ജംറകളിലെ കല്ലേറിനും പ്രത്യേക സമയക്രമീകരണം
മക്ക: ജംറകളിലെ കല്ലേറു സമയത്തുണ്ടാകുന്ന തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി സമയം ക്രമീകരിച്ചു. പിശാചിന്റെ പ്രതീകമായ മൂന്നു ജംറകളിലെയും കല്ലേറിനാണ് പ്രത്യേക സമയം ക്രമീകരിച്ചത്.
കല്ലെറിയലിന്റെ ആദ്യദിനത്തില്‍ രാവിലെ ആറുമുതല്‍ 10:30 വരെയും രണ്ടാം ദിവസം ഉച്ചക്ക് രണ്ടുമുതല്‍ വൈകിട്ട് ആറുവരെയും മൂന്നാം ദിവസം രാവിലെ 10.30 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും കല്ലെറിയുന്നതിനായി ജംറകളിലേക്ക് തീര്‍ഥാടകര്‍ നീങ്ങാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് ഹജ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. കല്ലെറിയാന്‍ പോകുന്ന നടവഴികളിലെ ഒരു കിലോമീറ്റര്‍ സ്ഥലത്ത് മണിക്കൂറില്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന പരമാവധി ആളുകളുടെ എണ്ണം മൂന്നു ലക്ഷമാണ്.
ജംറകളിലേക്ക് പോക്കുവരവിനായി ഓരോ മുത്വവിഫുമാര്‍ക്കും പ്രത്യേക ട്രാക്കുകളും വഴികളും നിര്‍ണയിച്ചിട്ടുണ്ട്.
മന്ത്രാലയം സ്വീകരിച്ച മുന്‍കരുതല്‍ ഈ സമയത്തുണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ വേണ്ടിയാണെന്ന് ഹജ്ജ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല്‍ ശരീഫ് പറഞ്ഞു. ഹജ്ജിന്റെ മുന്നോടിയായുള്ള ത്വവാഫിന് പ്രത്യേക സമയവും അധികൃതര്‍ കഴിഞ്ഞ ദിവസം ക്രമീകരിച്ചിരുന്നു.
'ഹാജിമാര്‍ക്ക് സേവനം നമ്മുടെ
അഭിമാനം ' ഇ-കാംപയിനിന് തുടക്കമായി
മദീന: ഹാജിമാരുടെയും തീര്‍ഥാടകരുടെയും മനം കുളിര്‍ക്കുന്ന സേവനങ്ങള്‍ നല്‍കുന്നതിനായി ഹറം കാര്യാലയ വകുപ്പിന്റെ കാംപയിനിന് തുടക്കമായി. 'ഹാജിമാര്‍ക്ക് സേവനം നമ്മുടെ അഭിമാനം' എന്ന തലക്കെട്ടില്‍ അരങ്ങേറുന്ന കാംപയിനിന്റെ ഉദ്ഘാടനം മദീനയല്‍ ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാന്‍, ഇരു ഹറം കാര്യാലയ മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസിന്റെ മേല്‍നോട്ടത്തിലാണ് കാംപയിന്‍ നടക്കുന്നത്. ഇരുഹറമുകളിലുമെത്തുന്ന തീര്‍ഥാടകര്‍ക്ക് സുഖകരമായ സൗകര്യം ഒരുക്കുകയാണ് ക്യാംപയിന്റെ ലക്ഷ്യം.
ഇതോടൊപ്പം ഇരു ഹറം കാര്യ വകുപ്പും തീര്‍ഥാടകരും തമ്മില്‍ സംവദിക്കുന്ന സ്മാര്‍ട്ട് വര്‍ക്ക് ഷോപ്പിനും തുടക്കമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."