HOME
DETAILS

സ്‌കൂളുകളിൽ പിടിമുറുക്കുന്ന ലഹരിമാഫിയ

  
backup
August 11 2022 | 20:08 PM

drug-mafia-editorial


സഹപാഠി ലഹരി മരുന്ന് നൽകി പീഡനത്തിനിരയാക്കി എന്ന ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ നടുക്കത്തോടെയാണ് സംസ്ഥാനം കഴിഞ്ഞ ദിവസം കേട്ടത്. സഹപാഠിയായ ഒമ്പതാം ക്ലാസുകാരൻ പലപ്പോഴായി നൽകിയ ലഹരി മരുന്നിനു അടിമയായിത്തീരുകയായിരുന്നു പെൺകുട്ടി. ഡിപ്രഷൻ മാറാൻ നല്ലതാണെന്ന് പറഞ്ഞായിരുന്നു ലഹരി നൽകിയിരുന്നത്. കൂട്ടുകാരെ വിശ്വാസത്തിലെടുത്താണ് കൗമാരക്കാരികളായ വിദ്യാർഥിനികൾ കെണിയിൽ പെടുന്നത്. പത്ത് പേരിൽ അധികമുണ്ട് ഈ കെണിയിൽ വീണവർ. ആദ്യത്തിൽ സൗജന്യമായി നൽകുന്ന ലഹരി പദാർഥത്തിന് ഇരകൾ അടിമയായി എന്നറിഞ്ഞാൽ കുട്ടികളുടെ അഭിമാനത്തിന് വില പറഞ്ഞാണ് അവരെ ആൺകുട്ടികൾ വലയിലാക്കുന്നത്. ലഹരി മരുന്നിന്റെ ഏജന്റുമാരായും പല വിദ്യാർഥികളും പ്രവർത്തിക്കുന്നുണ്ട്. പല പെൺകുട്ടികളും ഈ വിധം സ്‌കൂളിൽ പീഡനത്തിനിരയായിട്ടുണ്ടെന്ന വാർത്ത രക്ഷിതാക്കളുടെ സപ്തനാഡികളെയും തളർത്തുന്നതാണ്. കണ്ണൂരിലെ സംഭവത്തിനു പിന്നിൽ മുതിർന്ന ആൺകുട്ടികൾ മാത്രമായിരിക്കില്ല. അവരെ കരുവാക്കി മറഞ്ഞിരിക്കുന്ന ഒരു വലിയ ഗൂഢ സംഘം തന്നെ ഇതിന് പിന്നിലുണ്ടാകണം. സ്‌കൂൾ കുട്ടികൾക്ക് എളുപ്പത്തിൽ സംഘടിപ്പിക്കാനാവില്ല ലഹരി മരുന്നുകൾ. അതറിഞ്ഞുകൊണ്ട് കാണാമറയത്ത് ഒളിഞ്ഞിരിക്കുന്ന ലഹരി മാഫിയ സ്‌കൂളുകളിലേക്കെത്തിക്കുകയാണ്. സമൂഹമാധ്യമങ്ങളെയും അവർ ഇതിനായി ഉപയോഗിക്കുന്നു. കണ്ണൂരിലെ സ്‌കൂളിൽ മാത്രമായിരിക്കില്ല ഇത്തരം ദുരന്തങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളും ലഹരി മാഫിയയുടെ പിടിയിലല്ലെന്ന് എങ്ങനെ ഉറപ്പിക്കാനാകും.


