ശുദ്ധ സംഗീതക്കാരേ, ഇത് നീരൊഴുക്ക് നല്കിയ പാട്ടൊഴുക്ക്
പുസ്തകപ്പാത - 1
വി. മുസഫര്‍ അഹമ്മദ്
നഞ്ചമ്മ ഇപ്പോള്‍ ആര്‍ക്കും ഒട്ടുമേ അപരിചിതയല്ല. ‘അയ്യപ്പനും കോശി’യിലേയും ഹിറ്റ് പാട്ട് അവരെ പ്രശസ്തയാക്കി. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാര്‍ഡ് അവരെ ഒരു പാന്‍ ഇന്ത്യന്‍ കലാകാരിയാക്കി പരിവര്‍ത്തിപ്പിച്ചിരിക്കുന്നു. വി.എച്ച് ദിരാര്‍ എഴുതിയ ‘നഞ്ചമ്മ എന്ന പാട്ടമ്മ’ (പ്രസാധനം: ഗ്രീന്‍ ബുക്ക്സ്) ഈ ഗായികയുടെ ജീവചരിത്രമാണ്. ശുദ്ധ സംഗീത വാദികള്‍ നഞ്ചമ്മക്കു നല്കിയ ദേശീയ അവാര്‍ഡിനെതിരേ രംഗത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ ഈ ജീവചരിത്രം വായിക്കല്‍ ഒരു പ്രതിരോധ-സര്‍ഗാത്മക- രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. ട്യൂണിട്ടു കൊടുത്താല്‍ അതിനനുസരിച്ച് പാടാനറിയാത്ത നഞ്ചമ്മക്ക് എങ്ങനെ ദേശീയ അവാര്‍ഡ് നല്‍കുമെന്ന് ഇന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി 2021ല്‍ പുറത്തിറങ്ങിയ തന്റെ ജീവചരിത്രത്തില്‍ അവര്‍ നല്കിക്കഴിഞ്ഞിട്ടുണ്ട്. അതൊന്നു വായിച്ചിരുന്നെങ്കില്‍ ഇപ്പറയുന്നതെല്ലാം നിര്‍വീര്യമാകും. സത്യത്തില്‍ അവരുടെ പാട്ടിലെ നിറഞ്ഞു നില്ക്കുന്ന തുറസ്സുകളെപ്പോലും ഈ വിമര്‍ശകര്‍ക്ക് മനസ്സിലായില്ല എന്നതാണ് ശരിയായ ദുരന്തം.
പുസ്തകത്തില്‍ നഞ്ചമ്മ പറയുന്നു: ആ കാട്ടാറിന്റെ മുകള്‍ നിലയുടെ പരിസരത്താണ് ഞാന്‍ ജനിച്ചു വളര്‍ന്ന ആലങ്കണ്ടി ഊര്. പാട്ടുകളോടുള്ള അതേ ആവേശമായിരുന്നു കുട്ടിക്കാലത്ത് ഈ കാട്ടാറിനോടും ഉണ്ടായിരുന്നത്. ആ കാട്ടാര് തനിക്ക് നീരൊഴുക്ക് മാത്രമായിരുന്നില്ല പാട്ടൊഴുക്ക് കൂടിയായിരുന്നു. കേട്ടതും പഠിച്ചതുമായ പാട്ടുകള്‍ അവിടെ വെച്ചാണ് പലപ്പോഴും ഒറ്റക്കും കൂട്ടുകാരോടൊപ്പവും പാടി നോക്കിയിരുന്നത്: നീരൊഴുക്കിന്റെ ശുദ്ധതയില്‍ നിന്ന് രൂപംകൊണ്ട അതിശുദ്ധ സംഗീതത്തിന്റെ വഴിയാണ് നഞ്ചമ്മയുടേതെന്ന് മനസ്സിലാക്കാത്തവര്‍ അവരുടെ ജീവചരിത്രത്തില്‍ നിന്നുള്ള ഈ ഭാഗം മനസ്സിരുത്തി ശ്രദ്ധിച്ചു വായിക്കുന്നത് നന്നായിരിക്കും.
