തിരിച്ചറിയപ്പെടാത്ത വിപ്ലവകാരികൾ
കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്
9846159481
ഇ.പി ജയരാജൻ പറഞ്ഞത് ശരിയാണ്. ഇൻഡിഗോ വിമാനക്കമ്പനി അധികൃതർക്ക് അദ്ദേഹം ആരാണെന്ന് വ്യക്തമായി അറിയില്ല. കേരളം ഭരിക്കുന്ന ഇടതുമുന്നണിയുടെ കൺവീനറാണെന്ന് ഒരുപക്ഷേ അവർ അറിയുന്നുണ്ടാവണം. എന്നാൽ സത്യത്തിൽ ജയരാജൻ അതുക്കും മേലെയാണ്.
ചോരച്ചാലുകൾ നീന്തിക്കയറിയ എന്നൊക്കെ കമ്യൂണിസ്റ്റുകാർ മുദ്രാവാക്യം വിളിക്കുന്നത് കേട്ടിട്ടില്ലേ. അങ്ങനെയൊരാളാണ് സത്യത്തിൽ ജയരാജൻ. ഒരിക്കൽ വർഗശത്രുവിന്റെ വെടിയേറ്റ അദ്ദേഹം തലയിൽ വെടിയുണ്ടയുമായി ജീവിക്കുന്നയാളാണ്. അതിനും പുറമെ എന്തിനുംപോന്നൊരു വിപ്ലവകാരിയാണ്. അദ്ദേഹത്തെ തോൽപ്പിക്കാൻ ഏതെങ്കിലും വിമാനക്കമ്പനിയെന്നല്ല, റോക്കറ്റ് കമ്പനി തന്നെ വിചാരിച്ചാലും നടക്കില്ല.
വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കോൺഗ്രസുകാരെ ധീരമായി നേരിട്ടതിന്റെ പേരിൽ ഇൻഡിഗോ കമ്പനി അദ്ദേഹത്തിന് മൂന്നാഴ്ച യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കയാണ്. പ്രതിഷേധിച്ച കോൺഗ്രസുകാർക്ക് വെറും രണ്ടാഴ്ച വിലക്കേർപ്പെടുത്തിയതിനൊപ്പമാണ് ജയരാജന് മൂന്നാഴ്ച വിലക്ക്. രണ്ടു ലോക്കൽ കോൺഗ്രസുകാരെക്കാൾ താഴെയാണ് മഹാവിപ്ലവകാരിയായ ഇ.പി എന്ന് വരുത്തിത്തീർക്കാനുള്ള ഈ തന്ത്രം തീർത്തും അപലപനീയം തന്നെയാണ്.
എന്നാൽ ഇതുകൊണ്ട് ഇ.പി തോൽക്കുമെന്ന് ധരിച്ചവർക്കു തെറ്റി. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് അദ്ദേഹം വിമാനക്കമ്പനിക്ക് പുല്ലുപോലെ മറുപടി നൽകിയിരിക്കുകയാണ്. മാത്രമല്ല, വേണ്ടിവന്നാൽ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് നടക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകിയിട്ടുമുണ്ട്.
ഇ.പി പറഞ്ഞാൽ പറഞ്ഞതാണ്. അദ്ദേഹം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കോ തിരിച്ചോ നടന്നാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് വിമാനക്കമ്പനി ഓർത്തുകാണില്ല. ദണ്ഡിയാത്രയെപ്പോലെ ചരിത്രത്തിൽ ഇടംനേടിയേക്കാവുന്ന നടത്തമായിരിക്കും അത്. അങ്ങനെ സംഭവിച്ചാൽ കേരളം ഇളകിമറിയും. വഴിനീളെ സഖാവ് ഇ.പി സിന്ദാബാദ് എന്ന മുദ്രാവാക്യം അത്യുച്ചത്തിൽ മുഴങ്ങും. പ്രധാന കേന്ദ്രങ്ങളിൽ പാർട്ടി സഖാക്കൾ അദ്ദേഹത്തെ കട്ടൻചായയും പരിപ്പുവടയും നൽകി സ്വീകരിക്കും.