കഞ്ചാവ് വിൽപനക്കാരുടെ പിന്നാലെ നിർത്താതെ പാഞ്ഞുകൊണ്ടിരിക്കുന്ന എക്‌സൈസും പൊലിസും സ്‌കൂൾ പരിസരങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നുപോലുമില്ല. മലപ്പുറം ജില്ലയിലെ അരീക്കോട് പ്രദേശത്ത് സ്‌കൂളുകൾ കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപന നടത്തിയ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തതും ഇതേ ദിവസം തന്നെയാണ്. കൊച്ചിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലഹരി മരുന്ന് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് സമൂഹമാധ്യമത്തിലൂടെ ഒരു വ്‌ളോഗർ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യവും ഇതേ ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ചെറുപ്പക്കാർക്കിടയിലും വിദ്യാർഥികൾക്കിടയിലും ലഹരിമരുന്ന് ഉപയോഗിക്കേണ്ട വിധം പ്രചാരണം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ വ്ളോഗർ ഫ്രാൻസിസ്‌ നെവിൻ അഗസ്റ്റിൻ എന്ന് പൊലിസ് പറയുന്നു. എക്‌സൈസ് സംഘത്തിന്റെ കസ്റ്റഡിയിലിരിക്കെ കഞ്ചാവിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രചാരണം നടത്തുവാൻ ഇയാൾക്ക് അവസരമുണ്ടായി എന്നത് തീക്കട്ടയിൽ ഉറുമ്പ് അരിക്കുക എന്ന പഴഞ്ചൊല്ലിനെയാണ് അന്വർഥമാക്കിയത്.


യുവ തലമുറയിൽ ലഹരി മരുന്നുകളുടെ ഉപയോഗം വൻ തോതിൽ വർധിച്ചുവരുന്നതായി പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്കും കുറ്റവാസനകൾ കൂടുന്നതിനും ലഹരിമരുന്നുകളുടെ ഉപയോഗം കാരണമാകുന്നുണ്ടെന്ന് പഠനങ്ങളിൽ പറയുന്നുണ്ട്. ഏഷ്യൻ മേഖലയിൽ ഏറ്റവുമധികം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുൻനിരയിലാണെന്നാണ് അന്താരാഷ്ട്ര മയക്കുമരുന്ന് നിയന്ത്രണ ബോർഡിന്റെ കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. ഏഷ്യയിലെ ലഹരിമാഫിയയുടെ വിതരണത്തിന്റെ ഇടത്താവളമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരവും പഠന റിപ്പോർട്ടിലുണ്ട്. അപ്പോൾ കണ്ണൂരിലും അരീക്കോടും കൊച്ചിയിലും മാത്രമായിരിക്കില്ല സ്‌കൂൾ കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ട് ലഹരിമാഫിയ വല വീശിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്. പിടിക്കപ്പെട്ടതുകൊണ്ടാണ് ഒരു ദിവസം ഉണ്ടായ മൂന്ന് സംഭവങ്ങൾ പൊതുസമൂഹം അറിഞ്ഞത്. പിടിക്കപ്പെടാതെ മറയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന വലിയൊരു ഗൂഢസംഘം വിദ്യാർഥികളെ കുരുക്കുവാനായി കെണിയുമായി പുറത്തുണ്ട്.
നമ്മുടെ കുട്ടികൾ സ്‌കൂളുകളിലും സുരക്ഷിതരല്ലെന്ന അറിവ് ഭയാനകമാണ്. ബാല്യ, -കൗമാരങ്ങളിൽതന്നെ മക്കൾ വാടിക്കൊഴിഞ്ഞുപോകുന്ന ദുരന്തങ്ങൾക്ക് കണ്ണീരോടെ സാക്ഷികളായിത്തീരേണ്ടി വരുന്ന ദുരവസ്ഥ രക്ഷിതാക്കൾക്ക് ഉണ്ടാകാൻ പാടില്ല. രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടേണ്ട ഒരു തലമുറയാണ് ലഹരിമാഫിയയുടെ പിടിയിൽ പെട്ട് ഞെരിഞ്ഞമർന്നു കൊണ്ടിരിക്കുന്നത്. പണ്ട് മദ്യം മാത്രമായിരുന്നു ലഹരിക്ക് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് പലതരം ലഹരി വസ്തുക്കളുടെ നീണ്ടനിരയുണ്ട്.


