നടിയെ അക്രമിച്ച കേസ്: കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റുന്നതിനെതിരെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡീഷ്യല്‍ ഉത്തരവ് നിലനില്‍ക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു. വിചാരണ കോടതിയും കേസ് ഇന്ന് പരിഗണിക്കുന്നുണ്ട്.
നിലവില്‍ സി.ബി.ഐ കോടതിയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന്റെ മേല്‍നോട്ടത്തിലാണ് വിചാരണ. ജഡ്ജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥലം മാറിയപ്പോള്‍ കേസും മാറ്റുകയായിരുന്നു. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ.ബാലകൃഷ്ണനെ എറണാകുളത്തെ സി.ബി.ഐ സ്പെഷ്യല്‍ ജഡ്ജിയായി മാറ്റിയതിനെ തുടര്‍ന്നാണ് കോടതി മാറ്റം. അതിജീവിതയുടെ ആവശ്യപ്രകാരമാണ് കേസ് വിചാരണ വനിത ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തിയത്.
വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല. ഇതേ ആവശ്യവുമായി ജനനീതി സംഘടന സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണക്ക് കത്തു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."