അവിടെയും നിൽക്കില്ല കാര്യങ്ങൾ. ഇ.പി ഇങ്ങനെ ഒരു പ്രതിഷേധയാത്ര നടത്തിയാൽ പിന്നെ കേരളീയർ ഒന്നടങ്കം ആ വിമാനക്കമ്പനിയെ ബഹിഷ്‌കരിക്കും. അതോടെ കമ്പനിയുടെ ആപ്പീസ് പൂട്ടും. ആരോടു കളിച്ചാലും ഇ.പിയോടു കളിക്കരുതെന്നും അറിയാത്ത പിള്ള ചൊറിയുമ്പാൾ അറിയുമെന്നുമൊക്കെ കേരളത്തിൽ ചൊല്ലുകളുള്ള കാര്യം വിമാനക്കമ്പനിക്കാർ അറിഞ്ഞുകാണില്ല.
അതുപോലെ മുഖ്യമന്ത്രി പിണറായി വിജയനെയും കേരളം വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല. എന്തെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അത് അദ്ദേഹം പറഞ്ഞിട്ടാണ്. ഊരിപ്പിടിച്ച കത്തികൾക്കിടയിലൂടെ നടന്നുപോയതും ബ്രണ്ണൻ കോളജിലെ സംഘട്ടനങ്ങളും അവിടെ ഒരു പ്രത്യേക ആക്ഷൻ കാണിച്ചതുമൊക്കെ അങ്ങനെയാണ് നാട്ടുകാരറിഞ്ഞത്.
അവിടെയും അവസാനിച്ചിട്ടില്ല അദ്ദേഹത്തിന്റെ വീരകഥകൾ. അതെല്ലാം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാതെ കിടക്കുകയാണ്. അതുകൊണ്ടാണ് ബാക്കി കഥകൾ കൂടി അദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയിൽ എണ്ണിപ്പറഞ്ഞത്. രണ്ടുതവണ അദ്ദേഹത്തിനു നേരെ തോക്കുപയാഗിച്ച് വധശ്രമം നടന്നിട്ടുണ്ട്. ഒരിക്കൽ വർഗശത്രു തോക്കുചൂണ്ടിയെങ്കിലും നിറയൊഴിച്ചില്ല. മറ്റൊരിക്കൽ നിറയൊഴിച്ചെങ്കിലും അദ്ദേഹത്തിന്റെ ദേഹത്തു കൊണ്ടില്ല. ഹീറോമാർ അങ്ങനെയാണ്. രജനീകാന്തിനെയും മമ്മൂട്ടിയെയും മോഹൻലാലിനെയും പത്മശ്രീ കേണൽ ഡോ. സരോജ് കുമാറിനെയുമൊക്കെ എത്രയാളുകൾ വെടിവയ്ക്കുന്നു. അതൊന്നും അവരുടെ ദേഹത്തു കൊള്ളാറില്ല. അവർ വെടിയുണ്ടകളെ ധീരമായി നേരിട്ട് നെഞ്ചുവിരിച്ച് 'വയ്‌ക്കെടാ വെടി' എന്നു പറയും. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിരുന്നോ എന്നറിയില്ല.
കൂടാതെ പണ്ടൊരിക്കൽ അദ്ദേഹത്തിന്റെ വീടിനു മുന്നിലുള്ള വയൽവരമ്പിൽ ഒരു സംഘമാളുകൾ കൈയിൽ വടിവാളുമായി എത്തിയിരുന്നു. അദ്ദേഹം പോകുന്ന വഴി കൃത്യമായി അറിഞ്ഞായിരുന്നു വരവ്. വന്നതല്ലാതെ അവർക്ക് കൃത്യനിർവഹണത്തിനുള്ള ധൈര്യമുണ്ടായില്ല. അവർ ഒരു കുട്ടിയോട് ഗ്ലാസ് ചോദിച്ചുവാങ്ങി അതിൽ ചാരായം ഒഴിച്ചുകുടിച്ച് മടങ്ങിപ്പോകുകയായിരുന്നു.