ഈ ഗൂഢ സംഘത്തെ വേരോടെ പിഴുതെറിയാതെ സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയയുടെ വിളയാട്ടം അവസാനിക്കുകയില്ല. താൽക്കാലിക നടപടികളല്ല പൊലിസിന്റെ ഭാഗത്തുനിന്നും എക്‌സൈസ് വിഭാഗത്തിൽ നിന്നും ഉണ്ടാകേണ്ടത്. പൊലിസും എക്‌സൈസും പിൻമാറുന്നതോടെ മറഞ്ഞിരിക്കുന്ന ലഹരി മാഫിയ വീണ്ടും സ്‌കൂൾ പരിസരങ്ങളിൽ പ്രത്യക്ഷപ്പെടും. മുതിർന്ന കുട്ടികളെയും സ്‌കൂൾ പരിസരങ്ങളിൽ ചുറ്റിക്കറങ്ങുന്നവരെയും നിരീക്ഷിക്കാനും കുട്ടികൾ പുറത്ത് ആരുമായിട്ടാണ് ബന്ധപ്പെടുന്നത് എന്ന് കണ്ടെത്തുവാനും സ്ഥിരസംവിധാനം ഉണ്ടാകണം. പൊലിസിന്റെ കർശന നിരീക്ഷണം ഉണ്ടാകുമ്പോൾ സമൂഹമാധ്യമം വഴിയുള്ള ലഹരി മാഫിയയുടെ വേട്ട ഊർജിതപ്പെടാനുള്ള സാധ്യത ഏറെയാണ്. കുട്ടികളുടെ കൈകളിലുള്ള മൊബൈൽ ഫോണുകൾ വാങ്ങി പരിശോധിക്കുവാനും സ്‌കൂൾ സമയം കഴിയുന്നത് വരെ അതു വാങ്ങിവയ്ക്കാനും സ്‌കൂൾ അധികൃതർ തയാറാകണം. മടങ്ങി വീട്ടിലെത്തുന്ന കുട്ടികളുടെ കൈകളിൽനിന്ന് മൊബൈൽ ഫോൺ വാങ്ങി പരിശോധിക്കാൻ രക്ഷിതാക്കളും തയാറാകണം. "എന്റെ കുട്ടിയെ എനിക്കറിയാം അവൻ തെറ്റിലൊന്നും വീഴില്ല' എന്നത് മിഥ്യാധാരണയായിരിക്കുമെന്ന് രക്ഷിതാക്കളും മനസിലാക്കണം. രക്ഷിതാക്കളുടെ അറിവിനുമപ്പുറത്തേക്ക് അവൻ ചിലപ്പോൾ വളർന്നിട്ടുണ്ടാകാം. വലിയൊരു ലഹരി ശൃംഖലയുടെ കണ്ണിയായിരിക്കാം അവൻ ചിലപ്പോഴെന്ന് രക്ഷിതാക്കൾ അറിയാനും വൈകിയേക്കാം.


ഇന്റർനെറ്റിന്റെ ദുരുപയോഗം കുട്ടികളെ അവർ അതുവരെ അറിയാത്ത ഒരു മായാ ലോകത്തിലെത്തിച്ച് യുവത്വത്തിന്റെ ആരംഭത്തിൽ തന്നെ അവരെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പഠനത്തിൽ നിലവാരം പുലർത്തിയ കുട്ടി പിന്നോട്ടുപോകുക, മുറിയിൽ അധികനേരം അടച്ചിട്ടിരിക്കുക, കൂടുതൽ പോക്കറ്റ് മണി ആവശ്യപ്പെടുക, സമപ്രായത്തിൽ അല്ലാത്ത മുതിർന്ന പുതിയ കൂട്ടുകാർ എന്നീ മാറ്റങ്ങൾ കുട്ടികളിൽ കാണപ്പെടുന്നുവെങ്കിൽ രക്ഷിതാക്കൾ ഓർക്കണം കുട്ടികൾ ലഹരിയുടെ പിടിയിലാകാമെന്ന്. അവരെ കുറ്റപ്പെടുത്തി സംസാരിക്കാതെ ഒപ്പമുണ്ടെന്ന ഉറപ്പ് നൽകി ലഹരിമുക്ത ചികിത്സ നൽകി അവരെ തിരികെകൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. വീടുകളിൽ രക്ഷിതാക്കൾ കുട്ടികൾക്ക് ഉത്തമ മാതൃകയുമാകേണ്ടതാണ്. എങ്കിൽ മാത്രമേ ലഹരിയുടെ വലിയൊരു വാരിക്കുഴിയിലേക്ക് വീണുകൊണ്ടിരിക്കുന്ന നമ്മുടെ കുട്ടികളെ ഒരു പരിധിവരെയെങ്കിലും രക്ഷിക്കുവാൻ നമുക്ക് കഴിയൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago