പ്രകൃതിസ്‌നേഹത്തിന്റെ പാഠം പകര്‍ന്നു നല്‍കിയ ദീപന്‍ മാസ്റ്റര്‍ക്ക് ദേശീയാംഗീകാരം
വാടാനപ്പള്ളി: കുട്ടികള്‍ക്ക് പ്രകൃതിസ്‌നേഹത്തിന്റെ പാഠം പകര്‍ന്നു നല്‍കിയ ദീപന്‍ മാസ്റ്റര്‍ക്ക് ദേശീയാംഗീകാരം. കുട്ടികളെ പഠിപ്പിക്കുന്നതോടപ്പം ഹരിത ക്ലാസ് മുറി ഒരുക്കിയും ഔഷധസസ്യങളെ പരിചയപ്പെടുത്തിയും സഹജീവികളോട് കരുണകാട്ടിയും സ്‌കൂള്‍ അസംബ്ലിക്ക് ഹരിത പന്തല്‍ ഒരുക്കിയും വിത്യസ്തനായ തൃത്തല്ലൂര്‍ യു.പി സ്‌കൂള്‍ അധ്യാപകന്‍ കെ.എസ് ദീപന്‍ മാസ്റ്റര്‍ക്ക് ദേശീയ അധ്യാപക പുരസ്‌കാരം ലഭിച്ചത് പരിസ്ഥിതി സംരക്ഷണത്തിനുള്ള അംഗീകാരം കൂടിയായി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൃത്തല്ലൂര്‍ യു.പി സ്‌കൂള്‍ ചരിത്രത്തില്‍ ഇടം നേടിയത് ദീപന്‍ മാസ്റ്ററുടെ പ്രവര്‍ത്തനങ്ങളുടെ മികവിലായിരുന്നു. സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ നിരവധി തവണ അദേഹം സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലും, ദേശിയശാസ്ത്ര മേളയിലും പങ്കെടുത്ത് വിജയം നേടിയ കേരളത്തിലെ ഏക പ്രൈമറി അധ്യാപകനും കൂടിയാണ് ദീപന്‍ മാസ്റ്റര്‍.
ഇന്ന് സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ നടത്തിവരുന്ന കരനെല്‍ കൃഷി, ജൈവ പച്ചക്കറി, ഔഷധോദ്യാനം, നെല്ലിക്കാ പ്രചാരണം, ഹരിത ക്ലാസ്മുറി, സഹജീവി സ്‌നേഹം പകര്‍ന്നു നല്‍കാന്‍ ജീവന്‍ ജീവന്റെ ജീവന്‍ ക്ലബ്ബ് തുടങ്ങിയവയുടെ ആരംഭവും ദീപന്‍ മാസ്റ്ററുടെ നേതൃതത്തില്‍ തൃത്തല്ലൂര്‍ യു.പി സ്‌കൂളില്‍ നിന്നായിരുന്നു.
തന്റെ പ്രവര്‍ത്തനമികവിന് വലപ്പാട് ഉപജില്ലയിലെ മികച്ച അധ്യാപകനുള്ള വന്നേരി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ പ്രഥമ പുരസ്‌കാരവും 2014 ലെ സംസ്ഥാന അധ്യാപക അവാര്‍ഡും നേടിയിട്ടുണ്ട്.
വാടാനപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന അദേഹം കെ.പി.എസ്.ടി.എ ജില്ലാ ഉപാധ്യക്ഷന്‍, ഒരുമ പരിസ്ഥിതി കൂട്ടയ്മ കണ്‍വീനര്‍, സ്‌നേഹപൂര്‍വം ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍, സ്‌നേഹതീരം ഡെസ്റ്റിനേഷന്‍ അംഗം, ചാവക്കാട് താലൂക്ക് പ്രൈമറി ടീച്ചേഴ്‌സ് സഹകരണ സംഘം ഡയറക്റ്റര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."