സാദിഖലി തങ്ങളെയും എം.എസ്.എഫ് നേതാക്കളേയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന: ശബ്ദ സന്ദേശങ്ങള്‍ പുറത്ത്; ഗൂഢാലോചനയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും യൂത്ത് ലീഗ് ഓഫിസ് സെക്രട്ടറിയും
കോഴിക്കോട്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും എം.എസ്.എഫ് നേതാക്കളേയും അപകീര്‍ത്തിപ്പെടുത്താന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഗൂഢാലോചന നടത്തിയ ശബ്ദ സന്ദേശങ്ങള്‍ പുറത്ത്. എം.എസ്.എഫ് കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറിയും നിലവില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സാഹിബ് മുഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന നിഷാന്‍ വാഫി പരപ്പനങ്ങാടി, എം.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫിനാസ് ചോറോട്, എം.എസ്.എഫ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി നബീല്‍, പാലക്കാട് ജില്ലാ മുന്‍ പ്രസിഡന്റ് ബിലാല്‍ മുഹമ്മദ്, മലപ്പുറം ജില്ലാ കമ്മറ്റി മുന്‍ അംഗം ഗഫൂര്‍ ചാത്രത്തൊടി, ബാസിത്ത് മണിയൂര്‍, പാലക്കാട് ജില്ലാ മുന്‍ സെക്രട്ടറി ശാക്കിര്‍ കോങ്ങാട് എന്നിവരുടെ ശബ്ദസന്ദേശങ്ങളാണ് പുറത്തായത്. നിഷാന്‍ വാഫി പരപ്പനങ്ങാടി വ്യാജ അക്കൗണ്ടുകളിലൂടെ പാണക്കാട് സ്വാദിഖലി തങ്ങള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനായി നല്‍കിയ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ടുള്‍പടെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ആരോപണവിധേയരായ ആരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ നവാസിനെതിരെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരേ മലപ്പുറം ജില്ലാ എം.എസ്.എഫ് കമ്മറ്റി നടപടി എടുത്തു. ജില്ലാ എം.എസ്.എഫ് ജോയിന്റ് സെക്രട്ടറി ടി.പി നബീല്‍, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് പി.വി ഫാഹിം അഹമ്മദ് എന്നിവരെ സംഘടനയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി ജില്ലാ എം.എസ്.എഫ് കമ്മിറ്റി പുറത്തിറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു. രഹസ്യ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ പാര്‍ട്ടിക്കെതിരേയും നേതാക്കള്‍ക്കെതിരേയും നടത്തിയതായി രേഖകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പത്രകുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. തുടരന്വേഷണത്തിനായി സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു.
വാട്‌സ്ആപ്പ് ഗ്രൂപ്പായ 'എംസ്.എഫ് സ്‌ക്വയറി'ല്‍ നടന്ന സംഘടനാ വിരുദ്ധ ചര്‍ച്ചകള്‍ എന്ന പേരില്‍ ഇന്നാണ് സ്‌ക്രീന്‍ ഷോട്ടുകളും ശബ്ദ സന്ദേശങ്ങളും പുറത്തായത്. ഇതിനെ തുടര്‍ന്നാണ് നടപടി. ഹരിത വിഷയത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഗൂഢാലോചനയില്‍ ഇവര്‍ പങ്കാളിയായാതായാണ് എം.എസ്.എഫ് നേതൃത്വം വിലയിരുത്തുന്നത്.
ഹരിതയുടെ സംസ്ഥാന നേതൃത്വത്തെ പിരിച്ചുവിട്ടതിന് ശേഷം എം.എസ്.എഫില്‍ ഉടലെടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് നിലവിലെ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പടെ അംഗങ്ങളയ 'എംസ്.എഫ് സ്‌ക്വയര്‍' വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നാണ് അറിവ്. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ലത്തീഫ് തുറയൂര്‍, ഭാരവാഹികളായിരുന്ന കെ.എം ഫവാസ്, ഷൈജല്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്തിക്കിയതോടെയാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ തുടങ്ങിയതെന്നും അറിയുന്നു.
എം.എസ്.എഫില്‍ നവാസിനെ അനുകൂലിക്കുന്നവര്‍ പിടിമുറുക്കുകയാണെന്ന രീതിയിലാണ് ഗ്രൂപ്പില്‍ ആദ്യം ചര്‍ച്ചകള്‍ തുടങ്ങിയതെന്നും പിന്നീട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയേയും മുസ്ലിം ലീഗ് നേതാക്കളേയും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലേക്ക് മാറിയെന്നും ഇപ്പോള്‍ പുറത്തായ ശബ്ദ സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."