HOME
DETAILS

വർഗീയരാഷ്ട്രീയത്തിൻ്റെ വഴിയും സി.പി.എമ്മിൻ്റെ 'ഇൻഡ്യ' പിന്തുണയും

  
backup
August 21 2023 | 18:08 PM

the-path-of-communal-politics-and-cpms-india-support

എം.ജോൺസൺ റോച്ച്

ബി.ജെ.പിയെ ചെറുക്കാൻ മതേതര പാർട്ടിയായ കോൺഗ്രസുമായി സഹകരണം ആകാമെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ സമീപനരേഖ ആ പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ ഒരിക്കൽ തള്ളുകയാണുണ്ടായത്. എന്നാൽ, ഇപ്പോൾ യെച്ചൂരിയുടെ സമീപനരേഖ അംഗീകരിച്ച് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ 'ഇൻഡ്യ'യിലൂടെ കോൺഗ്രസുമായി ഒന്നിച്ച് പ്രവർത്തിക്കാൻ സി.പി.എം തീരുമാനിച്ചിരിക്കുന്നു. ഇത് ഉചിത തീരുമാനം തന്നെയാണ്.

എന്നാൽ, ഈ പാർട്ടിയുടെ രാഷ്ട്രീയ ചരിത്രമെടുത്താൽ, ബി.ജെ.പിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയതായി മനസിലാക്കാനാകും. മോദി സർക്കാർ അധികാരത്തിൽ എത്തുന്നതിനു മുൻപുവരെ കോൺഗ്രസ് പാർട്ടിയെ എതിർത്ത് അവർക്ക് ബദലായി ഇന്ത്യൻ രാഷ്ട്രീയത്തിൽ വളർന്നുവരികയും ആധിപത്യം ഉറപ്പിക്കുകയും ചെയ്യുക എന്ന നയവും തന്ത്രവും പ്രവർത്തന ശൈലിയുമാണ് സി.പി.എം സ്വീകരിച്ചത്.


കോൺഗ്രസിനെ എതിർത്ത് മുന്നേറുകയെന്ന ലക്ഷ്യം പശ്ചിമബംഗാളിൽ ആദ്യം വിജയം കണ്ടെങ്കിലും പിന്നീട്, അത് പാളുക മാത്രമല്ല, ഭരണത്തിൽനിന്ന് സി.പി.എം നിഷ്‌കാസിതരാവുകയും കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ഒന്നുപോലെ അവിടെ നിലംപതിക്കുകയുമാണ് ഉണ്ടായത്. അവിടെ തൃണമൂൽ കോൺഗ്രസിൻ്റെ മുഖ്യ എതിരാളി ബി.ജെ.പിയാണ്. മുൻപ് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അടിത്തറയുണ്ടായിരുന്ന സംസ്ഥാനങ്ങളായിരുന്നു ആന്ധ്രാപ്രദേശും തെലങ്കാനയും തമിഴ്‌നാടും. കോൺഗ്രസിനെ എതിർത്ത് വളരുകയെന്ന അജൻഡയാണ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും സി.പി.എം സ്വീകരിച്ചിരുന്നത്.

ഇൗ രണ്ടു സംസ്ഥാനങ്ങളിലും സംഭവിച്ചതും ബംഗാളിനു സമാന കാര്യങ്ങളാണ്. ഇവിടെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് വേരുകൾ നഷ്ടപ്പെടുകയും കോൺഗ്രസ് പാർട്ടി ഭരണത്തിൽനിന്ന് എടുത്തെറിയപ്പെടുകയും പ്രാദേശിക പാർട്ടികൾ ഭരണം കൈയടക്കുകയും ചെയ്തിരിക്കുന്നു. ഇതേ രീതിയിൽ തമിഴ്‌നാട്ടിലും പ്രാദേശിക പാർട്ടികൾ ആധിപത്യം ഉറപ്പിച്ചു. കോൺഗ്രസിനെതിരേ ത്രിപുരയിൽ സി.പി.എം നടത്തിക്കൊണ്ടിരുന്ന ശക്തമായ കടന്നാക്രമണം നിമിത്തം അവിടെ ബി.ജെ.പി ആധിപത്യം ഉറപ്പിച്ചു.


ബി.ജെ.പി സർക്കാർ ഭരണത്തിലെത്തിയതിൽ ഹിന്ദുത്വ വർഗീയത നിർണായക ഘടകമാണ്. ഇൗ വർഗീയഭരണം വരുന്നതിൽ വലിയ പങ്ക് സി.പി.എം നിർവഹിച്ചിട്ടുണ്ട്. ജനതാ പാർട്ടി പിളർന്നപ്പോൾ ഭരണം നിലനിർത്താൻ മൊറാർജി ദേശായി സി.പി.എമ്മിന്റെ പിന്തുണ ആവശ്യപ്പെട്ടെങ്കിലും അവർ സഹകരിച്ചില്ല. അതോടെ, മൊറാർജി സർക്കാർ തകർന്നുവീണു. അന്ന് മൊറാർജി സർക്കാരിനെ നിലനിർത്താൻ സി.പി.എം സഹായിച്ചിരുന്നെങ്കിൽ ബി.ജെ.പി ഇന്ത്യയിൽ ഇത്ര പെട്ടെന്ന് വളർച്ച പ്രാപിക്കില്ലായിരുന്നു. ഇവിടെ നിന്നങ്ങോട്ടാണ് ഹിന്ദുത്വരാഷ്ട്രീയം നിർണായക ഘടകമാകുന്നതും അവരുടെ രാഷ്ട്രീയ ജൈത്രയാത്ര ഉറപ്പിച്ചു തുടങ്ങുന്നതും.

