സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹരജിയില്‍ യു.പി സര്‍ക്കാറിന് നോട്ടിസ്; കേസ് സെപ്തംബര്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി: ഹാത്രസ് കൂട്ടബലാത്സംഗ കൊലക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ യു.പി പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹരജിയില്‍ യു.പി സര്‍ക്കാറിന് നോട്ടിസ്. ഹരജി സെപ്തംബര്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഹാത്രസ് ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലാണ് യു.പി പൊലിസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ച് 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു അറസ്റ്റ്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
പിന്നീട് കാപ്പനെതിരെ യു.എ.പി.എ ചുമത്തി. കാപ്പനും സഹയാത്രികരും വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം എന്നീ വകുപ്പുകളും യു.പി പൊലിസ് കാപ്പനെതിരെ ചുമത്തി.
'ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പോപുലര്‍ ഫ്രണ്ട് 45,000 നല്‍കിയെന്നാണ് ആരോപണങ്ങളുടെ കേന്ദ്രം. ഇതിനൊന്നും ഒരു തെളിവുമില്ല. ഒന്നുമില്ല. വെറും ആരോപണം മാത്രം' ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. കപില്‍ സിബല്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഒരു ഭീകര സംഘടനയല്ലെന്നും നിരോധിക്കപ്പെട്ട സംഘടനയല്ലെന്നും സിദ്ദീഖ് കാപ്പന്‍ ചൂണ്ടിക്കാട്ടി.
'ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. ഹാത്രസില്‍ റിപ്പോര്‍ട്ടിങ്ങിനായി പോവുകയായിരുന്നു. ഞാന്‍ പോപുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള ഒരു മാധ്യമത്തില്‍ ജോലിയ ചെയ്തിരുന്നു എന്നതാണ് ഇതിനെല്ലാം ഹേതു. ഞാന്‍ ഇപ്പോള്‍ അവിടെ ജോലി ചെയ്യുന്നില്ല' കാപ്പന്‍ കോടതിയില്‍ പറഞ്ഞു.
അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കാപ്പന്‍ സുപ്രിംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സിദ്ദീഖ് കാപ്പന്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. പലവട്ടം മാറ്റിവച്ച ശേഷമാണ് വാദം പൂര്‍ത്തിയായത്. കുറ്റപത്രവും ഹാജരാക്കിയ രേഖകളും പരിശോധിച്ചപ്പോള്‍, ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം, കാപ്പന്റെ ഹാത്രസിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 22 മാസമായി തടവിലാണ് സിദ്ദീഖ് കാപ്പന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."