സമനില തെറ്റി മനുഷ്യർ
ബഷീർ മാടാല
മണിപ്പൂരിലെ ചൂരാചന്ദ്പൂരിൽ ആൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ ആഹ്വാനം ചെയ്ത മാർച്ച് സംഘർഷത്തിലേക്ക് മാറിയത് വളരെ വേഗത്തിലായിരുന്നു. മാർച്ചിനിടയിലേക്ക് കയറിയ മൂന്നുപേരെ കുക്കി യുവാക്കൾ തടഞ്ഞത് സംഘർഷത്തിന് ഇടവരുത്തി. മെയ്തി-കുക്കി സംഘർഷം ശക്തമായി. ഇതൊന്നും അറിയാതിരുന്ന ഇംഫാൽ പട്ടണത്തിലേക്കും വിവിധ ഗ്രാമങ്ങളിലേക്കും സംഭവം തീപ്പൊരിയായി പടർന്നു. ഇരു കൂട്ടരും കൈയിൽ ആയുധങ്ങളുമായി രംഗത്തിറങ്ങുന്നതാണ് പിന്നീട് കണ്ടത്. അപ്പോഴേക്കും ഇരു വിഭാഗങ്ങളിലെ തീവ്രവാദ(അണ്ടർ ഗ്രൗണ്ട് ഗ്രൂപ്പ് എന്നാണ് ഇവർ അറിയപ്പെടുന്നത്) ഗ്രൂപ്പുകൾ അക്രമങ്ങളുടെ നായകത്വം ഏറ്റെടുത്തിരുന്നു.
കുക്കികളുടെ ഗ്രാമങ്ങളിലേക്ക് ഇരച്ചെത്തിയ ആൾക്കൂട്ടങ്ങൾ വീടുകൾ വ്യാപകമായി കത്തിച്ചു. മെയ്തികളുടെ വീടുകളിൽ കുക്കികൾ ഇതേപോലെ തിരിച്ചടി തുടങ്ങി. എന്നാൽ കലാപ സാധ്യത ഒരിക്കൽപോലും തിരിച്ചറിയാത്ത കുക്കികൾ മെയ്തി വിഭാഗക്കാരുടെ ആസൂത്രിത നീക്കങ്ങളിൽ പകച്ചുനിന്നു. കുക്കി മേഖലകളിൽ അക്രമങ്ങൾ പെയ്തിറങ്ങി. കുക്കികൾക്ക് സ്വാധീനമുള്ള മേഖലകളിൽപ്പോലും മെയ്തി കലാപകാരികൾ അഴിഞ്ഞാടി. ഇംഫാൽ പട്ടണത്തിലെ കുക്കികളുടെ നൂറുക്കണക്കിന് വീടുകൾ തീയിട്ട് നശിപ്പിച്ചു. ഒപ്പം മണിപ്പൂരിലെ ഏറ്റവും പുരാതന ക്രിസ്ത്യൻ പള്ളികളും അഗ്നിക്കിരയാക്കി. കുക്കി കച്ചവട കേന്ദ്രങ്ങൾ മെയ്തികൾ ബോംബിട്ട് തകർത്തു. പൊലിസ് സ്റ്റേഷനുകളിൽനിന്ന് ആയുധം കവർന്ന് അവർ കുക്കികൾക്ക് നേരെ പോരാടി. നൂറുക്കണക്കിന് വാഹനങ്ങൾക്ക് തീയിട്ടു. സർക്കാർ വാഹനങ്ങൾ കൂട്ടത്തോടെ നശിപ്പിച്ചു.
അർധരാത്രിയിൽ വീടുകളിലെത്തിയ അക്രമികൾ നിരവധി പേരെ വെടിവച്ചു കൊന്നു. സ്ത്രീകളെയും കുട്ടികളെയും അക്രമിച്ചു. ജീവിതത്തിലെ സർവ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് രാത്രിയിൽ എങ്ങോട്ടെന്നില്ലാതെ അവർ ഓടി രക്ഷപ്പെട്ടു. തങ്ങളുടെ കൺമുമ്പിൽവച്ച് പെൺമക്കൾ ബലാത്സംഗങ്ങൾക്ക് ഇരയായി. നിരവധി കുട്ടികൾ അനാഥരായി. അക്രമങ്ങളിൽ വ്യാപക ആൾനാശം സംഭവിച്ചത് കുക്കികൾക്കാണ്. രാത്രിയിൽ മാത്രമല്ല കലാപത്തിന്റെ ആദ്യ നാളുകളിൽ പകൽ സമയത്തും അക്രമികൾ നിരപരാധികളെ വേട്ടയാടി.