ബി.ജെ.പിയാണ് മുഖ്യ ശത്രുവെന്ന് ഉറക്കെ പറയുകയും ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിൽ അവരെ സഹായിക്കും വിധമുള്ള നയങ്ങളും തീരുമാനങ്ങളും എടുക്കുകയുമാണ് സി.പി.എം അനുവർത്തിച്ച നയമെന്ന് ചരിത്രം സാക്ഷ്യം വഹിക്കുന്നു.


കോൺഗ്രസ് പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന എട്ടാം ലോക്‌സഭ (1984-89) തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുമായാണ് ഹിന്ദുത്വ വർഗീയപാർട്ടി പാർലമെന്റിൽ രംഗപ്രവേശനം ചെയ്യുന്നത്. 9-ാം ലോക്‌സഭ (1989-91) തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികളുടെയും ബി.ജെ.പിയുടെയും പിന്തുണയോടുകൂടിയാണ് വി.പി സിങ് മുന്നണി ഭരണത്തിലെത്തുന്നത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ട് പാർലമെന്റ് അംഗങ്ങളിൽ നിന്ന് 85 അംഗങ്ങളായി ഉയർന്നു. ഈ തെരഞ്ഞെടുപ്പിലാണ് സി.പി.എമ്മും ബി.ജെ.പിയും ഒന്നുപോലെ പിന്തുണ നൽകിയ വി.പി സിങ് സർക്കാർ ഭരണമേൽക്കുന്നത്.

തുടർന്ന് ഭരണമാറ്റത്തിന് രാമക്ഷേത്ര അവകാശം ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പിയുടെ രാമക്ഷേത്ര അവകാശവാദം ഹിന്ദു വർഗീയത ഉണർത്തിയതിനാൽ അന്നത്തെ പ്രതിപക്ഷ പാർട്ടികൾക്കെല്ലാം അവരവരുടെ സീറ്റ് വർധിപ്പിക്കാൻ അത് സഹായകമായിത്തീർന്നു. ഈ ഹിന്ദുത്വ ഉണർവ് സി.പി.എമ്മിന്റെ സീറ്റ് വർധിപ്പിക്കാനും കോൺഗ്രസിനെതിരെയുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചാരണം, ബി.ജെ.പിയുടെ സീറ്റ് വർധിപ്പിക്കുവാനും വഴിയൊരുക്കി.


16-ാം ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ മുഖത്തോടൊപ്പം വികസന അജൻഡയും ബി.ജെ.പി ഉയർത്തിക്കാട്ടിയിരുന്നുവെങ്കിലും സി.പി.എമ്മിന്റെ കോൺഗ്രസ് വിരുദ്ധ നിലപാടുകളും പ്രചാരണങ്ങളും ബി.ജെപിക്ക് ഉപകാരപ്രദമായിത്തീർന്നു. ഇത്തരം ഇടതുപക്ഷ നയങ്ങളുടെ ഫലമായി 16-ാം ലോക്‌സഭ തെരഞ്ഞെടുപ്പോടുകൂടി കോൺഗ്രസിനു ബദലായി വളരാമെന്ന സി.പി.എമ്മിന്റെ ലക്ഷ്യം തകർന്നടിഞ്ഞു. കോൺഗ്രസും സി.പി.എമ്മും കൂപ്പുകുത്തി വീണു. എന്നാൽ 'ഇൻഡ്യ'യിൽ ഭാഗമാകുമ്പോൾ സി.പി.എമ്മിന്റെ ബോധത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിന് പൂർവകാല അനുഭവപാഠങ്ങളെ തിരിച്ചറിയേണ്ടിയിരിക്കുന്നു.


കോൺഗ്രസിന്റെ കൂടെ സി.പി.എം നിന്നിരുന്ന ഘട്ടത്തിൽ മാത്രമാണ് അവരുടെ പ്രഭാവലയം ഇന്ത്യയിൽ പ്രതിഫലിച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ബാങ്ക് ദേശസാൽക്കരണത്തിന്റെ പേരിൽ കോൺഗ്രസ്, ഇൻഡിക്കേറ്റും സിൻഡിക്കേറ്റുമായി മാറിയപ്പോൾ ഇന്ദിരാഗാന്ധിയുടെ പക്ഷംപിടിച്ച സി.പി.എമ്മിന്റെ കാലം സുവർണ കാലമായിരുന്നു. 2004 ലെ ഒന്നാം യു.പി.എ സർക്കാരിനെ പിന്തുണച്ച സി.പി.എം ഇന്ത്യയിൽ തിളങ്ങിനിന്നു.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ആണവകരാറിൽ പ്രതിഷേധിച്ച് യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച, സി.പി.എമ്മിന്റെ നയം പാളുകയും അവിടെ നിന്നങ്ങോട്ട് വീഴ്ചയുടെ പടവുകൾ ഇറങ്ങിത്തുടങ്ങുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ആണവ കരാറിന്റെ പേരിൽ ഒന്നാം യു.പി.എ സർക്കാരിന്റെ പിന്തുണ പിൻവലിച്ചത് അനവസരത്തിലാണ്. അതിനെ തുടർന്നാണ്,

