തെരുവുനായയുടെ കടിയേറ്റ് വീട്ടമ്മയുടെ മരണം; വാക്‌സിന്‍ എടുത്തിരുന്നുവെന്ന് ബന്ധുക്കള്‍
കോഴിക്കോട് • തെരുവുനായയുടെ കടിയേറ്റ് മരിച്ച പേരാമ്പ്ര കൂത്താളി സ്വദേശിനി പുതിയെടുത്ത് ചന്ദ്രിക (56) പേവിഷ ബാധക്കെതിരായ വാക്‌സിന്‍ എടുത്തിരുന്നതായി ബന്ധുക്കള്‍.
അവസാന ഡോസ് കുത്തിവയ്പ് എടുക്കും മുമ്പ് ചന്ദ്രികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്ന് മകന്‍ ജിതേഷ് പറഞ്ഞു. അതുവരെയുള്ള എല്ലാ കുത്തിവയ്പും എടുത്തതാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളെല്ലാം പാലിച്ചിരുന്നതായും ജിതേഷ് പറഞ്ഞു.
കഴിഞ്ഞ മാസം 21നാണ് ചന്ദ്രികയുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. തുടർന്ന് പേവിഷബാധക്കെതിരേ വാക്‌സൻ ഇടവേളകളില്‍ എടുക്കുന്നുണ്ടായിരുന്നു. എന്നാൽ
പത്ത് ദിവസം മുമ്പ് ഇവര്‍ക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു.
ചന്ദ്രികക്ക് ഒപ്പം മറ്റ് നാല് പേരെയും തെരുവ് നായ കടിച്ചിരുന്നുവെങ്കിലും ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇവരെ കടിച്ച നായക്ക് പേവിഷബാധയുണ്ടെന്ന് വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ചന്ദ്രികക്ക് പേവിഷബാധ ഉണ്ടായോ എന്നതില്‍ പരിശോധന ഫലങ്ങള്‍ വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് നായയുടെ കടിയേറ്റവരില്‍ വാക്‌സിനെടുത്തിട്ടും മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ വര്‍ഷം 18 പേരാണ് പേ വിഷബാധ മൂലം മരിച്ചത്. ചന്ദ്രികയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ്: കുമാരന്‍. മക്കള്‍: ജയേഷ്‌കുമാര്‍ (സി.പി.എം രണ്ടേ ആറ് ബ്രാഞ്ച് അംഗം), ജിതേഷ് (പൊലിസ് ഡോഗ് സ്‌ക്വാഡ്, പയ്യോളി), ജിനോയ് (സി.പി.ഒ, ചേവായൂര്‍ സ്റ്റേഷന്‍). മരുമക്കള്‍: ജിജി (കൂത്താളി), നിത്യ (കാവുന്തറ), ഇന്ദു (വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."