ഇന്ന് ലോക കടുവാ ദിനം ; സംരക്ഷണത്തിന് വകയിരുത്തുന്നത് കോടികള്‍; എന്നിട്ടും കടുവകള്‍ കാടൊഴിയുന്നു
വി.എം ഷണ്‍മുഖദാസ്
പാലക്കാട് •സംരക്ഷണത്തിന് കോടികള്‍ വകയിരുത്തിയിട്ടും കടുവകള്‍ കാടൊഴിയുന്നു. കടുവകളുടെ എണ്ണം പെരുകിവരുണ്ടെന്ന റിപ്പോര്‍ട്ടുകളിലെ കണക്കുകളുണ്ടെങ്കിലും,ഓരോ വര്‍ഷവും കൂടുതല്‍ കടുവകള്‍ ചത്തൊടുങ്ങുന്നുവെന്നാണ് ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 1059 കടുവകള്‍ ചത്തതായാണ് കണക്ക്. 2021ല്‍ ഇന്ത്യയിലെ ടൈഗര്‍ റിസര്‍വുകളില്‍ കുഞ്ഞുങ്ങളടക്കം 127 കടുവകള്‍ ചത്തൊടുങ്ങി.2022 ജൂണ്‍ വരെ76 എണ്ണം ചത്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കണക്കില്‍ പെടാത്തത് വേറെയുമുണ്ട്. പ്രായമായി സ്വാഭാവികമരണം സംഭവിക്കുന്നത് കുറച്ചു മാത്രമാണ്. കാടിന് പുറത്ത് ഇരതേടിയെത്തുമ്പോള്‍ വേട്ടക്കാര്‍ കൊന്നൊടുക്കുക്കുന്നവയാണ് കൂടുതല്‍.53 കടുവാസങ്കേതങ്ങളാണ് ഇന്ത്യയിലുള്ളത്.പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കില്‍ രാജ്യത്താകെ 2,977കടുവകളാണുള്ളത്. 2014ല്‍ ഇത് 1,400 ആയിരുന്നു.ഓരോ നാലു വര്‍ഷത്തിലൊരിക്കലാണ് കണക്കടുക്കുന്നത്.
2018നാണ് അവസാനം കണക്കെടുത്തത്. 2022ലെ കണക്കെടുപ്പ് ഡിസംബറിലുണ്ടാവും.
ലോകത്താകമാനം ഉള്ള കടുവകളുടെ ഏകദേശം 75 ശതമാനം ഇന്ത്യയിലാണ്. എണ്ണത്തില്‍ 526 കടുവകളുമായി മധ്യപ്രദേശ് ഒന്നാമത്തെ സംസ്ഥാനമായി മാറിയപ്പോള്‍ കര്‍ണാടക 524 കടുവകളുമായി രണ്ടാം സ്ഥാനത്താണ്.
442 കടുവകളുള്ള ഉത്തരാ ണ്ഡ് മൂന്നാം സ്ഥാനത്തുമുണ്ട്. 2006 ഇല്‍ 46 കടുവകള്‍ മാത്രമുണ്ടായിരുന്ന കേരളം ഇന്ന് 190 കടുവകളുമായി ഏഴാം സ്ഥാനത്താണ്. ഭാരതത്തില്‍ പന്ത്രണ്ടു വര്‍ഷം കൊണ്ട് കടുവകളുടെ എണ്ണം ഇരട്ടിയായെന്നാണ് കണക്ക്.എന്നാൽ ഇത്രയുമധികം കടുവകൾ ചത്തുവീഴുന്നതെന്തുകൊണ്ടെന്ന കാര്യമായ പഠനം ഇതുവരെയുണ്ടായിട്ടില്ല. ഒരോ വര്‍ഷവും കടുവകളെ സംരക്ഷിക്കന്‍വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവിടുന്നത് കോടികളാണ്.
എന്നിട്ടും കടുവകളെ വേട്ടയാടി വിദേശങ്ങളിലേക്ക് കടത്തുന്ന സംഘങ്ങളെ നിയന്ത്രിക്കാന്‍ അധികൃതർക്കായിട്ടില്ല. കാടിന്റെ ആവാസവ്യവസ്ഥക്കുള്ളില്‍ ജീവിച്ചു വന്ന കടുവകള്‍ കാടുവിട്ടു ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നത് അവയുടെ ജീവന് ഭീഷണിയായി മാറുന്നു. തുടക്കം മുതല്‍ ഓരോ സംസ്ഥാനത്തെയും ടൈഗര്‍ റിസര്‍വുകളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കണമെന്ന ആവശ്യം കടുവ സംരക്ഷണ അതോറിറ്റി മുന്നോട്ടുവയ്ക്കുന്നു. എന്നാൽ ആവശ്യം സംസ്ഥാന വനംവകുപ്പുകള്‍ പരിഗണിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."