HOME
DETAILS

‌ജനങ്ങൾക്കുവേണ്ടിയുള്ളതോ പുതിയ നിയമ പരിഷ്കരണം?

  
backup
August 13 2023 | 18:08 PM

editorial-in-aug-14-2023

ഇന്ത്യൻ ക്രിമിനൽ നിയമങ്ങളിൽ അടിമുടി മാറ്റം വരികയാണ്. ഇന്ത്യൻ പീനൽ കോഡ്, സി.ആർ.പി.സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ ഇല്ലാതാകും. പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നിവ വരും. ഇതിനായുള്ള മൂന്ന് ബില്ലുകൾ ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്‌സഭയിൽ അവതരിപ്പിക്കുകയും കൂടുതൽ പരിശോധനയ്ക്കുവേണ്ടി ആഭ്യന്തര കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുകയും ചെയ്തു.

ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പാസാക്കാനിടയുണ്ട്. കൊളോണിയൽ കാലത്തെ നിയമങ്ങൾ മാറ്റുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം. പുതിയ ബില്ലുകൾ നീതിയുടെ വിതരണത്തെ വേഗത്തിലാക്കുകയും ശിക്ഷ കടുപ്പിക്കുകയും ചെയ്യുമെന്നും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.
നിയമങ്ങളുടെ പരിഷ്‌കരണം ചലനാത്മക ജനാധിപത്യത്തിൽ അനിവാര്യമാണ്. കാലഹരണപ്പെട്ട നിയമങ്ങൾ പിൻവലിക്കപ്പെടുകയും പുതിയ കാലത്തിന് ഉതകുന്നവ സ്ഥാനം പിടിക്കുകയും വേണം. എന്നാൽ ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയാകണം നിയമപരിഷ്‌കരണം നടപ്പാക്കേണ്ടത്.

ഈ പ്രധാന വസ്തുത അഭിമുഖീകരിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ പുതിയ ബില്ലുകൾ പരാജയപ്പെട്ടുവെന്ന് കാണാം. രാജ്യത്തെ മറ്റൊരു പൊലിസ് സ്റ്റേറ്റാക്കുകയും ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയെ കൈവിലങ്ങ് വയ്ക്കുകയും ചെയ്യുന്നതാണ് പുതിയ ബില്ലുകളെന്നാണ് പ്രമുഖ നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നത്.
നീതിയെന്നാൽ അതിന് തെറ്റുപറ്റിയിട്ടില്ലെന്ന് ആവർത്തിച്ച് ഉറപ്പിക്കേണ്ടതാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന ഘട്ടം മുതൽ ഇത് തുടങ്ങണം. കുറ്റത്തിന് ഇരയായ സമൂഹത്തിനു മാത്രമല്ല, പ്രതിയാകുന്നയാൾക്കും നീതിയുടെ വിതരണം ആനുപാതികമായി ഉറപ്പാക്കപ്പെടണം. വിവിധ കാരണങ്ങളാൽ കുറ്റങ്ങളിലേർപ്പെടുന്നവരെ തിരുത്തുകയും പരിഷ്‌കരിക്കുകയും ചെയ്ത് സമൂഹത്തിനും രാജ്യത്തിനും ഉപകരിക്കുന്ന പൗരൻമാരായി മാറ്റിയെടുക്കുകയെന്ന നടപടിയാണ് ജയിൽ ശിക്ഷ.

