ചന്ദ്രയാന്‍-3 വിജയം: ഇന്ത്യക്ക് യുഎഇയുടെ ആശംസ
ദുബായ്: ചന്ദ്രനില്‍ പേടകം വിജയകരമായി ഇറക്കിയതിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്ത്യയെ അഭിനന്ദിച്ചു. ചന്ദ്രയാന്‍-3 ന്റെ ലാന്‍ഡിംഗ് ''കൂട്ടായ ശാസ്ത്ര പുരോഗതിക്കുള്ള സുപ്രധാന കുതിച്ചുചാട്ട''മെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഈ അഭിമാന മുഹൂര്‍ത്തത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കാര്‍ക്കും താന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും അറബി, ഇംഗ്‌ളീഷ്, ഹിന്ദി ഭാഷകളില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അനുമോദന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമും ''ഇന്ത്യയിലെ ഞങ്ങളുടെ കൂട്ടുകാര്‍''ക്ക് അഭിനന്ദനമറിയിച്ചു.
''രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലൂടെയാണ്. ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്'' -ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.
ചന്ദ്രയാന്‍-3 മിഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ നാലാമത്തെ രാജ്യമായിരിക്കുകയാണ് ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണാര്‍ധത്തില്‍ പദമൂന്നിയ ആദ്യ രാജ്യവുമായി മാറിയിരിക്കുന്നു. അമേരിക്ക, പഴയ സോവിയറ്റ് യൂണിയന്‍, ചൈന എന്നിവയാണ് ചന്ദ്രനിലെത്തിയ മറ്റു രാജ്യങ്ങള്‍.
മനുഷ്യ പര്യവേക്ഷണത്തിലെ ചരിത്ര ദിനമാണിന്നെന്ന് യുഎഇ പൊതു വിദ്യാഭ്യാസ-അഡ്വാന്‍സ്ഡ് ടെക്‌നോളജി മന്ത്രി സാറ അല്‍ അമീരി അഭിപ്രായപ്പെട്ടു.
പ്രവാസി വ്യവസായികളായ എം.എ യൂസുഫലിയും ഡോ. ആസാദ് മൂപ്പനും ഇന്ത്യ നേടിയ ഈ ചരിത്ര മുന്നേറ്റത്തെ അഭിനന്ദിച്ചു.
ചാന്ദ്ര പര്യവേക്ഷണ യാത്രയിലെ പുതിയ കുതിച്ചുചാട്ടം ആഗോള ശാസ്ത്ര സമൂഹത്തിന് വിലപ്പെട്ട ഡാറ്റ നല്‍കുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌സേ് സെന്റര്‍ (എംബിആര്‍എസ്‌സി) ഡയറക്ടര്‍ ജനറല്‍ സാലം അല്‍ മര്‍റി പ്രസ്താവിച്ചു.
'ചരിത്രപരമായ നാഴികക്കല്ല്' കൈവരിച്ചതിന് ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച യുഎഇ ബഹിരാകാശ ഏജന്‍സി പ്രഗ്യാന്‍ എന്ന റോവറിന്റെ റെന്‍ഡറിംഗ് ഇന്ത്യന്‍ പതാകയുമായി പങ്കിട്ടു.
ചന്ദ്രോപരിതലത്തിലേക്ക് ഉടന്‍ തന്നെ യുഎഇയും ഇന്ത്യയെ പിന്തുടരും. ജാപനീസ് ബഹിരാകാശ പേടകം ആദ്യമായി ചന്ദ്രോപരിതലത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് എംബിആര്‍എസ്‌സി അതിന്റെ രണ്ടാമത്തെ ചാന്ദ്ര റോവര്‍ റാഷിദ്-2 നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."