ഇതൊക്കെ ചരിത്രത്തിൽ രേഖപ്പെടുത്താതെ അദ്ദേഹം തന്നെ പറയേണ്ടിവരുന്ന അവസ്ഥ എത്ര സങ്കടകരമാണ്. ഒരു നാടിന്റെ ചരിത്രബോധമില്ലായ്മയെയാണ് ഇതു കാണിക്കുന്നത്. പണ്ട് ആണ്ടി നല്ലൊരു ഗുസ്തിക്കാരനാണെന്ന് ആണ്ടി തന്നെ പറഞ്ഞ് നാട്ടുകാർ അറിയേണ്ടിവന്ന ഗതികേടുപോലെ.
അല്ലെങ്കിലും വിപ്ലവകാരികളെ ചരിത്രത്തിൽ തമസ്‌കരിക്കാൻ വർഗശത്രുക്കൾ ആസൂത്രിതമായ ശ്രമം നടത്തുന്നുണ്ട്. പുന്നപ്ര-വയലാർ, കയ്യൂർ പോരാളികളെ ആസാദി അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന അറിയപ്പെടാത്ത സ്വാതന്ത്ര്യസമരപ്പോരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കാര്യം കേന്ദ്ര സർക്കാർ ലോക്‌സഭയിൽ വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമാണല്ലോ.
അടിവസ്ത്രം തയ്ക്കൽ മോശം ജോലിയല്ല
നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കളിലധികവും എന്തെങ്കിലും തൊഴിൽ ചെയ്തു ശീലിച്ചവരല്ല. രാഷ്ട്രീയത്തിലിറങ്ങിയാൽ പിന്നെ സമൂഹത്തിന്റെ ചെലവിലാണ് അവരുടെ ജീവിതം. നാട്ടുകാരിൽനിന്ന് പിരിച്ചെടുക്കുന്നതും പിന്നെ പലതരം തരികിട ഇടപാടുകൾ വഴി സമാഹരിക്കുന്നതുമൊക്കെയായ പണംകൊണ്ടാണ് അവർ ജീവിക്കുന്നത്. പണിയെടുക്കാതെയുള്ള സുഖജീവിതത്തിന് സമൂഹത്തിൽ സ്വീകാര്യതയും മാന്യതയും അവർ ഉണ്ടാക്കിയെടുത്തിട്ടുമുണ്ട്.
എന്നാൽ അദ്ധ്വാനത്തിന്റെ മഹത്വമറിയാവുന്ന, അദ്ധ്വാനിച്ചു ശീലിച്ച ചുരുക്കം ചില നേതാക്കളുമുണ്ട്. മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പി.ജെ ജോസഫ് തികഞ്ഞ കർഷകനാണ്. മുൻ എം.എൽ.എ സി.കെ ശശീന്ദ്രൻ ക്ഷീരകർഷകനാണ്. അഭിഭാഷകവൃത്തിയിലേർപ്പെട്ട ചില നേതാക്കളുണ്ട്. എന്തെങ്കിലും ബിസിനസ് ചെയ്യുന്നവരുമുണ്ട്.
പണിയെടുത്തു ജീവിച്ചു ശീലിച്ചയാളാണ് മന്ത്രി ആന്റണി രാജു. ഒരു പണി പാളിയതിന്റെ പേരിലാണ് അദ്ദേഹം കേസ് നേരിടുന്നത്. മികച്ച അഭിഭാഷകനായ അദ്ദേഹം പണ്ടൊരു മയക്കുമരുന്ന് കേസിൽ വക്കാലത്തെടുത്തു. ആൻഡ്രൂ സാർവദോർ സർവെലിയെ എന്നൊരു ആസ്ത്രേലിയക്കാരൻ അടിവസ്ത്രത്തിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് വിമാനത്തിൽ വന്നിറങ്ങിയപ്പോൾ പിടിയിലായ കേസ്. ആ കേസിലെ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന്റെ പേരിലാണ് ആന്റണി രാജുവിനെതിരേ കേസ്.
