അപൂര്‍വ നേട്ടവുമായി എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു
ഡോക്ടര്‍മാരെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്
കൊച്ചി • ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി അപൂര്‍വ നേട്ടവുമായി എറണാകുളം ജനറല്‍ ആശുപത്രി. ഹൃദയത്തിന്റെ അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങിയത് മൂലം മരണാസന്നനായ പെരുമ്പാവൂര്‍ സ്വദേശിയായ 69 കാരനാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്.
ശ്രീ ചിത്തിര ആശുപത്രിയുള്‍പ്പെടെ അപൂര്‍വം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ ടി.എ.വി.ആര്‍ ശസ്ത്രക്രിയ (ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റിപ്ലെയ്‌സ്‌മെന്റ്) ഇതുവരെ ലഭ്യമായിരുന്നുള്ളൂ. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തരത്തില്‍ നൂതന ചികിത്സാ രീതി അവലംബിക്കുന്നതെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എറണാകുളം പ്രൊജക്ട് മാനേജര്‍ ഡോ. സജിത്ത് ജോണ്‍ പറഞ്ഞു.
നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തക്കുഴലില്‍ വളരെ ചെറിയ മുറിവുണ്ടാക്കി അതിലൂടെ കത്തീറ്റര്‍ കടത്തിവിട്ടാണ് വാല്‍വ് മാറ്റിവക്കുന്നത്.
രോഗിയെ പൂര്‍ണമായും മയക്കാതെ ചെറിയ അളവില്‍ മാത്രം സെഡേഷന്‍ നല്‍കിയാണ് ഈ ഓപറേഷന്‍ പൂര്‍ത്തിയാക്കിയത്. കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ ചികിത്സ സുഗമമായി പൂര്‍ത്തിയാക്കാന്‍ സഹായകമായതെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ആശ കെ ജോണ്‍ പറഞ്ഞു. കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. ആശിഷ് കുമാര്‍, ഡോ. പോള്‍ തോമസ്, ഡോ. വിജോ ജോര്‍ജ്, ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. ജോര്‍ജ് വാളൂരാന്‍, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ജിയോ പോള്‍, ഡോ. ദിവ്യ ഗോപിനാഥ് എന്നിവര്‍ നേതൃത്വം കൊടുത്ത ശസ്ത്രക്രിയയില്‍ ഡോ. സ്റ്റാന്‍ലി ജോര്‍ജ്, ഡോ. ബിജുമോന്‍, ഡോ. ഗോപകുമാര്‍, ഡോ. ശ്രീജിത്ത് എന്നിവരും പങ്കെടുത്തു. ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."