ഉണ്യാലിലെ ആക്രമണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത്
തിരൂര്‍: ഉണ്യാലില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ആക്രമണം നടത്തുന്ന ക്രിമിനലുകളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പുത്തന്‍പുരയില്‍ കോയയുടെ വീടിനു നേരെ അക്രമം നടത്തുന്ന ദൃശ്യങ്ങളാണു കഴിഞ്ഞ ദിവസം പുറത്തു വന്നത്. വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിലാണ് ഈ ദൃശ്യങ്ങളുള്ളത്. ഇന്നലെ രാവിലെ മുതല്‍ സോഷ്യല്‍മീഡിയയിലാണ് ഈ ദൃശ്യങ്ങള്‍ പ്രചരിച്ചുതുടങ്ങിയത്.
ഞായറാഴ്ച വൈകുന്നേരം ആറരയോടെ നടന്ന അക്രമ സംഭവങ്ങളാണു ദൃശ്യത്തിലുള്ളത്. വടിവാളുമായി വീടിനു നേരെ ഓടിവന്നു യുവാവു ജനല്‍ചില്ലുകള്‍ തല്ലിതകര്‍ക്കുന്നതാണു വീഡിയോയുടെ തുടക്കം. സംഭവം നടക്കുമ്പോള്‍ സമീപത്തെ വീട്ടിലായിരുന്ന ഗൃഹനാഥ ഓടിവന്ന് അക്രമികളെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പ്രതികള്‍ സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതും ജനലിനു നേരെ അക്രമി സംഘം വലിയ കല്ലുകൊണ്ട് എറിയുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കാമറ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു വാളുകൊണ്ടു നശിപ്പിക്കുന്നതും വീടിനു മുന്നില്‍ സ്ഥാപിച്ച രണ്ടു കാമറകളിലുമുണ്ട്.
വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പുത്തന്‍പുരയില്‍ അന്‍സാര്‍ ബാബുവിന്റെ ബൈക്ക് തള്ളിയിടുന്നതും കല്ലിട്ടു നശിപ്പിക്കുന്നതും കാമറയിലുണ്ട്. ഈ ബൈക്ക് പിന്നീടു തീ കൊളുത്തി അക്രമികള്‍ നശിപ്പിച്ചിരുന്നു. വീടിനു പിന്നിലെ വാതിലുകളും പൈപ്പും നശിപ്പിച്ചതുമായ ദൃശ്യങ്ങള്‍ കാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. രാത്രി ഏഴേകാല്‍ വരെയുള്ള ദൃശ്യങ്ങളാണു കാമറയിലുള്ളത്. സി.സി.ടി.വി ദൃശ്യങ്ങള്‍ വീട്ടുകാര്‍ പൊലിസിനും മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും കൈമാറി.
സി.സി.ടി.വി ദൃശ്യങ്ങളില്‍ ആക്രമകാരികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്നതു വ്യക്തമാണെന്നു മുസ്‌ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. കേസെടുത്ത് ഇവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു പൊലിസില്‍ ഉടന്‍ പരാതി നല്‍കുമെന്നും നേതൃത്വം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."