'നടേശഗുരുവും മൈക്രോ പിണറായി ഭക്തിയും'
മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ തന്നെയൊരു ചുക്കും ചെയ്യില്ലെന്നു കണിച്ചുകുളങ്ങര നടേശഗുരു നേരത്തെയും പറഞ്ഞിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം അത് ഒന്നുകൂടി ഉറപ്പിച്ചു. ഇക്കുറി ഒരുചുക്കും സംഭവിക്കില്ലെന്നു പറഞ്ഞതില്‍ അല്‍പ്പം കാര്യമുണ്ട്.
ദോഷം പറയരുത്. പിണറായിയേമാനെ കണ്ടുമുട്ടി ലോഹ്യം പറഞ്ഞശേഷമാണു നടേശഗുരുവിന് ഉയിരുവീണതെന്നു പരദൂഷണക്കാര്‍ പറഞ്ഞുതുടങ്ങി. പോരെങ്കില്‍ രഹസ്യകൂടിക്കാഴ്ചയും നടത്തി കെട്ടിപ്പിടിച്ചുവത്രെ! ഏതായാലും ഈ കെട്ടിപ്പിടുത്തത്തിനുശേഷമാണു നടേശഗുരു അതീവം ഖുഷിയായത്. പിണറായിയേമാനെ കേമനില്‍ കെങ്കേമനാക്കിയാണു ഗുരുവിന്റെ പുകഴ്ത്തല്‍.
വിജിലന്‍സ് അന്വേഷണം നേരിടുന്ന നടേശഗുരുവിനെ മുഖ്യമന്ത്രി പിണറായിയേമാന്‍ കണ്ടുമുട്ടി സൗഹൃദം പങ്കിട്ടതു ശരിയോ തെറ്റോ എന്നതാണു വിഷയം. രാഷ്ട്രീയഗോദയില്‍ ഇരുധ്രുവങ്ങളില്‍ ഏറ്റുമുട്ടിയവരാണു ഗുരുവും ഏമാനും. സൗഹൃദം പങ്കിട്ടതില്‍ അസ്വഭാവികത ഒന്നുമില്ലെന്നും എസ്.എന്‍. കോളജിന്റെ ചടങ്ങിലാണു പങ്കെടുത്തതെന്നും അതില്‍ തെറ്റില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍, ഇത്രപെട്ടെന്നു നടേശഗുരു പിണറായി ഭക്തനായതാണു പലര്‍ക്കും സന്ദേഹം. ഗുരുതന്ത്രങ്ങള്‍ അറിയുന്നവര്‍ക്ക് ഇതു പുതുമയല്ലെങ്കിലും സംഗതിയില്‍ കഴമ്പുണ്ട്.
മിടുമിടുക്കനായ മുഖ്യമന്ത്രിയാണത്രെ പിണറായിയദ്ദേഹം. തീര്‍ന്നില്ല... എസ്.എന്‍.ഡി.പിയുടെയും അനുബന്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടികളില്‍ പിണറായിയദ്ദേഹത്തെ പങ്കെടുപ്പിക്കുകയും ചെയ്യുമത്രെ. എന്തോരം സ്‌നേഹമാണ്. കുമ്മനം സ്വാമിപോലും കരഞ്ഞുപോവും. മൈക്രോഫിനാന്‍സ് കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ നടേശഗുരുവിനെതിരേ തെളിവു ലഭിച്ചതിനെ തുടര്‍ന്നു ജേക്കബ് വിജിലന്‍സ് കുത്തിനുപിടിയ്ക്കാന്‍ ഒരുങ്ങവേയാണു കോമഡി തുടങ്ങിയത്. തട്ടിപ്പുകേസിനു പുറമേ സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ചന്മാരും പണി തുടങ്ങിയിട്ടുണ്ട്. മൈക്രോയില്‍നിന്നു രക്ഷപ്പെടാന്‍ വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന പിണറായിയേമാനെ മുറുകെ പിടിച്ചാലെ ഇനി രക്ഷയുള്ളൂ. അതിനാല്‍, ഏമാന്‍ പറയുന്നതൊക്കെ അംഗീകരിച്ചു പിന്തുണക്കുകയേ വഴിയുള്ളൂ. അളമുട്ടിയാല്‍ പിന്നെന്തു ചെയ്യും. സാശ്രയമായാലും ശബരിമലയായാലും മറുത്തൊന്നും പറയണ്ട. പിണറായിയദ്ദേഹമാണു ശരി. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനത്തിനു തലവരി വാങ്ങുന്നതു നിര്‍ത്തണമെന്നു പിണറായിയേമാന്‍ പറഞ്ഞതു നല്ല കാര്യമാണെന്നാണു ഒടുവിലത്തെ സ്തുതി.
ഒരു മൈക്രോ വരുത്തിയ വിനയേ..! ഈ കേസും പൊല്ലാപ്പുമില്ലാത്തപ്പോള്‍ എന്തൊരു പുകിലായിരുന്നു. പാവത്തെ ചെത്തുകാരന്റെ മകനെന്നുവരെ ആക്ഷേപിച്ചതാണ്. കഷ്ടമായിപ്പോയി. ഇനി എന്തു പ്രകോപനമുണ്ടായാലും ങേ..ഹേ... ഒരക്ഷരം മിണ്ടില്ല. കണിച്ചുകുളങ്ങര ഭഗവതിയാണെ സത്യം. സംഗതി എന്തൊക്കെയായാലും വിപ്ലവപ്പാര്‍ട്ടിക്കാര്‍ കറുമുറാ മുറുമുറുപ്പു തുടങ്ങിയിട്ടുണ്ട്. സഖാവും ഗുരുവും വേദിപങ്കിട്ടതു ചിലര്‍ക്കത്ര രസിച്ചിട്ടില്ല.
പേരു കേട്ടാല്‍ കാജാ ബീഡി ഓര്‍മവരുന്ന ബി.ഡി.ജെ.എസ്. രൂപീകരിച്ചയാളാണ്. വര്‍ഗശത്രുക്കളായ ഭാരതീയപാര്‍ട്ടിക്കാര്‍ക്കു കടന്നുവരാന്‍ പാതയൊരുക്കിയ 'കുരു'വാണ്. അദ്ദേഹവുമായി യാതൊരുവിധ പൂജയും വേണ്ട. മുന്നണിയില്‍നിന്നു റെവലൂഷണറിക്കാരും നടേശഗുരുവും അദ്ദേഹത്തിന്റെ ബഹുഭൂരിപക്ഷം അനുയായികളും ഭാരതപാര്‍ട്ടിക്കൊപ്പം സംബന്ധംകൂടിയിട്ടും ചരിത്രത്തിലെ മികച്ച വിജയമാണു നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയത്. നടേശഗുരുവിന്റെ കൂട്ടുകെട്ട് ഇല്ലാഞ്ഞതിനാല്‍ മികച്ച വിജയം നേടാന്‍ കഴിെഞ്ഞന്നാണു വിലയിരുത്തലും. വിജിലന്‍സിന്റെ കുരുക്കു മുറുകിയതോടെ പിണറായി സ്തുതിയുമായി നടേശഗുരു രംഗത്തുവന്നിരിക്കയാണ്.
പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ച വ്യക്തിയുമായി ലോഹ്യം കൂടുന്നതു അത്ര നല്ലതല്ല. സംഗതി ശരി. എന്നാല്‍ കേസില്‍നിന്നു തലയൂരാന്‍ നടേശഗുരുവിന് ഈ വഴി മാത്രമേയുള്ളൂ. ഭാരതീയക്കാര്‍ വിചാരിച്ചാല്‍ ഒന്നും കഴിയില്ല. സി.ബി.ഐയായിരുന്നേല്‍ നോക്കാമായിരുന്നു. ഇതിപ്പോള്‍ വിജിലന്‍സായിപ്പോയി. ഒപ്പംനില്‍ക്കുന്നവരിലും പാരയാണ്. സ്വന്തംപാര്‍ട്ടിയാകട്ടെ വലിയൊരു ബാധ്യതയായി. ആരൊക്കെയോ പറഞ്ഞു കൊതിപ്പിച്ച കേന്ദ്രമന്ത്രിസ്ഥാനം പോയിട്ടു രാജ്യസഭാ സീറ്റുപോലും കിട്ടിയില്ല. കാലക്കേടിനു തല മൊട്ടയടിച്ചപ്പോഴാണു കല്ലുമഴ പെയ്തത്. ജേക്കബും വിജിലന്‍സും..ഹോ.. കേസ് കൊടുത്ത അച്യുതകാരണവര്‍ക്കറിയോ അങ്ങാടി വ്യാപാരം..!!
വാലറ്റം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യസ്ഥാനക്കാരനും പേരില്‍ ഗോപാലകനുമായ പ്രയാര്‍ ദേശക്കാരന്‍ ആര്‍.എസ്.എസുകാരനാണോയെന്നാണു പലര്‍ക്കും സംശയം. വര്‍ഗീയവാദിയെപ്പോലെ അദ്ദേഹം സംസാരിക്കുന്നതായി ദേവസ്വം മന്ത്രികൂടി പറഞ്ഞപ്പോള്‍ സംശയം വ്യക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."