ഇതെല്ലാം കണ്ടുനിന്ന പൊലിസ് മെയ്തികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി. സർക്കാർ അറിഞ്ഞുകൊണ്ട് നടപ്പാക്കിയ സംഘർഷം. നൂറുക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരാണ് റിലീഫ് ക്യാംപുകളിൽ കഴിയുന്നത്. കലാപത്തിന്റെ നീറുന്ന ഓർമകളുമായി അവർ ജീവിതം കരഞ്ഞു തീർക്കുകയാണ്. എല്ലാവർക്കും പറയാനുള്ളത് വ്യത്യസ്ത അനുഭവങ്ങളാണ്.
സർക്കാർ കണക്കുകൾ അനുസരിച്ച് കൊല്ലപ്പെട്ടവർ 200ൽ താഴെയാണ്. എന്നാൽ ഇതിൽ എത്രയോ ഇരട്ടിയാളുകൾ മരിച്ചിട്ടുണ്ടെന്ന് ഇന്റീജീനിയസ് ട്രൈബൽ ലീഡേർസ് ഫോറം നേതാക്കൾ സുപ്രഭാതത്തോട് പറഞ്ഞു. കൂടാതെ, ഇനിയും കണ്ടെത്താനാവാത്ത നിരവധിപേരെക്കുറിച്ച് ഒരു അന്വേഷണവും നടക്കുന്നില്ല. ഇംഫാലിൽനിന്ന് വളരെ ദൂരെ ഒരു ക്യാംപിൽ സമനില തെറ്റിയ അമ്മയെ കണ്ടുമുട്ടി. ഇതുപോലെ സമനില തെറ്റിയ നിരവധി അമ്മമാർ മണിപ്പൂരിലെ ക്യാംപുകളിലുണ്ട്.
ഇംഫാൽ പട്ടണത്തിൽനിന്ന് രണ്ടു മണിക്കൂർ യാത്ര ചെയ്താലേ വിവിധ ദിക്കുകളിലുള്ള കുക്കി വിഭാഗക്കാരുടെ സ്ഥലങ്ങളിലേക്ക് എത്താനാവുകയുള്ളൂ. കുക്കികളുടെ പ്രധാന കേന്ദ്രങ്ങളായ ചൂരാചന്ദ്പൂർ, കാംഗ് പോക്വി, മൊറെ, സേനാപതി, ചന്ദേൽ എന്നിവിടങ്ങളിലെത്താൻ ഇംഫാലിൽ നിന്ന് രണ്ടു മണിക്കൂർ യാത്രയുണ്ട്. പൊതുഗതാഗതം പൂർണമായും തുടച്ചുനീക്കപ്പെട്ട ഇവിടെ കുക്കി, മെയ്തി വിഭാഗക്കാരുടെ അതിർത്തി പ്രാദേശങ്ങൾവരെ മാത്രമേ സഞ്ചരിക്കാനാകൂ. അതിർത്തി കടന്നുപോകാൻ ഇപ്പോൾ ഇരുകൂട്ടരും അനുവദിക്കുന്നത് നാഗകളെയും പംഗൽ വിഭാഗക്കാരെയും മാത്രമാണ്.
ഇംഫാലിൽ നിന്ന് പംഗൽ വിഭാഗക്കാരന്റെ കാറിൽ ചൂരാചന്ദ്പൂരിലേക്കുള്ള യാത്രക്കിടയിൽ റോഡിന് ഇരുവശത്തുമായി നിരവധി വീടുകൾ കത്തിയത് കണ്ടു. സൈന്യത്തിന്റെ കാവലിന് പുറമെ മെയ്തി വിഭാഗത്തിലെ മെയ്രാ പെയ്ബീസ് എന്ന സ്ത്രീ സംഘടനയിലെ നിരവധി പേർ കടന്നുപോകുന്ന ഓരോ വാഹനത്തെയും നിരീക്ഷിക്കുന്നുണ്ട്. കുക്കി-മെയ്തി അതിർത്തി തിരിച്ച മൊയ്‌റാംഗിൽ എത്തിയതോടെ ഒരു കൂട്ടം മെയ്തി സ്ത്രീകൾ വടികളുമായി വാഹനം തടഞ്ഞു.