ആദിവാസി ജീവിതത്തിന്റെ ഉള്ളടക്കമായി പ്രവര്‍ത്തിക്കുന്ന സംഗീതത്തേയും പാട്ടുകളേയും കുറിച്ചുള്ള ഉള്ളില്‍ തൊടുന്ന വിശദീകരണം അത്യന്തം ലളിതമായി അവര്‍ ഇങ്ങിനെ വിശദമാക്കുന്നു: വളരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ പാട്ടും ആട്ടവും എനിക്കിഷ്ടമായിരുന്നു. ഞങ്ങള്‍ക്ക് സാധാരണ ഗതിയില്‍ അവയൊന്നും പ്രത്യേകം പഠിക്കേണ്ട ആവശ്യമില്ല. കാരണം അവയെല്ലാം ആദിവാസി ജീവിതത്തിന്റെ ഭാഗമാണ്. ആദിവാസികളുടെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ കാര്യങ്ങളിലും പാട്ടും ആട്ടവുമുണ്ട്. എനിക്ക് ആദിവാസി സംഗീതത്തോട് വളരെ ചെറുപ്പത്തില്‍ തന്നെ ഒരു പ്രത്യേക താല്പര്യമായിരുന്നു. എവിടെ ചാവ് നടന്നാലും ഞാനവിടെ ഓടിയെത്തും. പല ഊരുകളില്‍ നിന്നും വലിയ പാട്ടുകാരും ആട്ടക്കാരും ആ സമയത്ത് എത്തിച്ചേരുമെന്ന് എനിക്കറിയാം. അങ്ങനെയാണ് പല തരം പാട്ടുകള്‍ ഞാന്‍ പഠിച്ചെടുത്തത്. പാരമ്പര്യമനുസരിച്ച് ഞങ്ങള്‍ വിലാപം കൊണ്ടല്ല, സംഗീതം കൊണ്ടാണ് മരിച്ചവരെ യാത്രയാക്കുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പാട്ടുകള്‍ക്ക് പിറകെ ഞാനന്ന് ഓടിക്കൊണ്ടിരുന്നു. ആരെങ്കിലും ഒരു പാട്ട് ഒരിക്കല്‍ പാടിയാല്‍ മതി എനിക്കതപ്പോള്‍ തന്നെ മനഃപ്പാഠമാകും. പിന്നെ ഞാനത് പല വട്ടം പാടി മനസ്സിലുറപ്പിക്കുകയും ചെയ്യും. ആ ആവേശമായിരിക്കാം എന്നെ പാട്ടുകാരിയാക്കിയത്: ഈ പുസ്തകത്തിന്റെ താളുകളിലൂടെ കടന്നുപോകുന്ന വായനക്കാര്‍ ദേശീയ അവാര്‍ഡിനെ തുടര്‍ന്ന് നഞ്ചമ്മെക്കെതിരേ ചിലര്‍ ഇന്നുയര്‍ത്തുന്ന അസഹിഷ്ണുതക്കുള്ള മറുപടി ഓരോ വാക്കിലും വരിയിലും കണ്ടെത്തും എന്നുറപ്പാണ്. കാരണം അവര്‍ അവരുടെ ജീവിതത്തെക്കുറിച്ചു മാത്രമാണ് പറയുന്നത്. ആ ജീവിതം എല്ലാത്തിനുമുള്ള മറുപടിയും കൃത്യമായി നല്‍കുന്നുമുണ്ട്.
