റഷ്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്തുന്നു
മോസ്‌കോ • യൂറോപ്പിലേക്കുള്ള റഷ്യയിൽ നിന്നുള്ള പ്രകൃതി വാതക വിതരണം വീണ്ടും നിർത്തുന്നു. നോർഡ് സ്ട്രീം പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതി വാതക വിതരണമാണ് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ രണ്ട് വരെ നിർത്തിവയ്ക്കുക. അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണിതെന്നാണ് റഷ്യൻ ഊർജ കമ്പനി ഗാസ്‌പ്രോം അറിയിക്കുന്നത്. നേരത്തെയും വിതരണം നിർത്തിയിരുന്നു.
റഷ്യയും യൂറോപ്പും തമ്മിൽ അസ്വാരസ്യം തുടരുന്നതിനിടെയാണ് ഇടയ്ക്കിടെ ഗ്യാസ് വിതരണം നിലയ്ക്കുന്നത്. ആയിരം മണിക്കൂറിന്റെ അറ്റകുറ്റപ്പണി ആവശ്യമാണെന്ന് ഗാസ്‌പ്രോം കമ്പനി പറഞ്ഞു. ഗ്യാസ് വിതരണം തടസ്സപ്പെടുന്നതിന് കാരണക്കാർ യൂറോപ്പ് തന്നെയാണെന്ന് ഇറാൻ സന്ദർശനത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഗ്യാസ് വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു. 33 ദശലക്ഷം ക്യുബിക് മീറ്റർ ഗ്യാസാണ് ഈ പൈപ്പ് ലൈൻ വഴി പ്രതിദിനം യൂറോപ്പിലേക്ക് പോകുന്നത്. യൂറോപ്പിൽ ഇപ്പോൾ തന്നെ ഊർജപ്രതിസന്ധിയുണ്ടെന്നും ഊർജത്തെ ഉപയോഗിച്ച് റഷ്യ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും യൂറോപ്യൻ മാധ്യമങ്ങൾ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."