രാജ്യത്തെ ആദ്യ മങ്കിപോക്സ് സ്ഥിരീകരിച്ചയാള്‍ രോഗമുക്തി നേടി; കൊല്ലം സ്വദേശി ഇന്ന് ആശുപത്രി വിടും
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി രോഗമുക്തി നേടി. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇയാളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ കേസായതിനാല്‍ പരിശോധനകള്‍ എന്‍.ഐ.വിയുടെ (NIV) നിര്‍ദേശപ്രകാരം മികച്ച രീതിയിലായിരുന്നു ചികിത്സ. 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തിയപ്പോഴും നെഗറ്റീവായിരുന്നു. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണെന്നും മന്ത്രി പറഞ്ഞു. രോഗമുക്തി നേടിയ ആളുമായി പ്രഥമിക സമ്പര്‍ക്കമുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവാണ്.
കഴിഞ്ഞ 12ാം തീയതിയാണ് യു.എ.ഇയില്‍ നിന്ന് വന്ന ഇയാള്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗ സംശയം വന്നപ്പോള്‍ തന്നെ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു.
നിലവില്‍ മങ്കി പോക്സ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന മറ്റ് രണ്ട് രോഗികളുടെ ആരോഗ്യനിലയും തൃപ്തികരമാണെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."