നഞ്ചമ്മയുടെ ഇതിനോടകം കോടിക്കണക്കിനാളുകള്‍ കേട്ട ആ പാട്ടിനെക്കുറിച്ച് പുസ്തകത്തിന്റെ ആമുഖത്തില്‍ കവിയും ഗാനരചിയിതാവുമായ റഫീക്ക് അഹമ്മദ് എഴുതുന്നു: നഞ്ചമ്മയുടെ ശബ്ദം കാടിന്റെ സ്വരങ്ങളില്‍ നിന്ന് എറിച്ചുനില്ക്കുന്നില്ല. അത് കാട്ടാറിന്റെയോ കിളിയുടെയോ ചെറുകാറ്റിന്റെയോ ശബ്ദങ്ങളോട് കലഹിക്കുന്നുമില്ല. വിയോഗത്തിന്റെ വേദനയുള്ള പാട്ടായിരുന്നു അത്: റഫീക്ക് അഹമ്മദിന്റെ ഈ വാക്കുകള്‍ നഞ്ചമ്മയുടെ പാട്ടിന്റെ അനുഭവത്തിലേക്ക് നമ്മെ നയിക്കുന്നു. അദ്ദേഹം അവതാരികയില്‍ ഇങ്ങിനെ കൂടി എഴുതുന്നു: നാഗരികര്‍ക്ക് പരിചിതമല്ലാത്ത ഒരു ജീവിത വ്യവസ്ഥയുടെ ചൂരും ചൂടും ഈ പുസ്തകത്തിന്റെ അടരുകളിലുണ്ട്: ഇത് മനസ്സിലാക്കാന്‍ കഴിയാത്ത ‘ശുദ്ധ’ സംഗീതക്കാരാണ് ഇപ്പോള്‍ നഞ്ചമ്മക്കെതിരേ തിരിയുന്നത്.
ഇന്ന് നമ്മോടൊപ്പമില്ലാത്ത സച്ചി സംവിധാനം ചെയ്ത സിനിമയിലെ പാട്ടിനെക്കുറിച്ച് നഞ്ചമ്മ ജീവചരിത്രത്തില്‍ പറയുന്നു: വീട്ടില്‍ ചെല്ലുമ്പോള്‍ അനിയത്തി എന്നെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. അവള് എനിക്ക് മൊബൈല്‍ ഫോണ്‍ തന്നു. നാളെ എറണാകുളത്തു പോകണമെന്നും ഒരു സിനിമക്കു വേണ്ടി പാടണമെന്നും പഴനിസ്വാമി പറഞ്ഞു. വളരെ സങ്കടം തോന്നുന്ന ഒരു താരാട്ട് പാട്ടാണ് വേണ്ടതെന്നും പറഞ്ഞു. അന്നു രാത്രി എനിക്കുറക്കം വന്നതേയില്ല. ഞാന്‍ കേട്ടതും പാടിയതുമായ നിരവധി പാട്ടുകള്‍ എന്റെ മനസ്സിലൂടെ ആ രാത്രി കടന്നുപോയി. അങ്ങനെ കിടക്കുമ്പോഴാണ് എന്റെ മനസ്സില്‍ വളരെ പണ്ടു കേട്ട ഒരു പാട്ടിന്റെ ഈണം വന്നത്. ആ ഈണത്തിന് പറ്റിയ വരികള്‍ എന്റെ മനസ്സില്‍ മെല്ലെ ഉണ്ടാവാന്‍ തുടങ്ങി. എഴുത്ത് അറിയാത്തതു കൊണ്ട് ഞാനതിന്റെ വരികള്‍ മനസ്സില്‍ തന്നെ സൂക്ഷിച്ചു. ‘നാട് മെച്ച് നെനച്ചിടാവേ ദൈവമകളേ’ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു അത്. ഇരുള ഭാഷയിലുള്ള ആ പാട്ടിന്റെ അര്‍ഥം ഇങ്ങിനെയാണ്. ഒരു കുട്ടിയെ അമ്മ വളരെ കഷ്ടപ്പെട്ട് വളര്‍ത്തുന്നു. കുട്ടി വലുതാവുന്നു. ലോകപ്രശസ്തി നേടുന്നു. കുട്ടി അമ്മയെ വിട്ടു പോകുന്നു: വിട്ടുപോകലിന്റെ വേദനയും വിതുമ്പലും വിലാപവും ഒന്നിക്കുന്ന ആ പാട്ട് ജനങ്ങള്‍ നെഞ്ചേറ്റിയത് എന്തു കൊണ്ട് എന്നാണോ ‘ശുദ്ധ’ക്കാര് ഇനിയും സംശയിക്കുന്നത്?