ഡ്രൈവറുടെയും ലേഖകൻ്റെയും ആധാർ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചാണ് കടത്തിവിട്ടത്. കല്ലും ടയറും ചാക്കുകളും നിറഞ്ഞുനിൽക്കുന്ന റോഡിലൂടെ അൽപം സഞ്ചരിച്ചതോടെ സൈനികരുടെ വ്യത്യസ്ത പരിശോധനകൾക്കും വിധേയമാകേണ്ടിവന്നു. പിന്നെയും ഏതാനും ദൂരം കഴിഞ്ഞപ്പോൾ വലിയ കൂട്ടം യുവാക്കളും യുവതികളും വാഹന പരിശോധനക്കെത്തി. തോക്കേന്തിയ കുക്കി യുവാക്കളുടെ വിവിധ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാണ് കുക്കികളുടെ ഹൃദയഭൂമിയായ ചൂരാചന്ദ്രപൂരിൽ എത്തിയത്.
ഇവിടെയാണ് കൊല്ലപ്പെട്ട 129 കുക്കികളുടെ ഓർമക്കായി 'ഓർമ്മ മതിൽ' സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസമായി ആയിരക്കണക്കിന് കുക്കി യുവതികളുടെ സമരവേദിയാണിത്.
കലാപത്തിലെ ഇരകൾക്കായി 15 ദുരിതാശ്വാസ ക്യാംപുകൾ ഇവിടെയുണ്ട്. ഓരോ ക്യാംപിലും അഞ്ഞൂറിൽ കുറയാത്തവർ തമാസിക്കുന്നു. രാജീവ് ഗാന്ധി സന്ദർശിച്ച സെന്റ് സെബാസ്റ്റ്യൻ ചർച്ച് സ്‌കൂളിലെ ക്യാംപ് പരിതാപകരമാണ്. ചെറിയ മുറികളിൽ നിരവധി കുടുംബങ്ങൾ കഴിയുന്നു. കുട്ടികൾ പുറത്ത് കളിക്കുമ്പോൾ മുതിർന്നവർ ആരോടും ഒന്നും പറയാനാവാതെ ദുഃഖിതരായി ഇരിക്കുന്നു.
ഓരോ മുറിയിലും കയറിയിറങ്ങുന്നതിനിടയിലാണ് ഒരു സ്ത്രീ വന്ന് അവരുടെ മകനെ കണ്ടോ എന്ന് ചോദിച്ചത്. തന്റെ ഭർത്താവിനെയും മകനെയും കുറിച്ച് അവർ സംസാരിച്ചുകൊണ്ടേയിരുന്നു. മെയ്തികളുടെ ഗ്രാമത്തിനടുത്തായിരുന്നു ഇവരുടെ വീട്. മെയ് നാലിന് രാത്രി ഗ്രാമത്തിൽ കടന്നെത്തിയ അക്രമികൾ വീടിന് തീയിട്ടു. മകനെയും ഭർത്താവിനെയും വെടിവച്ചു കൊന്നു. ഇവരെപ്പോലെ അനേകം പേർ ചൂരാചന്ദ്പൂരിലെ ക്യാംപുകളിലുണ്ട്.
സംസ്ഥാന സക്കാരിൽ ഉയർന്ന പദവി വഹിച്ചിരുന്ന നെയ്ചഹ ഹായ്കിപ്പിന്റെ മകൾ ടിംഗ്ജുവൻ കിപ്‌ജെം, മകൻ ഹെൻകാഹൊ കിപ്‌ജെം എന്നിവർ മണിപ്പൂർ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ്. ഇംഫാൽ ടൗണിൽ ജനിച്ചു വളർന്ന ഇവർ ഇട്ടുടുത്ത വസ്ത്രത്തോടെ മെയ് അഞ്ചിനാണ് ഇവിടെ എത്തിയത്. തങ്ങളുടെ മാതാപിതാക്കളെക്കുറിച്ച് വിവരങ്ങളില്ലെന്ന് കുട്ടികൾ പറഞ്ഞു. മറ്റൊരു ക്യാംപിലെ നിയോപി എന്ന വനിതയ്ക്ക് പറയാനുള്ളത് വേറൊരു കാര്യമാണ്.
(തുടരും)
Content Highlights:Today's Article By basheer maadala part 2
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."