യു.പി.എ ദുർബലമാകുകയും അതിലൂടെ ബി.ജെ.പിയുടെ വളർച്ച ത്വരിതപ്പെടുകയും ചെയ്തത്. ഒപ്പം സി.പി.എം ലോക്‌സഭയിൽ പ്രാതിനിധ്യത്തിൽ ചുരുങ്ങുകയും ചെയ്തു. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായിരുന്ന ഒരു പാർട്ടി- 42 സീറ്റ് വരെ ലോക്‌സഭയിൽ നേടിയിരുന്ന പാർട്ടി- ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകളിലേക്ക് ഒതുങ്ങി. അതിൽ രണ്ട് സീറ്റ് പ്രാദേശിക പാർട്ടിയായ ഡി.എം.കെയുടെ പ്രത്യേക താൽപര്യം കൊണ്ടും കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യംകൊണ്ടും കിട്ടിയതുമാണ്.


പാർലമെന്ററി ജനാധിപത്യത്തിൽ മത്സരിച്ച് ജയിക്കുന്നത് അതിലെ സ്ഥാനമാനങ്ങൾ നേടാനും ഭരിക്കാനും വേണ്ടിയാണ്. അതിനുള്ള അവസരം കിട്ടിയിട്ടും പാഴാക്കിയത് മണ്ടത്തരമാണ്. പാർലമെന്ററി ജനാധിപത്യത്തിൽ ഊന്നിനിന്നുകൊണ്ടു പ്രവർത്തിക്കുകയും അതിൽ നിന്ന് കിട്ടുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് വിഡ്ഢിത്തമാണ്. ഇതിൽ, അവസാനത്തെ മണ്ടത്തരം കോൺഗ്രസിന്റെ വോട്ടു വേണ്ടെന്നു പറഞ്ഞ് ബംഗാളിലുണ്ടായിരുന്ന ഒരു രാജ്യസഭ സീറ്റ് നഷ്ടപ്പെടുത്തിയതാണ്.

ജ്യോതിബസുവിന് ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കൈവന്ന അവസരവും നഷ്ടപ്പെടുത്തി. ഈ വിഡ്ഢിത്തങ്ങൾക്കെല്ലാം വെള്ളപൂശാൻ അടവുനയമെന്നും പ്രത്യയശാസ്ത്ര നിലപാടെന്നും പറഞ്ഞ് ഉദ്ഘോഷിച്ച്, ഇതിനെ എല്ലാം സാധൂകരിക്കുന്നു.


പ്രത്യയശാസ്ത്രം തന്നെ പ്രായോഗികമല്ലെന്ന് കണ്ടാൽ മാറ്റങ്ങൾ ഉൾക്കൊണ്ട് നീങ്ങേണ്ടിയിരിക്കുന്നു. അതനുസരിച്ചുള്ള കാഴ്ചപ്പാടോടെ വേണം ഭരണത്തെ നയിക്കേണ്ടത്. ചൈനയും റഷ്യയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽനിന്ന് വ്യതിചലിച്ചു മുന്നോട്ടു പോകുന്നു.

ഈ രാജ്യങ്ങൾ നവലിബറിലിസത്തിന്റെ കൂടെയാണ്. നവലിബറൽ നയങ്ങളെ ആശ്രയിച്ചാണ് വിപണിയുടെ ശക്തിയും നയതന്ത്രങ്ങളും നിയന്ത്രണങ്ങളും നിലനിൽക്കുന്നത്. അതുകൊണ്ട് നവലിബറലിസത്തെ കാടടച്ച് ആക്ഷേപിച്ച് പ്രസംഗിച്ചു നടക്കാതെ അതിന്റെ നല്ല വശങ്ങൾ ഉൾക്കൊള്ളണം. എന്നാൽ, അതിലെ ദോഷവശങ്ങൾ തുറന്നു കാട്ടുകയും വേണം.


പഴയതുപോലെ ലോകത്ത് ഒരിടത്തും സാംസ്‌കാരിക വിപ്ലവത്തിന്റെ ലാഞ്ചനപോലും ഇപ്പോൾ ഉണ്ടാകുന്നില്ല. വിപ്ലവത്തിന്റെ കാലം കഴിഞ്ഞുവെന്നു വേണം കരുതാൻ. ഇനിയും പഴയ പല്ലവികൾ പറഞ്ഞു നടക്കാതെ, 'ഇൻഡ്യ'യുടെ ഉറച്ച ശബ്ദമായി സി.പി.എം മാറിത്തീരുകയാണ് വേണ്ടത്.

Content Highlights:Today's Article About cpim



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago