'കറൻസിക്ക് കൂടുതൽ പണം' - ഓഫറുകളിൽ വഞ്ചിതരാകരുത്; പിന്നിൽ വൻതട്ടിപ്പ് സംഘം
'കറൻസിക്ക് കൂടുതൽ പണം' - ഓഫറുകളിൽ വഞ്ചിതരാകരുത്; പിന്നിൽ വൻതട്ടിപ്പ് സംഘം
അബുദാബി: അംഗീകാരമില്ലാത്ത ഡീലർമാരുടെ കയ്യിൽ നിന്നും കറൻസി കൈമാറുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (എ.ഡി.ജെ.ഡി). കറൻസികൾക്ക് കൂടുതൽ പണം വാഗ്‌ദാനം ചെയ്ത് എത്തുന്ന ഓഫറുകളിൽ വഞ്ചിതരാകരുതെന്ന് താമസക്കാർക്കും വിനോദസഞ്ചാരികൾക്കും എ.ഡി.ജെ.ഡി അറിയിച്ചു. കഴിഞ്ഞ ദിവസം ഇത്തരം ഓഫറിൽ കറൻസി മാറ്റം നടത്തിയവർക്ക് വ്യാജ കറൻസി ലഭിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ച പുറത്തുവിട്ട വീഡിയോയിൽ, സംശയാസ്പദമായ കറൻസി ഡീലർമാർ ഒന്നുകിൽ വ്യാജ കറൻസി നോട്ടുകൾ നൽകുകയോ അല്ലെങ്കിൽ അനധികൃത സ്രോതസ്സുകളിൽ നിന്ന് പണം കൈപ്പറ്റുകയോ ചെയ്യുന്നുവെന്ന് എ.ഡി.ജെ.ഡി വിശദീകരിക്കുന്നു. അതിനാൽ അനധികൃതമായി പണം മാറ്റുന്നവരിൽ നിന്ന് വിദേശ കറൻസി മാറ്റരുതെന്നും അതോറിറ്റി നിർദേശിച്ചു.
“തട്ടിപ്പുകാരും കറൻസി കള്ളപ്പണ സംഘങ്ങളും അവധിക്കാലം മുതലെടുത്ത് സോഷ്യൽ മീഡിയ വഴി കുറഞ്ഞ വിലയ്ക്ക് വിദേശ കറൻസികൾ നൽകുന്നതായി ഓഫറുകൾ നൽകുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പരസ്യങ്ങളിലൂടെയും ഈ സംഘങ്ങൾ ആളുകളെ ആകർഷിക്കുന്നു. ആളുകൾ അത്തരം 'ലാഭകരമായ' ഓഫറുകൾ ഒഴിവാക്കുകയും അത്തരം സംശയാസ്പദമായ ഡീലുകൾ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും വേണം, ”എ.ഡി.ജെ.ഡി പ്രസ്താവനയിൽ പറയുന്നു.
വിദേശ കറൻസി കൈമാറ്റം ചെയ്യുന്നതിനായി എല്ലായ്‌പ്പോഴും അംഗീകൃത മണി എക്‌സ്‌ചേഞ്ച് ഹൗസുകളിലോ ബാങ്കുകളിലോ പോകണം. ഈ സംഘങ്ങൾ കള്ളപ്പണം വെളുപ്പിക്കുന്നതിലും കള്ളനോട്ട് പ്രോത്സാഹിപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്നതിനാൽ അവരുമായി ഇടപെടുന്നത് ഒഴിവാക്കണമെന്ന് വകുപ്പ് എല്ലാ വ്യക്തികളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെടുന്നതായി എ.ഡി.ജെ.ഡി കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."