അവര്‍ ഇങ്ങിനെ കൂടി പറയുന്നു: ‘കലക്കാത്ത ചന്ദനമരം’ എന്ന പാട്ടിന്റേയും ഈണം മാത്രമാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. അതിന്റെ ആദ്യ വരികള്‍ സംഗീത സംവിധായകന്റെ മുന്നില്‍ പാടിക്കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന് വളരെ ഇഷ്ടമായി. സച്ചിസാറിനും ഇഷ്ടമായി. അപ്പോഴൊന്നും മുഴുവന്‍ വരികള്‍ ഇല്ലായിരുന്നു. പിന്നെയാണ് ആ പാട്ടിന്റെ വരികള്‍ മുഴുവന്‍ ഉണ്ടായി വന്നത്. കിഴക്കു ഭാഗത്തെ ചന്ദനമരം വേഗം പൂത്തിട്ടുണ്ട്, അതിന്റെ പൂ പറിക്കാന്‍ പോകുമ്പോള്‍ വിമാനത്തെ കാണാമല്ലോ എന്ന അര്‍ഥത്തിലാണ് ആ പാട്ടു തുടങ്ങുന്നത്. അതുപോലെ തെക്കും വടക്കും പടിഞ്ഞാറും വിരിയുന്ന വിവിധ തരം പൂക്കളും മരങ്ങളും എന്റെ മനസ്സില്‍ വന്നു. എല്ലാ ദിക്കിലും വിമാനം പറക്കുന്നതായി ഞാന്‍ ഭാവന ചെയ്തു. അങ്ങനെയാണ് ഞാന്‍ ആ പാട്ട് മുഴുവനുണ്ടാക്കിയത്. കുട്ടിക്കാലത്ത് ഊരിനു മുകളിലൂടെ വളരെ അപൂര്‍വമായി വിമാനങ്ങള്‍ പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഊരിലെ അമ്മമാര്‍ കുട്ടികള്‍ക്ക് ചോറു കൊടുക്കാന്‍ ഈ വിമാനങ്ങളെ ചൂണ്ടിക്കാണിക്കാറുണ്ട്. ആ ഓര്‍മ്മകളാണ് എന്നിലേക്കു വന്നത്:
പാട്ടിന്റെ രചന, ഈണം, ഭാവന എന്നിവയെ നഞ്ചമ്മയുടെ സര്‍ഗലോകം എങ്ങനെ സ്വാംശീകരിച്ചുവെന്ന് ഇത് വ്യക്തമാക്കുന്നു. ഇട്ടു കൊടുത്ത ഈണത്തില്‍ പാടുകയല്ല, മറിച്ച് സ്വന്തം ഈണത്തില്‍ അവര്‍ പാടുകയായിരുന്നുവെന്നും നാം മനസ്സിലാക്കുന്നു.
