകരാര്‍ കാരണം സിയാസ്, വിറ്റാര ബ്രെസ്സ, എന്നിവയുടെ രണ്ട് ലക്ഷത്തോളം മോഡലുകള്‍ മാരുതി തിരിച്ച് വിളിച്ചിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം തന്നെ വാഗണ്‍ ആര്‍, ബലേനോ മോഡലുകളുടെ 1.34 ലക്ഷം യൂണിറ്റുകളും തിരികെ വിളിക്കാന്‍ കമ്പനി തയ്യാറായിരുന്നു. തുടര്‍ച്ചയായ ഇത്തരം പിഴവുകള്‍ കമ്പനിക്ക് ക്ഷീണമാണെങ്കിലും ഉപഭോക്താക്കളോടുള്ള കടമ നിറവേറ്റുന്നതില്‍ മാരുതി യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നാണ് ഇത്തരം നടപടികളിലൂടെ വ്യക്തമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."