മുസ്‌ലിം മതസ്ഥാപനങ്ങളുടെ കണക്കെടുപ്പ് സർക്കുലർ പിൻവലിച്ചു
സ്വന്തം ലേഖകൻ
കൽപ്പറ്റ • വയനാട് ജില്ലയിലെ മുസ് ലിം മതസ്ഥാപനങ്ങളുടെ കണക്കെടുക്കണമെന്ന പഞ്ചായത്ത് അസി.ഡയരക്ടറുടെ സർക്കുലർ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. കഴിഞ്ഞ 19ന് ഇറക്കിയ അസാധാരണ സർക്കുലറാണ് ഇന്നലെ അസി. ഡയരക്ടർ തന്നെ പിൻവലിച്ചത്. സർക്കുലർ ഒരു സമുദായത്തെ ലക്ഷ്യം വച്ചുള്ള ഗൂഢതന്ത്രമാണെന്ന് 20നു സുപ്രഭാതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് സമസ്തയും പോഷക സംഘടനകളും മുസ് ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തി.
സർക്കുലറിന് കാരണമായ കത്ത് നൽകിയ വയനാട് ശിശുസംരക്ഷണ ഓഫിസറുടെ കാര്യാലയത്തിൽ പ്രതിഷേധം എത്തിയതോടെ സർക്കുലർ പ്രകാരമുള്ള കണക്കെടുപ്പ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. എങ്കിലും സർക്കുലർ പിൻവലിക്കാൻ അധികൃതർ തയാറായിരുന്നില്ല. നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണം. ഇക്കാര്യവും ഇന്നലെ സുപ്രഭാതം വാർത്തയാക്കി. ഇന്നലെ ഉച്ചയോടെയാണ് തുടർനടപടി തൽക്കാലം നടപ്പാക്കേണ്ടതില്ലെന്ന് പഞ്ചായത്ത് അസി. ഡയരക്ടർ പഞ്ചായത്ത് സെക്രട്ടറിമാർക്ക് പുതിയ സർക്കുലർ നൽകിയത്.
ജില്ലയിൽ മുസ് ലിം മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവയുടെ വിവരങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടുള്ള സർക്കുലർ റദ്ദ് ചെയ്യുകയാണെന്നാണ് പുതിയ സർക്കുലർ. സർക്കുലറിലൂടെ ഇസ് ലാം മതത്തെ സംശയനിഴലിൽ നിർത്തുകയാണ് ഉദ്യോഗസ്ഥരെന്ന ആക്ഷേപം ശക്തമായിരുന്നു.
സർക്കുലർ പിൻവലിക്കാതെ കണക്കെടുപ്പ് നിർത്തിവച്ചത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വയനാട് ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. ഇവർ പ്രത്യക്ഷസമരത്തിന് ഒരുങ്ങുന്നതിനിടെയാണ് സർക്കുലർ പിൻവലിച്ചത്.
വയനാട്ടിലെ മുസ് ലിം മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവയുടെ വിവരം ലഭ്യമാക്കണമെന്ന് പഞ്ചായത്ത് അസി. ഡയരക്ടറോട് ജില്ലാ ശിശുസംരക്ഷണ ഓഫിസർ ഈമാസം 10നാണ് നിർദേശിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന മുസ് ലിം മത വിദ്യാഭ്യാസ കേന്ദ്രങ്ങൾ, മതപഠനം നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയുടെ വിവരങ്ങൾ 20നുള്ളിൽ അറിയിക്കണമെന്ന് പഞ്ചായത്ത് അസി. ഡയരക്ടർ ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."