നഞ്ചമ്മയുടെ ജീവിതതത്തിന്റെ പല പടവുകള്‍ ഈ ചെറുപുസ്തകം വിശദീകരിക്കുന്നു. പ്രശസ്തയായ ശേഷം നഞ്ചമ്മയുടെ വീട്ടിലേക്ക് സെല്‍ഫിയെടുക്കാന്‍ വന്നവരുടെ പ്രവാഹത്തെക്കുറിച്ചും (ഫോട്ടോ എടുക്കാന്‍ ചിരിച്ച് ചിരിച്ച് എന്റെ കവികളുകള് വേദനിക്കാന്‍ തുടങ്ങിയെന്ന് പറയുന്ന നഞ്ചമ്മ (ഫോട്ടോയെടുത്ത് ഞാന്‍ തേഞ്ഞുപോയി എന്ന ബഷീര്‍ പ്രയോഗത്തെ നഞ്ചമ്മ മറ്റൊരു വിധത്തില്‍ പൂരിപ്പിക്കുകയാണ്) കൊവിഡോടെ സ്റ്റേജ് പരിപാടികളോ സന്ദര്‍ശകരോ ഇല്ലാത്ത നാളുകളില്‍ തന്റെ ആട്ടിന്‍ പറ്റത്തെ മേക്കാനായി മലമുകളിലേക്ക് പോകുന്നതിനെക്കുറിച്ചും അഹാഡ്സിന്റേയും ആസാദ് കലാസമിതിയുടേയും വേദിയില്‍ പാടിയതിനെക്കുറിച്ചും ചീരപ്പാട്ട് മുതല്‍ (ആദിവാസികള്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന വിവധ ചീരകളെക്കുറിച്ചുള്ള പാട്ടാണിത്) തന്റെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന നിരവധിയായ പാട്ടുകളെക്കുറിച്ചും(അവരിലെ പാട്ടു ലോകത്തിന്റെ സമ്പന്നത മനസ്സിലാക്കാന്‍ ഈ വിശദീകരണം ധാരാളമാണ്) പുസ്തകം നമ്മോട് സംസാരിക്കുന്നു. ആദിവാസി ജീവിതത്തിന്റെ നിരവധി അടരുകളും അവരോട് സംസാരത്തിലൂടെ ജീവന് വെച്ച് നമുക്ക് മുന്നിലെത്തുന്നു.
തന്റെ കുട്ടിക്കാലത്തെ ആദിവാസി ജീവിതത്തെക്കുറിച്ച് നഞ്ചമ്മ പറയുന്നു: എന്റെ കുട്ടിക്കാലത്ത് ജീവിതം പൊതുവില്‍ കഷ്ടങ്ങള്‍ നിറഞ്ഞതായിരുന്നു. എട്ട്-ഒന്‍പത് വയസ്സുള്ളപ്പോള്‍ തന്നെ ഞാന്‍ പണിക്കു പോകുമായിരുന്നു. ഞാന്‍ മാത്രമല്ല, എന്റെ ഊരിലെ എല്ലാ കുട്ടികളും അങ്ങനെത്തന്നെയായിരുന്നു. ഊരിന് അരികില്‍ കൗണ്ടന്‍മാരുടെ വലിയ കൃഷിയിടങ്ങളുണ്ടായിരുന്നു. വാഴ, തക്കാളി, പച്ചമുളക് ഉള്‍പ്പെടെയുള്ള പല തരം വിളകള്‍ അവര്‍ കൃഷി ചെയ്തിരുന്നു. അവരുടെ തോട്ടങ്ങളിലാണ് ഞങ്ങള്‍ പണിക്കു പോയിരുന്നത്. രാവിലെ മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ പണിയെടുക്കും. മൂന്നു രൂപയോ അല്ലെങ്കില്‍ രണ്ടു കിലോ റാഗിയോ ആണ് പ്രതിഫലം കിട്ടുക. അവര്‍ വലിയ ജന്മികളായിരുന്നതു കൊണ്ട് അവര്‍ തരുന്നത് ചോദ്യം ചെയ്യാതെ ഞങ്ങള്‍ വാങ്ങിപ്പോരുമായിരുന്നു: നഞ്ചമ്മ പറയുന്ന ഈ പ്രതിസന്ധിയില്‍ നിന്ന് ഇന്നത്തെ ആദിവാസികളും മുക്തരല്ല എന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് ചിന്തിക്കാന്‍, അത്തരമൊരു സംവാദത്തിന്റെ ഭാഗമാകാനും ഈ പുസ്തകം വായനക്കാരെ ക്ഷണിക്കുന്നുണ്ട്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."