ഈ ലക്ഷ്യങ്ങളിലേക്ക് രാജ്യത്തെ നയിക്കുന്നതിനുള്ള വകുപ്പുകൾ പുതിയ ബില്ലിലുണ്ടോയെന്നാണ് നോക്കേണ്ടത്. അങ്ങനെയൊന്നില്ലെന്ന് കാണാനാവും.
രാജ്യത്ത് ആൾക്കൂട്ടക്കൊലയ്ക്ക് ആദ്യമായി കടുത്ത ശിക്ഷ ഉറപ്പാക്കിയെന്നതാണ് ബില്ലിലെ സ്വാഗതം ചെയ്യപ്പെടേണ്ട വ്യവസ്ഥ. അഞ്ചോ അതിൽ കൂടുതലോ പേർ ഉൾപ്പെടുന്ന കുറ്റത്തെയാണ് ആൾക്കൂട്ട അതിക്രമമായി ബിൽ നിർവചിച്ചിരിക്കുന്നത്. അഞ്ചോ അതിലധികം പേരോ ചേർന്ന് വംശം, ജാതി, സമുദായം, ലിംഗം, ജന്മസ്ഥലം, ഭാഷ, വ്യക്തിത്വം, വിശ്വാസം എന്നിവയുടെ പേരിൽ കൊല നടത്തിയാൽ ആ സംഘത്തിലെ ഓരോ അംഗത്തിനും വധശിക്ഷയോ ജീവപര്യന്തം തടവോ അല്ലെങ്കിൽ ഏഴ് വർഷത്തിൽ കുറയാത്ത കാലയളവിലേക്കുള്ള തടവോ നൽകാമെന്നും കൂടാതെ പിഴയടയ്ക്കാനും ബാധ്യസ്ഥരായിരിക്കുമെന്നും ബിൽ പറയുന്നു.

ബില്ലിലെ 101(2) വ്യവസ്ഥയായാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പ് ഇല്ലാതാക്കി ഭാരതീയ ന്യായ് സംഹിതയിൽ ഉൾപ്പെടുത്തിയ 150ാം വകുപ്പ് അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന് സർക്കാരിനെ സഹായിക്കുംവിധം കുറ്റങ്ങൾ വിശാലമാക്കുകയും നിർവചനങ്ങളെ പൊലിസിന്റെ മനോനിലക്ക് വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്.


വ്യാപക ദുരുപയോഗത്തെത്തുടർന്ന് 2022 മെയിൽ സുപ്രിംകോടതി മരവിപ്പിച്ചതാണ് രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പ്. നിയമം മരവിപ്പിക്കുന്നതിനെ കേന്ദ്രസർക്കാർ എതിർത്തിരുന്നു. സുപ്രിംകോടതിയുടെ ഈ ഉത്തരവ് മറികടക്കാനാണ് 124എക്ക് പകരം 150 കൊണ്ടുവന്നതെന്നാണ് കരുതേണ്ടത്. 150ാം വകുപ്പ് പ്രകാരം അട്ടിമറിയോ അരാജക പ്രവൃത്തിയോ നടത്തിയാൽ രാജ്യത്തിനെതിരായ കുറ്റമായി കണക്കാക്കുമെന്ന് പറയുന്നു. എന്നാൽ ഇതെന്താണെന്ന് നിർവചിച്ചിട്ടില്ല. ജനാധിപത്യപരമായ ഏതൊരു സമരത്തെപ്പോലും പൊലിസിന് അട്ടിമറിയോ അരാജക പ്രവൃത്തിയോ ആയി വ്യാഖ്യാനിക്കാം. നിയമങ്ങളിൽ കുറ്റങ്ങളുടെ വ്യക്തമായ നിർവചനം അനിവാര്യമാണ്.


ബില്ലിൽ കുറ്റകൃത്യങ്ങളെ വിശാലമാക്കിയിട്ടുണ്ട്. വാക്കുകളിലൂടെയോ സംസാരത്തിലൂടെയോ എഴുത്തിലൂടെയോ അടയാളങ്ങളിലൂടെയോ പങ്കാളിത്വത്തിലൂടെയോ ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ സാമ്പത്തിക മാർഗങ്ങളിലൂടെയോ സായുധ കലാപം അല്ലെങ്കിൽ അട്ടിമറി എന്നിവയെ ഉത്തേജിപ്പിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യൽ, വിഘടനവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ഇന്ത്യയുടെ പരമാധികാരത്തെയോ ഐക്യത്തെയോ അഖണ്ഡതയെയോ അപകടപ്പെടുത്തുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുകയോ ചെയ്യൽ എന്നിവ ജീവപര്യന്തം തടവോ ഏഴ് വർഷം തടവോ അതോടൊപ്പം പിഴയും വിധിക്കാവുന്ന കുറ്റമാവുമെന്നാണ് ബില്ലിൽ പറയുന്നത്. ജീവപര്യന്തം എന്നാൽ ജീവിതകാലം മുഴുവനാണ് തടവ്.