കേസിലെ പ്രധാനപ്പെട്ട ഒരു തൊണ്ടിയായിരുന്നു വിദേശിയുടെ അടിവസ്ത്രം. അടിവസ്ത്രത്തിനുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചതെന്നതിനു തെളിവായി അടിവസ്ത്രം ആവശ്യമാണല്ലോ. അതുണ്ടായിട്ടും പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. തൊണ്ടിമുതലായി ഹാജരാക്കിയ അടിവസ്ത്രം പ്രതിക്കു പാകമായ അളവിലും കുറവാണെന്നും അതിനാൽ അത് പ്രതിയുടേതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.
കേസിലെ അഭിഭാഷകനായിയുന്ന ആന്റണി രാജു അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് ഒരു അന്വേഷണോദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് അദ്ദേഹത്തിനെതിരേ കേസ് വന്നത്. അടിവസ്ത്രം വെട്ടിച്ചെറുതാക്കി മാറ്റിത്തയ്ച്ചു എന്നാണ് ആരോപണം.
ഏറ്റെടുത്ത കേസ് വിജയിപ്പിക്കാൻ അഭിഭാഷകർ പല തന്ത്രങ്ങളും പ്രയോഗിക്കും. ആത്മാർഥതകൊണ്ടാണ് അവരങ്ങനെ ചെയ്യുന്നത്. അതിൽ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ അത് കേസാകുമായിരിക്കും. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. അതല്ല കാര്യം. വക്കീൽപ്പണിക്കു പുറമെ മന്ത്രിക്ക് തയ്യലും വശമുണ്ട് എന്ന സൂചനയാണ് ഇതിൽനിന്ന് ലഭിക്കുന്നത്. സാധാരണ വസ്ത്രങ്ങൾ തയ്ക്കുന്നതിനേക്കാൾ ശ്രമകരമായ ജോലിയാണ് അടിവസ്ത്രം തയ്ക്കലെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ മന്ത്രിക്കെതിരായ ആരോപണം ശരിയാണെങ്കിൽ അദ്ദേഹം വിദഗ്ധനായൊരു തയ്യൽക്കാരനാണെന്ന് കരുതാവുന്നതാണ്.
ഇതിന്റെ പേരിൽ പ്രതിപക്ഷം നിയമസഭയിൽ കഴിഞ്ഞദിവസം നാണംകെട്ട കേസ് എന്നൊക്കെപ്പറഞ്ഞ് ബഹളമുണ്ടാക്കിയതായി വാർത്തയുണ്ടായിരുന്നു. അടിവസ്ത്രവുമായി ബന്ധപ്പെട്ടതുകൊണ്ടായിരിക്കാം അവർ നാണംകെട്ട എന്നൊക്കെപ്പറഞ്ഞത്. വരേണ്യവർഗ സാംസ്‌കാരികബോധത്തിൽനിന്നാണ് അത്തരം പ്രയോഗങ്ങളുണ്ടാകുന്നത്. എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. അടിവസ്ത്രം തയ്ക്കുന്നത് മോശം ജോലിയൊന്നുമല്ല. തൊഴിലെടുത്ത് ശീലിച്ചിട്ടില്ലാത്ത, തൊഴിലിന്റെ മാഹാത്മ്യമറിയാത്ത നേതാക്കളായിരിക്കും ഇങ്ങനെയൊക്കെ പറഞ്ഞത്. മന്ത്രിക്ക് ആ പണി വശമുണ്ടെങ്കിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."