ഇതോടെ സാമ്പത്തിക ഇടപാടുകളെ സംശയകരമെന്ന് ആരോപിച്ച് ഈ വകുപ്പ് ചുമത്താം. വാട്‌സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങി സമൂഹമാധ്യമങ്ങളിലെ ആശയവിനിമയങ്ങളെയും കുറ്റത്തിന്റെ പരിധിയിൽപ്പെടുത്താം.
രാജ്യത്ത് നീതിയുടെ വിതരണം സന്തുലിതമാണോ എന്ന ചോദ്യം പ്രസക്തമാണ്. അല്ലെന്നാണ് സമീപകാല അനുഭവങ്ങളിൽ നിന്നുള്ള ഉത്തരം.

ഭരിക്കുന്ന പാർട്ടിയുടെയും ഭൂരിപക്ഷ സമുദായത്തിന്റെയും താൽപര്യങ്ങൾക്കനുസരിച്ചാണ് നീതി വിതരണം ചെയ്യപ്പെടുന്നതെന്ന ആക്ഷേപം ശക്തമാണ്. എതിർശബ്ദങ്ങളെ പാർലമെന്റിലായാലും പുറത്തായാലും അടിച്ചമർത്തുന്ന രീതിയാണുള്ളത്. ഇത് ദുർബലമായ ജനാധിപത്യത്തിന്റെ ലക്ഷണമാണ്. ഇൗ ജനാധിപത്യത്തിൽ പൊലിസ് കൂടുതൽ ശക്തരാകും. അവർ ജനങ്ങളെ അന്യായമായി അടിച്ചമർത്തും. ഏകപക്ഷീയ ഉത്തരവുകൾ നൽകും. യുക്തിരഹിത ചട്ടങ്ങളുണ്ടാക്കും. എന്നാൽ കോടതികളിലെത്തുമ്പോൾ ഇതിന് നിയമപ്രാബല്യമുണ്ടാകില്ലെന്നും നീതി ലഭിക്കുമെന്നുമായിരിക്കും സാധാരണക്കാരന്റെ പ്രതീക്ഷ.

പൊലിസ് രാജിനെ നിയമമാക്കുമ്പോൾ ജനങ്ങൾക്ക് കോടതിയിലും നീതി ലഭിക്കാനുള്ള സാധ്യതയാണ് ഇല്ലാതാവുന്നത്.
ബ്രിട്ടിഷുകാരുണ്ടാക്കിയ നിയമങ്ങൾ മാത്രമല്ല, അവരുടെ മനോനില കൂടി പൊളിച്ചെഴുതപ്പെടേണ്ടതുണ്ട്. സർക്കാരിന്റെ നിയമനിർമാണത്തെ സംശയത്തോടെ കാണേണ്ടി വരുന്നത് സമീപകാലത്തെ രാഷ്ട്രീയ അനുഭവങ്ങളുടെ പശ്ചാതലത്തിൽക്കൂടിയാണ്. രാജ്യത്തെ കൂടുതൽ ഇരുട്ടിലാക്കുകയും സംഘർഷഭരിതമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ ക്രിമിനൽ നിയമ പരിഷ്കരണം എന്നതുതന്നെയാണ് ശരി.

Content Highlights:Editorial in aug 14 2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  17 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  39 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago